
കുളത്തൂപ്പുഴ∙ ഗ്രാമപ്പഞ്ചായത്തും ജല അതോറിറ്റിയും ജലനിധിയും കയ്യൊഴിഞ്ഞ തകർച്ചയിലായ ജലസംഭരണി വടക്കേ ചെറുകരയിലെ നാട്ടുകാരുടെ പേടിസ്വപ്നം. 10 വർഷമായി ഉപയോഗശൂന്യമായി തകർച്ചയിലായ ജലസംഭരണിയുടെ കോൺക്രീറ്റ് ഭാഗങ്ങൾ പാളികളായി അടർന്നിളകുന്നതാണു ചുറ്റുപാടും താമസിക്കുന്ന കുടുംബങ്ങളുടെ ഭയത്തിനു കാരണം.
പൊളിച്ചു നീക്കണമെന്ന ആവശ്യത്തിനു 10 വർഷം പഴക്കമുണ്ടെങ്കിലും ജലസംഭരണിയുടെ ചുറ്റുപാടുമുള്ള വീടുകൾകൾക്കു അപകടം സംഭവിക്കുമോയെന്ന ഭീതിയിൽ ലേലം ചെയ്തിട്ടും പൊളിക്കാനുള്ള കരാർ എടുക്കാനാളില്ല. ജല അതോറിറ്റി നടത്തിവന്ന ശുദ്ധജല പദ്ധതിയുടെ ജലസംഭരണി ജലനിധി പദ്ധതി വന്നതോടെ കൈമാറ്റം ചെയ്യാനായിരുന്നു തീരുമാനം.
ഇതേത്തുടർന്നു വടക്കേ ചെറുകര, കടമാൻകോട് ശുദ്ധജല വിതരണ പദ്ധതികൾ ജലനിധിക്കു കൈമാറിയിരുന്നു.
പദ്ധതിയുടെ തുടക്കത്തിൽ ഗുണഭോക്തൃ സമിതികളുടെ രൂപീകരണ യോഗത്തോടെ പദ്ധതി പൊളിഞ്ഞു. ജല അതോറിറ്റി സൗജന്യമായി വിതരണം ചെയ്തിരുന്ന ശുദ്ധജലത്തിന് പകരം വീടുകളിൽ പൈപ്പു സ്ഥാപിച്ചു വിതരണം ചെയ്യാനുള്ള ജലനിധി നീക്കത്തിനെതിരെ നാട്ടുകാർ രംഗത്തെത്തിയതായിരുന്നു തിരിച്ചടി. പൈപ്പുകളിലൂടെ ലഭ്യമാക്കുന്ന വെള്ളത്തിനു മാസവാടക നൽകണമെന്ന വ്യവസ്ഥയാണു വില്ലനായത്.
ജലനിധി കയ്യൊഴിഞ്ഞ പദ്ധതി ജല അതോറിറ്റി തിരിച്ചേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വിസമ്മതിച്ചതാണു ജലസംഭരണിയുടെ കാലക്കേടിനു കാരണം.
വേനലിൽ ജലക്ഷാമം രൂക്ഷമാകുന്ന മേഖലയിൽ ജൽജീവൻ പദ്ധതി മാത്രമാണ് ആശ്രയം. തകർച്ചയിലായ ജലസംഭരണി പൊളിച്ചു നീക്കാൻ പഞ്ചായത്തിന്റെ തനതു ഫണ്ടിൽ ഒരു ലക്ഷം രൂപയായി ഉയർത്തി വകയിരുത്തിയിട്ടുണ്ടെന്നും പ്രവർത്തി പരിചയമുള്ളവരെ കണ്ടെത്തി സുരക്ഷിതമായി പൊളിച്ചു നീക്കാനുള്ള നടപടികൾ തുടങ്ങിയതായും ഗ്രാമപ്പഞ്ചായത്തംഗം സെറീന ഷാനു പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]