
എടക്കാട്∙ പുതിയ ദേശീയപാത നിർമാണത്തിനു വേണ്ടി കണ്ണൂർ– തോട്ടട– തലശ്ശേരി റൂട്ടിലെ നടാൽ മുതൽ എടക്കാട് വരെയുള്ള പഴയ ദേശീയപാത ഇന്നലെ ഉച്ചയോടെ അടച്ചു. പഴയ ദേശീയപാത അടച്ചാൽ ഓട്ടം നിർത്തിവയ്ക്കുമെന്ന് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പ്രഖ്യാപിച്ചിരുന്നെങ്കിലും ഗതാഗതം തിരിച്ചുവിട്ട
വഴിയിലൂടെ ബസുകൾ സർവീസ് നടത്തി. റോഡ് അടച്ചാൽ ഏതുനിമിഷവും റൂട്ടിലെ ബസ് ഗതാഗതം നിലയ്ക്കുമെന്ന ആശങ്കയിലായിരുന്ന യാത്രക്കാർക്ക് ഇത് ഏറെ ആശ്വാസമായി.
കഴിഞ്ഞ 2 തവണ റോഡ് അടച്ചപ്പോഴും വഴി തിരിച്ചുവിട്ട റോഡിലൂടെ പോകാതെ സ്വകാര്യ ബസുകൾ പെട്ടെന്ന് ഓട്ടം നിർത്തിവച്ചത് യാത്രക്കാരെ ഏറെ വലച്ചിരുന്നു.
തുടർന്ന് രണ്ട് തവണയും പഴയ ദേശീയപാത തുറന്നുകൊടുക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ റോഡ് അടച്ച ഉടനെ സ്വകാര്യബസുകൾ ഓട്ടം നിർത്തിവച്ചതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞപ്പോൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്ഥലത്തെത്തി ദേശീയപാത നിർമാണ കരാർ കമ്പനി അധികൃതരുമായി സംസാരിച്ചിരുന്നു. തുടർന്ന് വൈകിട്ടോടെ കരാർ കമ്പനി അധികൃതർ റോഡ് തുറന്നു.
രണ്ട് ദിവസത്തേക്ക് റോഡ് അടയ്ക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച മുഖ്യമന്ത്രിയെ കണ്ട് ചർച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു നീക്കവും ഉണ്ടായതായി അറിയില്ല.
ഇന്നലെ ഉച്ചയോടെ കരാർ കമ്പനി അധികൃതർ റോഡ് അടയ്ക്കുന്നത് കണ്ട് നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും അതൊന്നും കണക്കിലെടുക്കാതെ റോഡ് അടയ്ക്കുകയായിരുന്നു.
ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ റൂട്ടിലുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാനുള്ള നടപടികൾക്ക് ശ്രമിക്കുമെന്ന ജനപ്രതിനിധികളുടെ വാഗ്ദാനങ്ങൾ നടപ്പിലാകാത്തതിൽ പ്രതിഷേധമുണ്ട്. എന്നാൽ റൂട്ടിലെ സ്വകാര്യബസുകൾ പെട്ടെന്നു ഓട്ടം നിർത്തുമ്പോൾ യാത്രക്കാർക്ക് ഉണ്ടാകുന്ന ദുരിതം കണക്കിലെടുത്താണ് യാത്രാക്ലേശം ഉണ്ടെങ്കിലും തങ്ങൾ ഓടുന്നതെന്ന് സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പറയുന്നു.
ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ– തോട്ടട– നടാൽ റൂട്ടിലൂടെ തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് നടാലിൽ നിന്ന് വീണ്ടും കണ്ണൂർ ഭാഗത്തേക്കുള്ള ചാലയിലേക്ക് തിരിച്ചോടി ഏഴര കിലോമീറ്റർ അധികദൂരം സഞ്ചരിക്കേണ്ടിവരുമെന്നതാണ് പ്രശ്നം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]