
എലപ്പുള്ളി ∙ കാത്തിരിപ്പിനൊടുവിൽ കർഷകർക്ക് ആശ്വാസമായി വാളയാർ കനാൽ നവീകരണം പൂർത്തിയായി. മലമ്പുഴ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ വാളയാർ ഡാമിൽ നിന്നുള്ള വെള്ളം കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നത് വാളയാർ കനാൽ വഴിയാണ്.
അറ്റകുറ്റപ്പണി നടത്താതെ വർഷങ്ങളായി തകർന്നു കിടന്നിരുന്ന കനാൽ എ.പ്രഭാകരൻ എംഎൽഎയുടെ നിരന്തര ശ്രമഫലമായിട്ടാണു നവീകരണം നടത്തിയത്.
പുതുശ്ശേരി, എലപ്പുള്ളി, കൊടുമ്പ്, മരുതറോഡ് എന്നീ 4 പഞ്ചായത്തുകളുടെ കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ളം എത്തുന്നത് വാളയാർ കനാൽ വഴിയാണ്. 4 പഞ്ചായത്തുകളിലായി ആറായിരത്തോളം കർഷകരുടെ ഹെക്ടർ കണക്കിനു കൃഷിയിടങ്ങളിലേക്കാണ് കനാൽ വഴി ജലമെത്തുന്നത്.
ഇതു തകർന്നതോടെ പല പഞ്ചായത്തുകളിലും വാലറ്റ മേഖലയിൽ വെള്ളമെത്താതെ കൃഷി ഉണങ്ങുന്ന സ്ഥിതിയായിരുന്നു. നവീകരണം പൂർത്തിയായതോടെ ജലസേചനം കൂടുതൽ സുഗമമാക്കാനും കാർഷിക മേഖലയുടെ വികസനത്തിനു വേഗം നൽകാനും സാധിക്കുമെന്നാണു പ്രതീക്ഷ.
സംസ്ഥാന സർക്കാരിന്റെ 2021-22 വർഷത്തെ ബജറ്റിൽ അനുവദിച്ച 16 കോടി രൂപ ചെലവഴിച്ചാണു 12.36 കിലോമീറ്ററുള്ള വാളയാർ ജലസേചന പദ്ധതിയുടെ ഭാഗമായ കനാലിന്റെ നവീകരണം പൂർത്തീകരിച്ചത്.
അടുത്ത മാസം ഒന്നിനു എലപ്പുള്ളിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായുള്ള സംഘാടക സമിതി യോഗം എ.പ്രഭാകരൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു.
എലപ്പുള്ളി പഞ്ചായത്ത് അധ്യക്ഷ കെ.രേവതി ബാബു, മരുതറോഡ് പഞ്ചായത്ത് അധ്യക്ഷൻ പി.ഉണ്ണിക്കൃഷ്ണൻ, ഉപാധ്യക്ഷൻമാരായ എസ്.സുനിൽകുമാർ, എം.കെ.ശാന്ത, പാഡികോ ചെയർമാൻ കെ.സുരേഷ്കുമാർ, എലപ്പുള്ളി കൃഷി ഓഫിസർ ബി.എസ്.വിനോദ്കുമാർ, ജലസേചന വകുപ്പ് അസി.എക്സി എൻജിനീയർ വി.ആർ.അനീഷ്, പാടശേഖരസമിതി അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]