
ശാസ്താംകോട്ട ∙ അമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ പൊലീസ് പിടിയിലായി.
ശൂരനാട് തെക്ക് കിടങ്ങയം കുമരൻചിറ യുപിഎസിനു സമീപം തോട്ടാംപറമ്പിൽ പരേതനായ രാജശേഖരൻ ഉണ്ണിത്താന്റെ ഭാര്യ ലതയെ (60)യാണ് കഴിഞ്ഞ ദിവസം രാത്രി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ വിഷ്ണു രാജിനെ (30) വിവിധ കുറ്റങ്ങൾ ചുമത്തി ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യവും കഞ്ചാവും ഉൾപ്പെടെ ലഹരിക്ക് അടിമയായ മകൻ മാതാവിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. സംഭവത്തിനു തൊട്ടു മുൻപും ലത മകന്റെ ആക്രമണത്തിനിരയായി.
ലതയുടെ ശരീരത്തിലാകെ മർദനമേറ്റ പാടുകളും ചതവുകളും ഉണ്ടായിരുന്നു. കൈയ്ക്ക് പൊട്ടലുണ്ടായി.
സംഭവ സമയത്ത് മകൻ വിഷ്ണു രാജും മകൾ വിഷ്ണു പ്രിയയും വീട്ടിൽ ഉണ്ടായിരുന്നു.
സ്ഥലത്തെത്തിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഘത്തോട് വിഷ്ണു പ്രിയയും പ്രദേശവാസികളും മകന്റെ ഉപദ്രവത്തെപ്പറ്റി പറഞ്ഞതോടെ വിഷ്ണുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മർദനത്തിന് ഉപയോഗിച്ചിരുന്ന തടിക്കഷ്ണവും സമീപത്ത് നിന്നു നാട്ടുകാർ കണ്ടെത്തി. പുരാണ പാരായണ തൊഴിലാളിയാണ് ലത. ഭർത്താവ് രാജശേഖരൻ ഉണ്ണിത്താൻ 5 വർഷം മുൻപാണ് മരിച്ചത്.
ലതയുടെ സംസ്കാരം നടത്തി. ആത്മഹത്യാ പ്രേരണ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് വിഷ്ണു രാജിനെ അറസ്റ്റ് ചെയ്തതെന്നും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും എസ്എച്ച്ഒ ജോസഫ് ലിയോൺ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]