
വാവാടി ∙ ‘ആവശ്യത്തിലധികം ക്വാറികൾ പഞ്ചായത്തിലെ ഒരു വാർഡിൽ മാത്രം നിലവിൽ പ്രവർത്തിക്കുന്നുണ്ട്, ഇതിനു പുറമേയാണു 5 ക്വാറികൾ കൂടി തുടങ്ങാനുള്ള നീക്കം, പരാതി പറഞ്ഞ് മടുത്തു, ഞങ്ങളുടെ ജീവന് വിലയില്ലേ?–നാട്ടുകാരനായ റോയ് മാന്തോട്ടം ചോദിക്കുന്നു. 21.16 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള, 13 വാർഡുകൾ മാത്രമുള്ള വെങ്ങപ്പള്ളി പഞ്ചായത്തിൽ നിലവിൽ പ്രവർത്തിക്കുന്നത് 3 ക്വാറികളും 3 ക്രഷർ യൂണിറ്റുകളുമാണ്.
പഞ്ചായത്തിലെ 6–ാം വാർഡായ വാവാടിയിൽ 2 ക്വാറികളും 10–ാം വാർഡായ പഞ്ചാബിൽ ഒരു ക്വാറിയുമാണു പ്രവർത്തിക്കുന്നത്.
ഇതിനു പുറമേയാണു 5 ക്വാറികൾ കൂടി പ്രവർത്തനം തുടങ്ങാനിരിക്കുന്നത്. ‘നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾ കൊണ്ടുതന്നെ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്, തുടർച്ചയായി നടക്കുന്ന ഉഗ്ര സ്ഫോടനങ്ങൾ സമീപത്തെ വീടുകൾക്ക് സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല, വീടുകളുടെ ചുമരുകൾക്കു വിള്ളലുകൾ രൂപപ്പെട്ടു,
സ്ഫോടനം നടത്തുമ്പോൾ 100 മീറ്റർ ചുറ്റളവിൽ വീടുകൾക്കു മുകളിലും പരിസരങ്ങളിലും കല്ലുകൾ വീഴും, ഏതു നിമിഷവും ജീവൻ അപകടത്തിലാകുമെന്ന ഭയത്തിലാണ് കഴിയുന്നത്’–നാട്ടുകാരനായ ഹരിപ്രസാദ് ആശങ്കയോടെ പറയുന്നു.
‘ക്വാറികളുടെ പ്രവർത്തനം കാരണം വീടുകൾ ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയാണ്.
ജനജീവിതം പ്രതിസന്ധിയിലായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്–പി.വി.അനൂപ് പറയുന്നു.
ക്വാറികളിൽ നിന്നുള്ള ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ നിരന്തര സഞ്ചാരം കാരണം പ്രദേശത്തേക്കുള്ള റോഡുകളെല്ലാം തകർന്നു. ക്വാറികളുടെ പ്രവർത്തനം പ്രദേശത്തെ ജലസ്രോതസ്സുകളെയും ബാധിക്കാൻ തുടങ്ങിയെന്നും നാട്ടുകാർ പറയുന്നു.
2 ക്വാറികൾക്ക് നടുവിൽ ആശങ്കയിൽ വാവാടിക്കാർ
നീലാംകുന്ന് മേഖലയിൽ പുതുതായി ഒരു ക്വാറി തുടങ്ങിയാൽ 2 ഖനന യൂണിറ്റുകൾക്ക് നടുവിൽ ഒറ്റപ്പെട്ട് പോകുമെന്ന ആശങ്കയിലാണ് വാവാടിക്കാർ.
60 കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണു നീലാംകുന്ന്. നിലവിൽ മൈലാടിയിൽ പ്രവർത്തിക്കുന്ന ക്വാറിയുമായി 400 മീറ്റർ അകലം മാത്രമേ ഇവിടേക്കുള്ളൂ.
നീലാംകുന്നിൽ 6 ഏക്കർ സ്ഥലത്ത് ഖനനം നടത്തുന്നതിന് ഭൂവുടമകളായ 3 പേരുടെ സമ്മതപത്രം സഹിതമുള്ള അപേക്ഷ ജിയോളജി ഓഫിസിൽ സമർപ്പിച്ചിട്ടുണ്ടെന്നാണു സൂചന. പഞ്ചായത്ത് പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടാത്തത് കാരണമാണു ക്വാറികൾ പ്രവർത്തിപ്പിക്കാനുള്ള അനുമതി ഉടമകൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
5 ക്വാറികൾ
വാവാടി ചൂരിയാറ്റയിൽ 2, പഞ്ചായത്ത് ഓഫിസിനു സമീപം, നീലാംകുന്ന്, കോടഞ്ചേരിക്കുന്ന് എന്നിവിടങ്ങളിലായി ഓരോ ക്വാറികൾ വീതം തുറക്കാനാണു നീക്കം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]