
കാലിഫോര്‍ണിയ: ആപ്പിൾ ഐഫോൺ 17 സീരീസിന് വേണ്ടിയുളള കാത്തിരിപ്പ് അവസാനിക്കുന്നു. സെപ്റ്റംബർ 9ന് ആപ്പിൾ പാർക്കിൽ നടക്കുന്ന ‘Awe dropping’ പരിപാടിയില്‍ ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 17 സ്മാര്‍ട്ട്ഫോണുകള്‍ കമ്പനി അവതരിപ്പിക്കും.
പരിപാടിയിലേക്കുള്ള ക്ഷണക്കത്ത് ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കി. കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്ക് ക്യാംപസിലെ സ്റ്റീവ് ജോബ്സ് തിയേറ്ററില്‍ സെപ്റ്റംബർ 9ന് ഇന്ത്യൻ സമയം രാത്രി 10:30നാണ് Awe dropping ആരംഭിക്കുക.
ആപ്പിളിന്റെ ലോഞ്ച് ഇവന്റ് ആപ്പിൾ വെബ്സൈറ്റും, ഔദ്യോഗിക യൂട്യൂബ് ചാനലും, ആപ്പിൾ ടിവി ആപ്പിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. പുതിയ ഐഫോൺ 17 നിരയിൽ നാല് മോഡലുകൾ ഉൾപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റാൻഡേർഡ് ഐഫോൺ 17, ഐഫോണ്‍ 17 എയര്‍, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയാണിത്. നിലവിലെ ഐഫോണ്‍ പ്ലസ് മോഡലിന് പകരമാകുമെന്ന് പറയപ്പെടുന്ന പുതിയ സ്ലിം വേരിയന്റാണ് ഐഫോൺ 17 എയർ.
ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ മോഡലായിരിക്കും ഐഫോണ്‍ 17 എയര്‍. ആറ് മില്ലിമീറ്ററിൽ താഴെയായിരിക്കും ഐ ഫോൺ എയറിന്റെ കനം എന്നാണ് സൂചന.
പ്രകടനത്തിലും കാര്യക്ഷമതയിലും ഗണ്യമായ അപ്ഗ്രേഡ് വാഗ്ദാനം ചെയ്യുന്ന പുതിയ എ19 ചിപ്പിലായിരിക്കും നാല് ഡിവൈസുകളും നിര്‍മ്മിക്കുക. ഐഫോൺ 17 സീരീസിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്? ഐഫോൺ 17 സീരീസിൽ നാല് സ്മാര്‍ട്ട്ഫോണ്‍ മോഡലുകളായിരിക്കും ഉണ്ടാവുകയെങ്കിലും പുത്തന്‍ ഐഫോൺ 17 എയർ ആയിരിക്കും ഏറ്റവും ശ്രദ്ധേയം.
ഐഫോൺ 17 പ്രോ മോഡലുകളുടെ ഡിസൈനിന്റെ കാര്യത്തിൽ ഒരു പ്രധാന മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാമറ മൊഡ്യൂൾ വലതുവശത്തേക്ക് നീളുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് വളരെ വലിയ ക്യാമറ മൊഡ്യൂളായി മാറുന്നു. കഴിഞ്ഞ കുറച്ച് തലമുറകളായി ഐഫോണുകളുടെ ഡിസൈൻ ഏതാണ്ട് ഒരുപോലെയാണ്.
ഇത് കണക്കിലെടുക്കുമ്പോൾ ഇതൊരു വലിയ ഡിസൈൻ മാറ്റമായിരിക്കും. ഫോണിലെ ക്യാമറ സിസ്റ്റങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തും.
എല്ലാ മോഡലുകളിലും പുതിയ 24-മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ ലഭിക്കുന്നു. പ്രത്യേകിച്ച് പ്രോ മോഡലുകളിൽ ട്രിപ്പിൾ-ലെൻസ് സജ്ജീകരണത്തോടുകൂടിയ പുതിയതും പുനർരൂപകൽപ്പന ചെയ്തതുമായ ക്യാമറ ബാർ ഉണ്ടായിരിക്കുമെന്നും അഭ്യൂഹമുണ്ട്.
മുഴുവൻ ലൈനപ്പിനുമുള്ള മറ്റൊരു പ്രധാന അപ്ഗ്രേഡ്, 120Hz റിഫ്രഷ് റേറ്റ് ഉള്ള പ്രോമോഷൻ ഡിസ്പ്ലേകൾ ഉൾപ്പെടുത്തും എന്നതാണ്. മുമ്പ് പ്രോ മോഡലുകൾക്കായി മാറ്റിവച്ചിരുന്ന ഒരു സവിശേഷതയാണിത്.
ഐഫോണുകൾക്ക് പുറമേ, എയർപോഡ്സ് പ്രോ 3, ആപ്പിൾ വാച്ച് സീരീസ് 11 തുടങ്ങിയവ ഉൾപ്പെടെയുള്ള പുതിയ ഡിവൈസുകളും ഈ പരിപാടിയിൽ ആപ്പിൾ അവതരിപ്പിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]