
തൊടുപുഴ ∙ ഓണക്കാലത്ത് പുത്തൻ കോടിയണിഞ്ഞെത്തുന്ന കുട്ടികളെക്കാത്ത് പുത്തൻമോടിയിൽ നഗരസഭാ പാർക്ക്. കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ പുതിയ കളിയുപകരണങ്ങൾ ഇന്നലെ ഉച്ചയോടെ പാർക്കിലെത്തി.
ഓണം അവധി തുടങ്ങുന്നതിന് മുൻപായി ഇവ സ്ഥാപിക്കുമെന്നു നഗരസഭാ ചെയർമാൻ കെ.ദീപക് പറഞ്ഞു. സുരക്ഷിതമല്ലാത്ത റൈഡുകളിലിരുന്ന് കളിക്കുന്ന കുട്ടികളുടെ ബുദ്ധിമുട്ട് സംബന്ധിച്ച് ‘മലയാള മനോരമ’ നൽകിയ വാർത്തയെ തുടർന്നാണ് നടപടി.
പാതി തകർന്ന കളിയുപകരണങ്ങൾ വർഷങ്ങളായി പാർക്കിൽ എത്തുന്നവരുടെ പതിവ് കാഴ്ചയാണ്.
എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഊഞ്ഞാൽ, തുരുമ്പെടുത്ത മറ്റു റൈഡുകൾ എന്നിവയിലിരുന്നാണ് കുട്ടികൾ കളിക്കുന്നത്. കുട്ടികളോടൊപ്പം വരുന്ന രക്ഷിതാക്കൾക്ക് ഇരിക്കാൻ നേരെചൊവ്വെ ഒരു ഇരിപ്പിടം പോലും ഇവിടെയില്ല.
കാലൊടിഞ്ഞ ഇരിപ്പിടങ്ങൾ കാരണം ആളുകൾ തറയിലും മറ്റുമാണ് ഇരിക്കുന്നത്. ഉപയോഗശൂന്യമായ ഇരിപ്പിടങ്ങളും കളിയുപകരണങ്ങളും മാറ്റി സ്ഥാപിക്കുമെന്ന് ഓരോ ഭരണസമിതിയും പറയുമെങ്കിലും നടപ്പായത് ഇപ്പോഴാണ്.
പാർക്ക് നവീകരണത്തിന്റെ ഭാഗമായി 12 ലക്ഷം രൂപയുടെ പുതിയ കളിയുപകരണങ്ങളാണ് വാങ്ങുന്നത്. ഒന്നാംഘട്ട
സാമഗ്രികളാണ് ഇപ്പോൾ എത്തിയത്. മഴക്കാലത്ത് സുരക്ഷാഭീഷണിയെ തുടർന്ന് അടച്ചുപൂട്ടിയ പാർക്ക് തുറന്നെങ്കിലും കളിയുപകരണങ്ങൾ മാറ്റി സ്ഥാപിക്കാൻ കഴിഞ്ഞില്ല.
വോട്ടർ പട്ടിക പേര് ചേർക്കലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തിരക്കിലായതിനാൽ നടപടികൾ ഇഴഞ്ഞു.
അതേസമയം പാർക്കിനുള്ളിലെ അപകടകരമായ രീതിയിൽ നിന്നിരുന്ന മരങ്ങളെല്ലാം മുറിച്ചു മാറ്റിയതോടെ നിലവിൽ സുരക്ഷിതമായ അന്തരീക്ഷമാണ്. മാത്രമല്ല പാർക്കിലെ കുളത്തിനു ചുറ്റിനുമുള്ള സ്റ്റീൽ വേലി മരം വീണ് തകർന്നതും ശരിയാക്കി.
ഇനി പുതിയ കളിയുപകരണങ്ങൾ കൂടി സ്ഥാപിക്കുന്നതോടെ ഓണം കുട്ടികൾക്ക് ആഘോഷമാക്കാം. അതേസമയം നവീകരണത്തിന്റെ ഭാഗമായി മറ്റു പ്രവർത്തന നടപടികളും പുരോഗമിക്കുകയാണെന്ന് ചെയർമാൻ പറഞ്ഞു. വൈകാതെ അതുകൂടി പൂർത്തിയാകുന്നതോടെ പാർക്ക് ‘ഡബിൾ ഓകെ’ ആകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]