
കൽപറ്റ∙ മണ്ണിടിച്ചിലിനെ തുടർന്നു രൂപപ്പെട്ട ഗതാഗതക്കുരുക്കിൽ ചുരത്തിൽ കുടുങ്ങി യാത്രക്കാർ.
കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്കുള്ള രോഗികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഓണക്കാലമായതോടെ കുറച്ചു ദിവസങ്ങളായി ചുരം റോഡിൽ വാഹനത്തിരക്ക് കൂടുതലായിരുന്നു.
ഗതാഗതം പൂർണമായും മുടങ്ങിയതോടെ ചുരത്തിന് താഴെ ഇൗങ്ങാപ്പുഴ വരെയും ചുരത്തിനു മുകളിൽ വൈത്തിരി വരെയും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുക്കണക്കിന് യാത്രക്കാർ കുടിവെള്ളം പോലും കിട്ടാതെ ചുരത്തിൽ കുടുങ്ങി.
രാത്രിയായതിനാൽ വന്യമൃഗങ്ങൾ എത്തുമോയെന്ന ആശങ്കയുമുണ്ടായിരുന്നു.
ബസുകളിൽ കുടുങ്ങിയ യാത്രക്കാരിൽ പലരും കാൽനടയായാണു ലക്കിടി ഭാഗത്തേക്ക് എത്തിയത്. ടി.സിദ്ദീഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കലക്ടർ ഡി.ആർ.മേഘശ്രീ തുടങ്ങിയവർ സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി ഏകോപിപ്പിച്ചു. 2 മണ്ണുമാന്തി യന്ത്രങ്ങൾ, 6 ട്രാക്ടറുകൾ എന്നിവ എത്തിച്ചാണു മണ്ണും കല്ലുകളും നീക്കാൻ ശ്രമം തുടങ്ങിയത്.
റോഡിലേക്കു വീണ പാറകൾ പൊട്ടിക്കാനായി ക്വാറികളിൽ നിന്ന് ഉപകരണങ്ങളും സ്ഥലത്തെത്തിച്ചു.
പാറക്കൂട്ടങ്ങളും മണ്ണും നീക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും തുടരുകയാണ്. രാത്രി ഒൻപതരയോടെ, മണ്ണ് നീക്കിയ ഭാഗത്തു കൂടി വൺവേയായി വാഹനങ്ങൾ കടത്തിവിട്ടു.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വനംവകുപ്പ് സംഘം രാത്രി പരിശോധന നടത്തി. ഇന്ന് രാവിലെ വിശദ പരിശോധനയ്ക്കു ശേഷമേ ഇതുവഴിയുള്ള ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കൂ.
മണ്ണിടിച്ചിലിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നും ഇന്ന് വ്യക്തമാകും.
ആളപായം ഒഴിവായത് തലനാരിഴയ്ക്ക്
കൽപറ്റ ∙ ഇന്നലെ രാത്രി 7.15 ന് ഉണ്ടായ മണ്ണിടിച്ചിലിൽ നിന്നു യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുഴഞ്ഞ്, ശക്തി കുറഞ്ഞ മണ്ണാണ് ചുരത്തിലേത്.
ചെറിയ മഴ പെയ്താൽ പോലും മണ്ണിടിച്ചിലുണ്ടാകുന്നതിന് പ്രധാന കാരണവും ഇതാണ്. ഭാര വാഹനങ്ങൾ കടന്നുപോകുമ്പോൾ ചുരത്തെ താങ്ങിനിർത്തുന്ന കുന്നുകൾക്കും പാറക്കൂട്ടങ്ങൾക്കും ഉണ്ടാകുന്ന ബലക്ഷയം ചെറുതല്ല. മഴക്കാലത്തു മലവെള്ളം കുത്തിയൊലിച്ചു വരുന്നതിനാൽ പാറക്കൂട്ടങ്ങൾ അടർന്നു വീഴുന്നതും പതിവാണ്. ചുരത്തിലെ ചെറു വെള്ളച്ചാട്ടങ്ങൾ മഴക്കാലത്തു അതിന്റെ പൂർണതയിലെത്തും.
കുത്തിയൊലിച്ചു വരുന്ന മലവെള്ളം സമീപത്തെ മരങ്ങളുടെ വേരുകളെയും പിടിച്ചു കുലുക്കും.
റോഡരികിലെ ചെറിയ മൺതിട്ടകളിൽ നിൽക്കുന്ന മരങ്ങൾ നിലംപൊത്താൻ കാരണമിതാണ്. റോഡരികിലെ സംരക്ഷണ ഭിത്തി നവീകരിക്കുമ്പോൾ മൺതിട്ടകൾക്കു നേരിടുന്ന ബലക്ഷയം കൂടിയാകുമ്പോൾ മരങ്ങളുടെ ആയുസ്സ് ഒന്നു കൂടി കുറയും.
അശാസ്ത്രീയ ഗതാഗത സംവിധാനവും ചുരത്തിന്റെ നിലനിൽപിനെ ബാധിക്കുന്നുണ്ട്. 2012ൽ ചുരം പൂർണമായി തകർന്നപ്പോൾ അന്നത്തെ കോഴിക്കോട് കലക്ടറായിരുന്ന പി.ബി.സലീം, വലിയ ഭാരം കയറ്റി വരുന്ന ലോറികൾക്കും കണ്ടെയ്നർ ട്രക്കുകൾക്കും ചുരത്തിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഉത്തരവിന്റെ പകർപ്പ് കോഴിക്കോട്, വയനാട് ജില്ലാ പൊലീസ് മേധാവികൾക്കു കൈമാറുകയും ചെയ്തു.
എന്നാൽ, ആഴ്ചകൾക്കുള്ളിൽ ഉത്തരവ് അട്ടിമറിക്കപ്പെട്ടു. ദിവസേന നൂറുക്കണക്കിന് കണ്ടെയ്നർ ട്രക്കുകളും ഭാരം കയറ്റിയ വാഹനങ്ങളുമാണ് ഇതിലൂടെ കടന്നുപോകുന്നത്.
ജില്ലയിൽ കരിങ്കൽ, മണൽ, മെറ്റൽ അടക്കമുള്ള നിർമാണ വസ്തുക്കൾക്ക് ക്ഷാമം നേരിടാൻ തുടങ്ങിയതോടെ ഇതര ജില്ലകളിൽ നിന്ന് അവ കയറ്റിക്കൊണ്ടുവരുന്ന ടിപ്പർ ലോറികളുടെ എണ്ണവും വർധിച്ചു. ചുരത്തിന്റെ തകർച്ചയ്ക്കു ആക്കം കൂട്ടുന്നതും ഇത്തരം ഭാര വാഹനങ്ങളുടെ നിരന്തര ഓട്ടമാണ്.
അധികൃതർ ഇനിയെങ്കിലും കണ്ണുതുറക്കുമോ?
മഴക്കാലത്തു ചുരം വഴിയുള്ള യാത്ര ചിന്തിക്കാവുന്നതിലും അപ്പുറമാണ്.
കടപുഴകാൻ പാകത്തിൽ നിൽക്കുന്ന വൻ മരങ്ങൾ മഴക്കാലത്ത് സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ഇൗ വൻമരങ്ങൾക്കു കീഴെ ജീവൻപണയം വച്ചാണ് യാത്രക്കാർ നിൽക്കുന്നത്.
9ാം വളവിനു താഴെ രണ്ടാം വ്യൂപോയിന്റിന് സമീപം അപകട ഭീഷണി സൃഷ്ടിച്ചിരുന്ന ചില മരങ്ങൾ മാസങ്ങൾക്കു മുൻപ് അധികൃതർ മുറിച്ചു മാറ്റിയിരുന്നു.
ചുരത്തിൽ അപകടകരമായ 60 മരങ്ങൾ മുറിച്ചു നീക്കാനുണ്ടെങ്കിലും ഇതിനുളള നടപടിക്കു വേഗമില്ലെന്നാണ് ആക്ഷേപം.
ചുരത്തിൽ ഉണങ്ങിയും ചെരിഞ്ഞും വേരുകൾ അറ്റും ചുവട്ടിലെ മണ്ണും കല്ലും ഇളകിയും അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യത്തിന് വർഷങ്ങൾക്ക് പഴക്കമുണ്ട്. ഇതിൽ പെട്ട
ചില മരങ്ങളാണ് ഇന്നലെ 9–ാം വളവിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ പാറക്കൂട്ടങ്ങൾക്കൊപ്പം വ്യൂപോയിന്റിലേക്ക് നിലംപൊത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]