
പാലക്കുന്ന്∙ ആൾത്താമസമില്ലാത്ത വീടിനോടു ചേർന്നുള്ള അടച്ചിട്ട കെട്ടിടത്തിൽ നിന്ന് കഴിഞ്ഞ 18നു രാത്രി പൊലീസ് കണ്ടെത്തിയ വാളുകളും തോക്കുകളും പുരാവസ്തു ശേഖരമാണെന്നു പ്രാഥമിക നിഗമനം.
ബേക്കൽ പൊലീസ് സ്റ്റേഷനു സമീപത്തെ പ്രവാസി വ്യവസായിയായിരുന്ന പരേതനായ മുഹമ്മദ് കുഞ്ഞിയുടെ വീടിനു സമീപത്താണ് കെട്ടിടം.
കേന്ദ്ര പുരാവസ്തു വകുപ്പിന്റെ തൃശൂർ ഓഫിസിൽ നിന്നുള്ള വിദഗ്ധസംഘം നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇവ പുരാവസ്തു ശേഖരമാണെന്നു പരിശോധനാ സംഘം ബന്ധപ്പെട്ടവർക്കു സൂചന നൽകിയത്. എന്നാൽ ഇതിന്റെ കാലപ്പഴക്കവും മറ്റു വിവരങ്ങളും അറിയുന്നതിനായി വിശദമായ പരിശോധന നടത്തേണ്ടിവരുമെന്ന് അധികൃതർ സൂചിപ്പിച്ചു.
പുരാവസ്തുക്കളെന്ന് തോന്നിപ്പിക്കുന്ന സംഗീത ഉപകരണങ്ങൾ, പാത്രങ്ങൾ, ഭരണികൾ വിവിധ തരം കുപ്പികൾ, പഴയകാലത്തെ ഫോൺ, ത്രാസ്, കളിപ്പാട്ടങ്ങൾ, വിദേശ നിർമിത ചിത്രങ്ങൾ തുടങ്ങി ഒട്ടേറെ വസ്തുക്കൾ ഈ കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെ വിശദമായ പരിശോധന പിന്നീട് നടക്കുമെന്നും അധികൃതർ പറഞ്ഞു.
പുരാവസ്തുക്കളെന്നു തോന്നിപ്പിക്കുന്ന സാധനങ്ങൾ സൂക്ഷിക്കുന്നതിനായി മുഹമ്മദ് കുഞ്ഞിയുടെ വീട്ടുവളപ്പിൽ നിർമിച്ച കോൺക്രീറ്റ് കെട്ടിടത്തിലെ ഒരു മുറിയിൽ തന്നെ രണ്ട് തട്ടാക്കി തിരിച്ചാണ് വസ്തുക്കൾ ശേഖരിച്ചിരിക്കുന്നത്.പുരാവസ്തുക്കളെന്ന് സംശയിക്കുന്ന 8 വാളുകളും 3 തോക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജഭരണ കാലത്തേതെന്ന് തോന്നിപ്പിക്കുന്ന ആയുധങ്ങളായിരുന്നു കസ്റ്റഡിയിലെടുത്തതിലേറെയും.
എഎസ്ഐ തൃശൂർ ആസ്ഥാനത്തെ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് വിജയകുമാർ എസ്.നായർ, ഗംഗാദേവി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്.ഡിവൈഎസ്പി സിബി തോമസ്, ഇൻസ്പെക്ടർ പി.പ്രമോദ്, ബേക്കൽ ഇൻസ്പെക്ടർ എം.വി.ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പരിശോധനാ സംഘത്തിന്റെ കൂടെയുണ്ടായിരുന്നു. ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത തോക്കും വാളും സംഘം പരിശോധിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]