
‘നാട്ടിലാകെ പോസ്റ്ററുകളൊട്ടിച്ചു, രാത്രി മുഴുവൻ കരഞ്ഞു’
ആര്യനാട് ∙ പഞ്ചായത്തംഗം എസ്.ശ്രീജ ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി ഭർത്താവ് ജയകുമാർ. സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിൽ ശ്രീജയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതാണു മരണത്തിനു കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ, പഞ്ചായത്തംഗം എം.എൽ.കിഷോർ, കെ.എസ്.ഷിജി കേശവൻ, മഹേഷ്, കുടുംബശ്രീ സിഡിഎസ് അധ്യക്ഷ ജെ.ആർ. സുനിത കുമാരി എന്നിവർ നികൃഷ്ടമായ രീതിയിൽ ആക്ഷേപിച്ചു.
നിയമനടപടിയുമായി മുന്നോട്ടുപോകും. ശ്രീജയ്ക്ക് 20 ലക്ഷത്തോളം രൂപ കടമുണ്ടെന്നും വായ്പയെടുത്ത് ഇൗ മാസം അതു കൊടുത്തു തീർക്കാനിരിക്കുകയായിരുന്നു എന്നും ജയകുമാർ പറഞ്ഞു.
‘‘പുറത്തിറങ്ങാൻ പോലും കഴിയാത്ത രീതിയിലാണു സിപിഎം അധിക്ഷേപിച്ചത്.
എങ്ങനെ റോഡിൽ ഇറങ്ങുമെന്നു ശ്രീജ ചോദിച്ചിരുന്നു. കുഴപ്പമില്ല, എല്ലാം ശരിയാകുമെന്നു പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
തിങ്കളാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെ ശ്രീജ ഉറങ്ങാതെ കരയുകയായിരുന്നു. ഞാൻ ജോലിക്കു പോയതിനു പിന്നാലെയാണ് അവൾ ഇതു ചെയ്തത്.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പക്കൽ നിന്നാണ് ശ്രീജ പണം കടം വാങ്ങിയത്. സിപിഎമ്മുകാർക്ക് പണം കൊടുക്കാനില്ല.
പഞ്ചായത്തിൽ നിന്നു പൈസ എടുത്തിട്ടില്ല. എന്നിട്ടും മോശമായ രീതിയിലാണ് സിപിഎം സംസാരിച്ചത്.
നാടു മുഴുവൻ പോസ്റ്ററൊട്ടിച്ചു.’’ – ജയകുമാർ പറഞ്ഞു. 2 മാസം മുൻപ് അമിതമായി ഗുളിക കഴിച്ചതിന് ശ്രീജ ഒരാഴ്ച മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഇതിനു ശേഷം ഭർത്താവിന്റെ കൊക്കോട്ടേല കാര്യോട്ടുള്ള കുടുംബ വീട്ടിലായിരുന്നു താമസം.
ശ്രീജ ജയിച്ചത് മികച്ച ഭൂരിപക്ഷം സ്വന്തമാക്കി
ആര്യനാട്∙ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് എസ്.ശ്രീജ ജയിച്ചത്.
കോട്ടയ്ക്കകം വാർഡിൽ മുൻ വൈസ് പ്രസിഡന്റ് ഒ.ശൈലജയെ (എൽഡിഎഫ്) 392 വോട്ടിനു പരാജയപ്പെടുത്തി. ശ്രീജയ്ക്ക് 638 വോട്ട് ലഭിച്ചപ്പോൾ ശൈലജയ്ക്ക് കിട്ടിയത് 246 വോട്ട് . എൻഡിഎ സ്ഥാനാർഥി സൗമ്യയ്ക്ക് 85 വോട്ടും ലഭിച്ചു.
2010ൽ ശൈലജയോട് ശ്രീജ പരാജയപ്പെട്ടിരുന്നു.
മൃതദേഹവുമായി 3 റോഡുകൾ ഉപരോധിച്ച് കോൺഗ്രസ്
ആര്യനാട്∙ ശ്രീജയുടെ മൃതദേഹവുമായി പാലം ജംക്ഷനിലെ 3 പ്രധാന റോഡുകൾ കോൺഗ്രസ് ഉപരോധിച്ചു. മരണത്തിന് ഉത്തരവാദികളായ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹനടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട
പ്രവർത്തകർ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിപ്പിച്ചു. സിപിഎമ്മിന്റെ കോട്ടയിൽ നിന്നു ജയിച്ച ശ്രീജയുടെ രാഷ്ട്രീയ വളർച്ചയിൽ ഭയന്നാണ് നേതാക്കൾ അവരെ വേട്ടയാടിയതെന്നു കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥൻ ആരോപിച്ചു. ഒരു സ്ത്രീയെ റോഡിലിട്ട് അധിക്ഷേപിച്ച് സിപിഎം കൊലയ്ക്കുകൊടുത്തെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചു.
മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം എത്തിച്ച മൃതദേഹവുമായി വൈകിട്ട് അഞ്ചേമുക്കാലോടെയാണ് പ്രവർത്തകർ റോഡിലിറങ്ങിയത്.
കുറ്റക്കാരെ സംരക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്നാരോപിച്ച കോൺഗ്രസ്, പിന്നാലെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്കു നീങ്ങി. സ്റ്റേഷന്റെ ഗേറ്റിനു മുന്നിൽ തമ്പടിച്ച പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു.ശ്രീജയുടേത് ആത്മഹത്യയല്ലെന്നും സിപിഎം നടത്തിയ കൊലപാതകമാണെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ഏതാനും നാളുകളായി സിപിഎം അവരെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നു.
സാമ്പത്തിക ബാധ്യതയുടെ പേരിൽ സിപിഎം അവരെ വേട്ടയാടി. പണം കടം നൽകിയവർക്ക് ഈ മാസം 30 ന് അകം തിരികെക്കൊടുക്കുമെന്ന് ഉറപ്പു നൽകിയിരുന്നു.
പണം വാങ്ങി പ്രശ്നം അവസാനിപ്പിക്കാൻ അവർ തയാറുമായിരുന്നു. അതിനിടെയാണ് പ്രശ്നം വഷളാക്കാൻ ലക്ഷ്യമിട്ട് സിപിഎം പൊതുയോഗം സംഘടിപ്പിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു.
ആര്യനാട് പഞ്ചായത്തിലുൾപ്പെട്ട പൊട്ടൻചിറ വാർഡിലെ കുടുംബശ്രീയിൽ അംഗങ്ങൾ അറിയാതെ മുൻ സെക്രട്ടറി ലിങ്കേജ് വായ്പയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുൻപ് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ മുൻനിരയിൽ ശ്രീജയുണ്ടായിരുന്നു.
അതിന്റെ വൈരാഗ്യത്തിലാണ് സിപിഎം അവരെ ഉന്നമിട്ടതെന്നാണു കോൺഗ്രസിന്റെ ആരോപണം.
സിപിഎം അപമാനിച്ച് കൊലപ്പെടുത്തി: രമേശ്
തിരുവനന്തപുരം∙ ആര്യനാട്ട് കോൺഗ്രസ് പഞ്ചായത്തംഗം എസ്.ശ്രീജയെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ആരോപിച്ചു. വാളു കൊണ്ടു മാത്രമല്ല, വാക്കു കൊണ്ടും ആളെക്കൊല്ലാമെന്ന് സിപിഎം വീണ്ടും തെളിയിക്കുകയാണ്.
സിപിഎം അപമാനിച്ചു കൊന്ന എഡിഎം നവീൻ ബാബുവിനെ കേരളം ഇനിയും മറന്നിട്ടില്ല. അതിന്റെ തുടർച്ചയാണിത്.
ക്രൂരമായ രാഷ്ട്രീയ, ആൾക്കൂട്ട കൊലപാതകമാണിത്.
അധിക്ഷേപ വാക്കുകളുപയോഗിച്ച് പോസ്റ്റർ പതിക്കുകയും യോഗം വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതിനെത്തുടർന്നാണു ശ്രീജ ജീവനൊടുക്കിയത്. ശ്രീജ തന്റെ വസ്തുക്കൾ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്രൂരമായ സംഭവമുണ്ടായത്.
വനിതയെന്ന പരിഗണന പോലും നൽകാതെയാണ് അവരെ മാനസികമായി പീഡിപ്പിച്ചത്. പൊതുയോഗം വിളിച്ച് അധിക്ഷേപിച്ചവർക്കെതിരെയും പോസ്റ്റർ ഒട്ടിച്ചവർക്കെതിരെയും ആത്മഹത്യാപ്രേരണയ്ക്കു കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]