
പാലക്കാട് ∙ കഴിഞ്ഞ ദിവസം കുത്തനൂർ പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനത്തോടനുബന്ധിച്ചു വകുപ്പു മന്ത്രി എം.ബി.രാജേഷിനു സംഘാടകർ പ്ലാസ്റ്റിക് ഉള്ള ബൊക്കെ നൽകിയത് വിവാദമായി. മുൻമന്ത്രി എ.കെ.ബാലന്റെ കാലഘട്ടത്തിലാണ് 55 ലക്ഷം ആസ്തി വികസന ഫണ്ട് കെട്ടിടനിർമാണത്തിന് അനുവദിച്ചത്.
സംഘാടകസമിതി ചെയർമാൻ എൽഡിഎഫിലെ പി.പി.സുമോദ് എംഎൽഎയാണ്. പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസും.
മന്ത്രി തുറന്നുവിട്ട വിവാദം ആരുടെ മേലാണ് പതിക്കുന്നത് എന്നതാണു പ്രശ്നം.
പി.പി.സുമോദിനു നേരെയാണോ പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസിനു നേരെയാണോ വിമർശനം എന്നു ചർച്ചയുയരുന്നു.
ചടങ്ങിൽ പങ്കെടുത്ത എ.കെ.ബാലൻ, പി.പി.സുമോദ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ടി.കെ.ദേവദാസ്, ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്കാട് എന്നിവർ പ്ലാസ്റ്റിക് പൊതിഞ്ഞ ബൊക്കെ സ്വീകരിക്കുകയും ചെയ്തിരുന്നു. മന്ത്രി നിരസിക്കുകയും പരിപാടിയിൽ തുറന്നടിക്കുകയും ചെയ്തതിൽ എൽഡിഎഫ് അംഗങ്ങൾക്കിടയിലും നീരസമുണ്ട്.
‘പ്ലാസ്റ്റിക് ആവരണം ശ്രദ്ധയിൽ പെട്ടിരുന്നില്ല’
കഴിഞ്ഞ ദിവസം കുത്തനൂർ പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.ബി.രാജേഷിനു നൽകിയത് പാലക്കാട്ടെ പൂ മാർക്കറ്റിൽ നിന്നു കൊണ്ടുവന്ന ബൊക്കെയാണെന്നും വേദിയിൽ വച്ചാണ് പുറത്തെടുത്തത് എന്നതിനാൽ പ്ലാസ്റ്റിക് ആവരണം ഉണ്ടായിരുന്നത് നേരത്തേ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും കുത്തനൂർ പഞ്ചായത്ത് അധ്യക്ഷൻ പി.ടി.സഹദേവൻ.
അഞ്ചു ബൊക്കെകളാണ് ഏർപ്പാടു ചെയ്തിരുന്നത്. പെട്ടിയിൽ പായ്ക്ക് ചെയ്താണു കൊണ്ടുവന്നത്.
മന്ത്രി വന്ന ശേഷമാണു പെട്ടി തുറന്നത്. പൂ കൊഴിഞ്ഞു പോകാതിരിക്കാനും റോസാപ്പൂ കൊമ്പിന്റെ മുള്ളു കയ്യിൽ തട്ടാതിരിക്കാനും പ്ലാസ്റ്റിക് ആവരണമുണ്ടായിരുന്നു.
തിരക്കിനിടയിൽ അതു മാറ്റാൻ കഴിയാഞ്ഞതു വീഴ്ചയായി.
മന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ ഇത്തരം പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്നു പറഞ്ഞത് തമാശരൂപത്തിലാണ്. ആവർത്തിക്കരുതെന്നു പറഞ്ഞാണു പ്രസംഗം അവസാനിപ്പിച്ചത്.
സംഭവം വിവാദമാക്കിയതിനു പിന്നിൽ പരിപാടിയെ താറടിച്ചു കാണിക്കാനുള്ള ചിലരുടെ ശ്രമമാണെന്നു സംശയിക്കുന്നതായും സഹദേവൻ പറഞ്ഞു.
തദ്ദേശ വകുപ്പ് ഇറക്കുന്ന ഉത്തരവുകൾ പഠിക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്നും ഹരിത പ്രോട്ടോക്കോൾ പ്രകാരം നിരോധിച്ച പ്ലാസ്റ്റിക് ഉള്ള ബൊക്കെ ഉപയോഗിച്ചതിന് 10,000 രൂപ പിഴ ഈടാക്കാമെന്നും മന്ത്രി എം.ബി.രാജേഷ് കുത്തനൂർ പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടന സമയത്തു പറഞ്ഞിരുന്നു. നിയമം നടപ്പിലാക്കേണ്ട
പഞ്ചായത്ത് വകുപ്പു മന്ത്രിക്ക് തന്നെ ഇത്തരം ബൊക്കെ നൽകിയതിനെയും രാജേഷ് വിമർശിച്ചു. പൊതുപരിപാടികളിൽ വിശിഷ്ട
വ്യക്തികൾക്ക് ബുക്കുകളോ ബഡ്സ് സ്കൂളിലെ വിദ്യാർഥികൾ ഉണ്ടാക്കിയ ഉൽപന്നങ്ങളോ ആണു കൊടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]