
കാസർകോട് ∙ ഓണം വരവായി, പൂക്കളും. കാസർകോട്ടെ പൂക്കടകളിൽ ഇത് പൂക്കാലം.
പാലക്കാട്ടുനിന്നു കുടമുല്ലയും കർണാടകയിൽ നിന്നു മറ്റു പൂക്കളുമാണ് കാസർകോട്ടെ വിപണിയിൽ. പാലക്കാട്ടുനിന്ന് ഓർഡർ നൽകി എത്തുന്ന കുടമുല്ലയ്ക്കു വൻ വിലയാണ്.
കിലോഗ്രാമിന് 1800 രൂപയാണ് കുടമുല്ല വില. കാസർകോട് വിപണിയിൽ ഇത് 200 രൂപ കൂട്ടി വിൽക്കും.
മീറ്ററിന് 200 രൂപ. കുടമുല്ല വില 400 രൂപ വരെ കൂടിയെന്ന് പൂവിൽപനക്കാർ പറഞ്ഞു.
തിരുവോണത്തിനടുത്ത ദിവസങ്ങളിൽ ഇതിനു 3000 രൂപ വരെയായി ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ജമന്തി, അലങ്കാര ചെണ്ടുമല്ലി, മുല്ല, കാട്ടു മുല്ല, അരളി, കനകാംബരം തുടങ്ങിയവയാണ് കർണാടകയിൽ നിന്നെത്തുന്നത്.
തുംകൂർ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് ജമന്തി മഞ്ഞ, വയലറ്റ്, കാട്ടു മുല്ല, ഭട്ക്കലിൽ നിന്ന് അലങ്കാര ചെണ്ട് മല്ലി, ഉഡുപ്പിയിൽ നിന്നു മുല്ല എന്നിങ്ങനെയാണ് എത്തുന്നത്. ഇതിന് വില ഇപ്പോൾ 400 രൂപയായി കുറഞ്ഞിട്ടുണ്ട്.
ജമന്തി മഞ്ഞ, കിലോഗ്രാമിന് 320, വയലറ്റ് 500, അലങ്കാര ചെണ്ടുമല്ലി 150, വെള്ള ജമന്തി 400, കാട്ടുമുല്ല 1200, അരളി 500, കനകാംബരം 800 എന്നിങ്ങനെയാണ് ഇപ്പോൾ വില. ഉഡുപ്പി മുല്ല ഒരു അട്ടി (4 മീറ്റർ ) 2000 രൂപയാണ് വില.
ഇത്തവണ വിനായക ചതുർഥിയും ഓണവും ഒരേ സമയത്ത് വരുന്നതിനാൽ കർണാടകയിൽ പൂക്കളുടെ വിലയിൽ വലിയ കുറവിനു സാധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ കാസർകോട്
പൂക്കച്ചവടക്കാർക്ക് പൂരാടം, ഉത്രാടം, തിരുവോണം എന്നിങ്ങനെ 3 ദിവസം ആഹ്ലാദത്തിനു വകയില്ല.
കാരണം കർണാടകയിൽ നിന്നുള്ള പൂക്കർഷകർ ആ ദിവസം കാസർകോട്ടെ പൂവിപണിയിൽ കുടുംബങ്ങളായി എത്തും. ബസ് സ്റ്റാൻഡുകളിലും പാതയോരങ്ങളിലും ചാക്കു കണക്കിനു പൂക്കൾ ഇറക്കിയാണ് വിൽപന.
വിലയും കുറയും. അപ്പോൾ കാസർകോട്ടെ പൂക്കടകളിൽ വിൽപന കുറയാൻ ഇടയാക്കും.
കാസർകോട് പൂക്കടകളിൽ മറ്റു ദിവസങ്ങളിൽ ഉള്ളതിനു പുറമേ ഓണാഘോഷ ദിവസങ്ങളിൽ രണ്ടു ക്വിന്റലിൽ ഏറെ പൂക്കൾ വിറ്റഴിക്കും. വിനായക ചതുർഥി ആഘോഷം കൂടി ഉള്ളതിനാൽ വിപണി കൊഴുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]