
മാനന്തവാടി ∙ കണ്ണൂർ– വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ പാൽച്ചുരം–ബോയ്സ് ടൗൺ റോഡിലെ കുഴികൾ അപകട ഭീഷണി ഉയർത്തുന്നു.
കടുത്ത കോടയും മഴയും ഉള്ളപ്പോൾ റോഡിലെ വലിയ കുഴികൾ പോലും ഡ്രൈവർമാർക്ക് കാണാൻ പറ്റാത്ത അവസ്ഥയാണ്. ഒരു ഭാഗം കുത്തനെയുള്ള മലനിരകളും മറുഭാഗം കിഴക്കാംതൂക്കായ കൊക്കയും നിറഞ്ഞ പാൽച്ചുരം പാതയിൽ പൊതുവേ അപകടങ്ങൾ ഏറെയാണ്.
അതിന് പുറമേയാണ് ഈ മഴക്കാലത്ത് ചുരത്തിലെ മുടിപ്പിൻ വളവുകളിൽ അടക്കം വലിയ കുഴികൾ രൂപപ്പെട്ടത്. പലയിടത്തും ടാറിങ് തകർന്നു.
കൈവരികൾ പോലും നശിച്ച നിലയിലാണ്. ചുരത്തിൽ പലയിടത്തും പാകിയ ഇന്റർലോക്ക് ഇളകിയിട്ടുണ്ട്. ടാറിങ് തകർന്നിടങ്ങളിൽ വലിയ കല്ലും മറ്റും ഇട്ടാണ് നാട്ടുകാർ തന്നെ വലിയ കുഴികൾ താൽക്കാലികമായി അടച്ചത്.
ഓടകൾ ഇല്ലാത്തിടങ്ങളിൽ മഴവെള്ളം കുത്തി ഒഴുകി ടാറിങ്ങിനോട് ചേർന്നുള്ള മണ്ണ് ഒലിച്ചു പോയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
വളവിലും മറ്റും ഇത്തരം കുഴികളിൽ വാഹനങ്ങൾ വീണ് അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. കഴിഞ്ഞ മാസം മണ്ണിടിച്ചിൽ ഉണ്ടായി റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു.
ഈ ഭാഗത്തെ മണ്ണും കല്ലും ഇനിയും പൂർണമായി നീക്കം ചെയ്തിട്ടില്ല. അതിനാൽ വെള്ളം ഒഴുകുന്നതിനും തടസ്സം ഉണ്ടാകുന്നുണ്ട്.
ചെകുത്താൻ തോടിന് സമീപം വീതി കുറഞ്ഞ ഭാഗത്തെ സുരക്ഷാ വേലിയും തകർന്ന നിലയിലാണ്. വേലിയിൽ ഉള്ള ഇരുമ്പ് പൈപ്പുകൾ ഇളകി പോയിട്ടുണ്ട്.
കഴിഞ്ഞ നവംബറിലാണ് ഈ റോഡിൽ അവസാനമായി അറ്റകുറ്റപ്പണികൾ നടത്തിയത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വയനാട്ടിലേക്കു നിർമിക്കുന്ന 4 വരി പാതയുടെയും മലയോര ഹൈവേയുടെയും ഭാഗമാണ് ബോയ്സ് ടൗൺ റോഡ്. കണ്ണൂർ ജില്ലയിലെ അമ്പായത്തോട് മുതൽ ചുരത്തിലെ ദുർഘട
പ്രദേശം വരെ വിമാനത്താവള പാത 2വരിയായി നിർമിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. മലയോര ഹൈവേയും ഭാഗമായി 12 മീറ്ററാണ് ഇവിടെയും വീതി തീരുമാനിച്ചിട്ടുള്ളത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ചുരം മേഖലയിൽ 12 മീറ്റർ ലഭ്യമാകില്ല. അവിടെ ലഭ്യമാകുന്ന പരമാവധി വീതിയിൽ നിർമാണം നടത്താനാണ് തീരുമാനം.
6.45 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ റോഡിന്റെ നവീകരണത്തിനായി 41.44 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് റോഡ് ഫണ്ട് ബോർഡ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]