
‘ഞാൻ വള്ളംകളി കാണാൻ തുടങ്ങിയിട്ടു കുറച്ചുകാലമേ ആയിട്ടുള്ളൂ, അതുവരെ തുഴച്ചിലായിരുന്നു, പിന്നെ താളക്കാരനായി. ഇപ്പോൾ വള്ളത്തിൽ പോകാൻ കഴിയാത്തതിന്റെ വിഷമമുണ്ട്, വള്ളത്തിൽ പോകുന്ന അനിയൻമാരുടെ ജഴ്സി വാങ്ങി ധരിച്ചാണ് കൊതി തീർക്കുന്നത്’– വെളിയനാട്ടെ വീട്ടുമുറ്റത്തിരുന്നു നടൻ പ്രമോദ് വെളിയനാട് സംസാരിക്കുമ്പോൾ മീശത്തുമ്പ് ചുണ്ടന്റെ കൂമ്പ് പോലെ പിരിച്ചു.
സിനിമ നടനെക്കാളേറെ തനി കുട്ടനാട്ടുകാരനായ, വള്ളംകളിപ്രേമിയായ പ്രമോദ് സംസാരിച്ചു തുടങ്ങി. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി തുഴഞ്ഞത്.
അച്ഛനും തുഴഞ്ഞിരുന്നു. അവർ പരിശീലനത്തിനിടയിൽ കഴിക്കുന്ന ഭക്ഷണം എനിക്കും കൂട്ടുകാർക്കും നീട്ടും.
ഞങ്ങൾ ഒന്നിച്ചു കയ്യിട്ടു കഴിക്കും. ആ രുചിയിലാണു വള്ളംകളിയുടെ യഥാർഥ ആവേശം.
ഇത്രയും സംഗീതമുള്ള കളി വേറെയില്ല. എനിക്കു മൂന്നു ഭാര്യമാരാണ് – വള്ളംകളി, അഭിനയം, എന്റെ ഭാര്യ.
‘വെളിയനാട്ടുകാർക്ക് അഭിമാനിക്കാൻ ഒരു വള്ളം വേണം, എന്തായാലും ഞങ്ങൾ അതു നിർമിക്കും’– പ്രമോദ് വെളിയനാട് തന്റെ വള്ളംകളി ഓർമകളെക്കുറിച്ചും വള്ളംകളിയിലെ ഗുരുസ്ഥാനീയരെക്കുറിച്ചും സംസാരിച്ചു തുടങ്ങി.
വെളിയനാട് ജയശ്രീ ക്ലബ്ബിന്റെ താരമായിരുന്നു പ്രമോദ്. ക്ലബ് നെഹ്റു ട്രോഫിയിൽ വെപ്പ് വിഭാഗത്തിൽ ഹാട്രിക് നേടിയപ്പോൾ പ്രധാന തുഴച്ചിലുകാരിൽ ഒരാളായിരുന്നു.
സിനിമയുടെ തിരക്കുകളും വള്ളംകളിയുെട ആവേശത്തിനുമൊപ്പം വെളിയനാട് ജലമേളയുടെ സംഘാടനത്തിനും സമയം കണ്ടെത്തുന്നുണ്ട്.
ശ്യമളൻ വാലുപറമ്പിലും ടോമി കോരപ്പറമ്പിലുമാണ് ഗുരുനാഥൻമാരെന്ന് പ്രമോദ് പറയുന്നു.
‘ജയശ്രീ ബോട്ട് ക്ലബ്ബിൽ ഇവർ രണ്ടുപേരുമാണ് എന്നെ തുഴച്ചിലുകാരനാക്കിയത്. ചെറുവള്ളംകളികളിലും നെഹ്റു ട്രോഫിയിലും ഞങ്ങൾ ഒന്നിച്ചു തുഴഞ്ഞു.
ശ്യാമളൻ ചേട്ടൻ ലീഡിങ് ക്യാപ്റ്റനും പരിശീലകനുമായിരുന്നു. ടോമിച്ചായൻ ഒന്നാം തുഴയുമായിരുന്നു.
പിന്നീട് ഞാനും ഒന്നാം തുഴക്കാരനായി’. പ്രമോദ് പറഞ്ഞു നിർത്തി.
ഇപ്പോൾ എന്റെ വീടിനു സമീപത്തു തന്നെ വെളിയനാട് ജലത്സോവം സംഘടിപ്പിക്കുന്നുണ്ട്.
ആറാം സീസണാണിത്. 7 പേർ വരെ തുഴയുന്ന വള്ളങ്ങളാണു മത്സരിക്കുക.
ഈ വള്ളംകളി വെളിയനാട്ടുകാരുടെ ആഘോഷമാണ്.– പ്രമോദ് പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]