
കാസർകോട്∙ ദേശീയപാത വികസനത്തിൽ സർവീസ് റോഡിലെ കുരുക്കിൽ ആശങ്ക ഒഴിയാതെ ജനം. ദേശീയപാത അതോറിറ്റി പ്രധാനപാതയുടെ ഇരുഭാഗങ്ങളിലും വെള്ള വര വരച്ച് രണ്ടുവരി പാതയാണു സർവീസ് റോഡ് എന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും ഒരു വരി പാതയിൽ തന്നെ വാഹനങ്ങൾ കഷ്ടിച്ചു കടന്നുപോകാൻ വൻ കുരുക്ക് അനുഭവപ്പെടുന്നു.വൻമതിൽ ഉയർത്തിയതുൾപ്പെടെ നിർമിച്ച പ്രധാനപാതയുടെ ഇരുഭാഗങ്ങളിലും സർവീസ് റോഡിന് നിജപ്പെടുത്തിയ വീതി 6.25 മീറ്റർ.
ടൂ വേ സൗകര്യത്തിന് ചുരുങ്ങിയത് 7.5 മീറ്റർ വീതിയാണ് സ്റ്റാൻഡേർഡ് നിലവാരം. എന്നാൽ കാസർകോട് പലയിടങ്ങളിലും 6.25 മീറ്റർ തന്നെ സർവീസ് റോഡിന് ഇല്ല.
പലയിടങ്ങളിലും കാൽനട യാത്രാസൗകര്യമില്ല.ഓവുചാൽ കൂടി ചേർത്താണ് ഇപ്പോൾ നിലവിൽ വെള്ളവര വരച്ച് ഇരട്ട
വരിപ്പാത എന്നടയാളപ്പെടുത്തിയ സർവീസ് റോഡ്.
പ്രധാനപാതയും സർവീസ് റോഡും തുറന്നു ഗതാഗതം ആരംഭിച്ചപ്പോൾ കുരുക്കിട്ട പാത തന്നെയായി സർവീസ് റോഡ്.ദേശീയപാത വികസന പദ്ധതിയിൽ 1.20 മീറ്റർ ആയിരുന്നു ഡ്രെയ്നേജ് സ്ഥലം നിജപ്പെടുത്തിയത്.
ഡ്രെയ്നേജ് കൂടി സർവീസ് റോഡിന്റെ ഭാഗമായി. വാഹനങ്ങൾ ഡ്രെയ്നേജ് കയറി പോകുന്നു.
കിട്ടിയ സ്ഥലത്ത് ഉള്ള സൗകര്യത്തിൽ സർവീസ് റോഡ് ചെയ്തിട്ടുണ്ട് എന്ന നിലപാടിലാണ് അധികൃതർ.
4 മീറ്റർ വീതി; ടൂ വേ
കാസർകോട് പുതിയ ബസ് സ്റ്റാൻഡിനും നുള്ളിപ്പാടിക്കും ഇടയിൽ ഫ്ലൈഓവർ അടിപ്പാത കഴിഞ്ഞ് 50 മീറ്ററോളം ദൂരത്തിൽ സർവീസ് റോഡിന് ആകെ നിലവിലുള്ള വീതി 4 മീറ്റർ. ഇതിലെ എങ്ങനെ അങ്ങോട്ടുമിങ്ങോട്ടും വാഹനം കടന്നുപോകുമെന്ന ചോദ്യത്തിന് അതെല്ലാം ശരിയാകും എന്നു പറഞ്ഞൊഴിയുകയാണ് നിർമാണച്ചുമതല വഹിക്കുന്നവർ.
കാസർകോട് നിന്ന് ഈ വഴി വിദ്യാനഗർ ഭാഗത്തേക്ക് പോകുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്ക് അരിക് നൽകാൻ കഴിയാത്ത വിധം കുരുക്കാണ്.
വിവിധ സ്ഥാപനങ്ങളിൽ നിന്നും മറ്റുമായി സർവീസ് റോഡിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്യുന്ന വാഹനങ്ങളും പാതയോരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളും പ്രധാന തടസ്സമാണ്. കരുതലോടെ എടുത്തില്ലെങ്കിൽ അപകടം ഉറപ്പാണ്.
ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, കാർ, ലോറി, ബസ് തുടങ്ങിയ വാഹനങ്ങളുടെ നീണ്ട നിരയ്ക്കിടയിൽ കാൽനടയാത്രക്കാർക്ക് സുഗമമായി പോകാനും കുറുകെ കടക്കാനും കഴിയാത്ത സ്ഥിതിയാണ്.
ഒരു ബസോ ലോറിയോ ഉണ്ടെങ്കിൽ മറ്റൊരു വാഹനത്തിന് ഇതിനെ മറികടന്നു പോകാൻ കഴിയില്ല.
ആവശ്യത്തിനു സ്ഥലം ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതെ എന്തിനീ കുരുക്ക് ഉണ്ടാക്കി എന്നാണ് സമീപവാസികളുടെ ചോദ്യം. അതിനിടെ കാൽനടപ്പാതയും വൈദ്യുത തൂണും ഒഴിവാക്കി ഈ സ്ഥലം കൂടി റോഡിലേക്ക് ചേർത്ത് വീതി കൂട്ടാനുള്ള നീക്കം നടന്നുവരുന്നു.
അപ്പോൾ വീതി 5 മീറ്ററാകും. കാൽനട
സൗകര്യം നിഷേധിച്ച് സർവീസ് റോഡ് വീതി കൂട്ടിയാലും ഇരുവരിപ്പാതയിൽ കുരുക്ക് ഒഴിയില്ല.
ഇടറോഡിലേക്ക് കയറുമ്പോൾ
കാസർകോട് – വിദ്യാനഗർ ദേശീയപാത സർവീസ് റോഡിൽ നുള്ളിപ്പാടിയിൽ നിന്നു കോട്ടക്കണി, പാറക്കട്ട ഭാഗങ്ങളിലേക്കു പോകുന്ന പിഎംഎസ് റോഡിലേക്ക് ഒരു വാഹനം കയറുകയും തിരിച്ചിറങ്ങുകയും ചെയ്യുമ്പോഴും സർവീസ് റോഡിൽ വാഹനങ്ങൾ കുരുക്കിലാകും.
സുരക്ഷിതമായ ഗതാഗത സൗകര്യമില്ല.
ഇവിടെ ഡ്രെയ്നേജുൾപ്പെടെ സർവീസ് റോഡിനു പരമാവധി വീതി നാലര മീറ്റർ.
ഇവിടെ പിഎംഎസ് റോഡ് ഭാഗത്ത് റോഡിലേക്ക് കടക്കാനും സർവീസ് റോഡിലേക്ക് വാഹനം ഇറക്കാനും സൗകര്യത്തിന് 2 മീറ്റർ കൂടി വീതി കൂട്ടണം.പരിഹാരം ആവശ്യപ്പെട്ട് നുള്ളിപ്പാടി പിഎംഎസ് റോഡ് നേതാജി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ദേശീയപാത എൽഎ എൻഎച്ച് സ്പെഷൽ ഡപ്യൂട്ടി കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. സ്പെഷൽ ഡപ്യൂട്ടി കലക്ടർ ഇക്കാര്യം ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ, യു എൽ സിഎസ് പ്രോജക്ട് മാനേജർ എന്നിവരെ അറിയിച്ചിട്ടുണ്ട്.
അടിപ്പാതയുള്ള ഇടങ്ങളിലും
അണങ്കൂർ, വിദ്യാനഗർ, ബിസി റോഡ് ഭാഗങ്ങളിൽ അടിപ്പാത ഉള്ള ഇടങ്ങളിലും സർവീസ് റോഡിൽ കുരുക്ക് തന്നെ. അടിപ്പാത വഴിയും മറുഭാഗത്തു നിന്നും സർവീസ് റോഡിലേക്കും അടിപ്പാതയിലേക്കും കടക്കുമ്പോൾ സർവീസ് റോഡിൽ വാഹനങ്ങൾ അത്രയും നേരം നിർത്തിയിടേണ്ടി വരുന്നതോടെ നീണ്ട
നിര തന്നെ കാണാം.
റോഡ് കടക്കാൻ കാൽനടയാത്രികരും ഏറെ കഷ്ടപ്പെടുന്നു. ഒരു ബസിനും ഒരു കാറിനും ചേർന്നു പോകാനുള്ള വീതി മാത്രമാണ് സർവീസ് റോഡിന്.
കാൽനട യാത്രികർക്കും വാഹനങ്ങൾക്കും ഈ വഴി പോകാൻ വലിയ കരുതൽ വേണം.
ബസ് ബേ
സർവീസ് റോഡിലൂടെ വരുന്ന ബസിനു യാത്രക്കാരെ ഇറക്കാനും കയറ്റാനും റോഡിൽ നിന്നു വിട്ടുള്ള ബസ് ബേ ഇല്ല.
ഇതു കാരണം യാത്രക്കാരെ ഇറക്കിയും കയറ്റിയും കഴിയുന്നത് വരെ പിറകിലുള്ള വാഹനങ്ങൾ ക്യൂവിൽ തന്നെയാകും. നേരത്തെ പലയിടത്തും ഉണ്ടായിരുന്ന ബസ് ബേ സൗകര്യമാണ് ദേശീയപാത വികസനത്തോടെ ഇല്ലാതായത്.
കാൽനടക്കാർക്കും ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നവർക്കും ഇടുങ്ങിയ സർവീസ് റോഡ് ദുരിതവും അപകട
ഭീഷണിയും ആണ്. വിദ്യാനഗർ – കാസർകോട് റൂട്ടിൽ അണങ്കൂർ ജംക്ഷനിൽ ബസ് ബേ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം ഉണ്ടായിട്ടും ആവശ്യം ഉന്നയിച്ചിട്ടും അതിനു തയാറായില്ല. അടിപ്പാത ഉൾപ്പെടെയുണ്ടെങ്കിലും ഇവിടെയും കുരുക്ക് തന്നെ.
ടൂ വേ
ദേശീയപാത വികസനം പൂർത്തിയായ തലപ്പാടി – ചെങ്കള റീച്ചിൽ പ്രധാന പാതയുടെ ഇരുഭാഗത്തും സർവീസ് റോഡ് ടൂ വേ എന്നു അധികൃതർ പറയുമ്പോഴും വൺവേ ആയാണ് ഏറെ പേരും ഉപയോഗിക്കുന്നത് (തലപ്പാടി നിന്നു ചെങ്കള ഭാഗത്തേക്കും ചെങ്കള ഭാഗത്തു നിന്നു തലപ്പാടി ഭാഗത്തേക്കും).
ആവശ്യമായ വീതി ഇല്ലാത്തതും അപകട ഭീഷണിയും തന്നെ കാരണം.
സർവീസ് റോഡിൽ വെള്ള വര വരച്ച് രണ്ടു വരി അടയാളപ്പെടുത്തിയിട്ടുണ്ട് കരാർ കമ്പനി.
ക്യാമറ നിരീക്ഷണം
പ്രധാന പാതയിലും സർവീസ് റോഡിലും ഓടുന്ന വാഹനങ്ങൾ, ഇവയുടെ വേഗം, അപകടങ്ങൾ എന്നിവയുൾപ്പെടെ നിരീക്ഷിക്കാനും പകർത്താനും കഴിയുന്ന ക്യാമറ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.
വാഹനങ്ങൾക്ക് പിഴ
സർവീസ് റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പൊലീസ് പിഴ ഈടാക്കാൻ തുടങ്ങി. ചുരുങ്ങിയത് 250 രൂപ പിഴ.
പൊതുവേ ഇടുങ്ങിയ റോഡ്. അതിനിടെയാണ് ഡ്രെയ്നേജ് അടക്കമുള്ള സർവീസ് റോഡിൽ വാഹനങ്ങൾ കയറ്റി വയ്ക്കേണ്ടി വരുന്നത്.
പ്രത്യേകം പാർക്കിങ് സ്ഥലം ഇല്ലാത്ത ഇടങ്ങളിലാണ് സർവീസ് റോഡിലെ പാർക്കിങ് ശിക്ഷയായി പിഴ വരുന്നത്.
നിലവിൽ രണ്ടു വരി സർവീസ് പാത എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടത് അതത് പ്രാദേശിക തലങ്ങളിൽ ആർടിഒ തുടങ്ങിയ ഭരണ സംവിധാനങ്ങളാണെന്നാണ് നിർമാണ കരാർ കമ്പനി അധികൃതർ പറയുന്നത്. ദേശീയപാത അതോറിറ്റി നിർദേശപ്രകാരം അനുവദിച്ചുകിട്ടിയ സ്ഥലത്ത് രണ്ടുവരി സർവീസ് റോഡ് നിർമിച്ചു നൽകുന്നതിനുള്ള ഉത്തരവാദിത്തമാണ് തങ്ങൾക്കുള്ളതെന്ന് അവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]