കാഞ്ഞങ്ങാട് ∙ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ എടുത്തുക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കോടതിയുടേത് അപൂർവമായ വിധി. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതി പ്രതി കുടക് നാപ്പോക് സ്വദേശി പി.എ.സലീമിന് (40) വധശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചെങ്കിലും കോടതി മരണം വരെ തടവാണ് വിധിച്ചത്.
സംസ്ഥാനത്തു തന്നെ അപൂർവമായ വിധിയാണിത്. മരണം വരെ കഠിന തടവ് പ്രഖ്യാപിച്ചതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ലെന്നും പരോൾ ലഭിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
വിധിയിൽ പ്രോസിക്യൂഷൻ സംതൃപ്തി രേഖപ്പെടുത്തിയെങ്കിലും വധശിക്ഷ ലഭിക്കാൻ ഹൈക്കോടതിയിൽ അപ്പീൽ നൽകും.
പോക്സോ വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും സലീമിന് ഇരട്ട ജീവപര്യന്തം തടവാണ് വിധിച്ചത്.
ഇതിൽ പോക്സോ വകുപ്പു പ്രകാരമുള്ള ജീവപര്യന്തം വിധിയിലാണ് മരണം വരെ തടവും ശിക്ഷയായി ഉൾപ്പെടുത്തിയത്. ജീവപര്യന്തം ശിക്ഷയ്ക്കു പുറമേ ഭവനഭേദനം, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ വകുപ്പുകളിൽ 35 വർഷം തടവും 2.71 ലക്ഷം രൂപ പിഴയും വിധിയിലുണ്ട്.
ഇതിൽ 2 ലക്ഷം രൂപ അതിജീവിതയുടെ കുടുംബത്തിന് നൽകണം. പിഴ അടച്ചില്ലെങ്കിൽ 4 വർഷ അധിക തടവിനും ശിക്ഷിച്ചു.
മുൻപും പോക്സോ കേസ് പ്രതി
ഒരാൾ നന്നാകുന്നില്ലെങ്കിലും സമാന കുറ്റകൃത്യം ആവർത്തിച്ചാലും വധശിക്ഷ നൽകാമെന്ന മുൻ കോടതി വിധികളും പ്രതിയുടെ മുൻ കേസുകളും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ സലിമിന് വധശിക്ഷ വേണമെന്ന വാദമുന്നയിച്ചത്.
മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ ബന്ധുവായ 12 വയസ്സുകാരിയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസും പ്രതിക്കെതിരെ ഉണ്ട്. ഈ കേസിന്റെ വിചാരണയും നടക്കാനുണ്ട്.
ഇതിന് പുറമേ മോഷണക്കേസുകളും പ്രതിക്കെതിരെയുണ്ട്. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കണമെന്ന വാദവും കോടതി പരിഗണിച്ചില്ല.
ഇലക്ട്രോണിക്സ്, ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയെങ്കിലും തെളിവ് നിയമത്തിന്റെ സാങ്കേതിക കാരണങ്ങളാൽ തെളിവുകൾ കോടതി നിരസിച്ചു.
കുറ്റകൃത്യങ്ങൾ ചെയ്ത സ്ഥലം, മോഷ്ടിച്ച സ്വർണക്കമ്മൽ വിൽപന ചെയ്ത കൂത്തുപറമ്പിലെ ജ്വല്ലറി സംബന്ധിച്ച വിവരങ്ങൾ എന്നിവ നിയമാനുസരണവും സ്വീകാര്യവുമാണെന്ന് കോടതി കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂട്ടറെയും വിധി ന്യായത്തിൽ കോടതി അഭിനന്ദിക്കുകയും ചെയ്തു.
അതിജീവിത, പ്രധാന സാക്ഷികൾ, തദ്ദേശവാസികൾ എന്നിവരുടെ നീതി ബോധത്തിലും സത്യസന്ധതയിലും കോടതി നന്ദി രേഖപ്പെടുത്തി. പ്രതിയുടെ മാതാവിന് പ്രായാധിക്യം ഉണ്ടെന്നും പ്രതി വിവാഹിതനാണെന്നും ഇക്കാര്യം കോടതി പരിഗണിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചെങ്കിലും അംഗീകരിച്ചില്ല.
തെളിവുകൾ നിർണായകമായി
2024 മേയ് 15ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തിന് ശേഷം സലീം തലശ്ശേരിയിൽ എത്തി. അവിടെ നിന്ന് ചെറുവണ്ണൂരിലെത്തി സഹോദരിയെയും കൂട്ടി കൂത്തുപറമ്പിൽ ചെന്നാണ് സ്വർണം പണയപ്പെടുത്തിയത്.
ഇതിന് ശേഷം സഹോദരിയെ ഓട്ടോയിൽ കയറ്റി വിട്ട് സലീം വിരാജ്പേട്ടയിലേക്ക് ബസ് കയറി. ഇവിടെ നിന്ന് മൈസൂരുവിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും അവിടെ നിന്ന് മുംബൈയിലേക്കും പോയി.
പിന്നീട് ആന്ധ്രയിലെ അഡോണിയിൽ സിമന്റ് ഫാക്ടറിയിൽ ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് അവിടേക്ക് ട്രെയിൻ കയറിയത്. എന്നാൽ സിമെന്റ് ഫാക്ടറി എവിടെയാണെന്ന് കണ്ടെത്താൻ സലീമിന് കഴിഞ്ഞില്ല.
ഇതോടെ ആണ് കൂട്ടുകാരിയുടെ സഹായത്തോടെ റായ്ച്ചൂരിലെ തോട്ടത്തിൽ ജോലി കിട്ടുമോയെന്ന് അന്വേഷിച്ചത്.
ഇതിന് വേണ്ടി ബെംഗളൂരുവിലേക്ക് വരാൻ നിൽക്കുമ്പോഴാണ് പൊലീസ് വലയിലായത്. സംഭവം നടന്ന് 9മത്തെ ദിവസമായിരുന്നു അറസ്റ്റ്.പ്രതിയെ അറസ്റ്റ് ചെയ്ത ഒരു മാസം കൊണ്ടു തന്നെ അന്നത്തെ ഹൊസ്ദുർഗ് ഇൻസ്പെക്ടറായിരുന്ന എം.പി.ആസാദ് കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചിരുന്നു.
300 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. രക്ത സാംപിൾ, പ്രതി ധരിച്ച വസ്ത്രം, ബാഗ്, ടോർച്ച്, സംഭവം നടന്ന സ്ഥലത്ത് നിന്നു കിട്ടിയ തലമുടി, 20, 50 രൂപ നോട്ടുകൾ, സിസിടിവി ദൃശ്യങ്ങൾ, കുട്ടി ഹൊസ്ദുർഗ് മജിസ്ട്രേട്ടിന് നൽകിയ മൊഴി, വില്ലേജ് ഓഫിസറുടെ സൈറ്റ് പ്ലാൻ തുടങ്ങിയവയാണ് കോടതി പരിഗണിച്ചത്.
പീഡിപ്പിച്ച ശേഷം കുട്ടിയുടെ കാതിൽ നിന്ന് അഴിച്ചെടുത്ത സ്വർണക്കമ്മൽ വിൽക്കാൻ സലീമിനെ സഹായിച്ചത് സഹോദരിയായിരുന്നു.
6500 രൂപയ്ക്കാണ് കമ്മൽ വിറ്റത്. ഇതിന്റെ സ്ലിപ് കൂത്തുപറമ്പിലെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.
60 സാക്ഷി മൊഴികളും 117 രേഖകളും 17 തൊണ്ടി മുതലും കേസിൽ കോടതി പരിഗണിച്ചു.
ഭാര്യ പോലും പ്രതിക്കെതിരെ
ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയില്നിന്ന് കല്യാണം കഴിച്ച് നാലു മക്കളുള്ള ആളാണ് ക്രൂരത നടത്തിയതെന്ന് നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രതി സ്ഥിരമായി ഇവിടെ താമസിക്കാറുമില്ലായിരുന്നു.
വിചാരണക്കോടതിയിൽ പ്രതിയുടെ ഭാര്യ പോലും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയെന്നതും ശ്രദ്ധേയം. പ്രദേശത്തെ സിസി ടിവികളിൽ നിന്ന് പ്രതിയുടെ വ്യക്തമല്ലാത്ത ചിത്രങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ദൃശ്യങ്ങളിലെ ഇരുട്ടിൽ പ്രതിയെ തിരിച്ചറിയുന്നതിൽ പ്രതിയുടെ വെളുത്ത ചെരിപ്പ് നിർണായകമായി. സംഭവത്തിന് തലേനാൾ രാത്രി കട
അടച്ച ശേഷം സിഗരറ്റ് വാങ്ങാൻ യുവാവ് വന്ന വിവരം പ്രദേശത്തെ വീട്ടമ്മ പൊലീസിനെ അറിയിച്ചിരുന്നു. അവർ പറഞ്ഞ പ്രകാരമുണ്ടാക്കിയ രേഖാചിത്രം സലീമിന്റെത് തന്നെയായിരുന്നു.
കൂട്ടുകാരിയെ വിളിച്ചു, കുടുങ്ങി
ഒരു വർഷമായി ഫോൺ ഉപയോഗിക്കാത്ത പ്രതി കൂട്ടുകാരിയെയും ബന്ധുക്കളെയും വിളിച്ചതാണ് നിർണായകമായത്.
മദ്യലഹരിയിൽ വീണു കിടന്ന ആളുടെ ഫോണിൽ നിന്നാണ് ഇയാൾ ഇവരെ വിളിച്ചത്. ഈ ഫോൺ വിളി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആന്ധ്രയിലെ അഡോണിയിൽ പൊലീസ് സംഘം എത്തുന്നത്.
പ്രതിയുടെ അടുത്ത വിളിക്കായി പൊലീസ് കാത്തിരുന്നു. വീണ്ടും കൂട്ടുകാരിയെ വിളിച്ചതോടെ പ്രതി അഡോണിക്ക് സമീപത്ത് തന്നെയുണ്ടെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.
ബെംഗളൂരുവിലേക്ക് പോകാനായി സലീം അഡോണിക്കും തിരുപ്പൂരിനും ഇടയിലുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ കയറിയത്. ജനറൽ ടിക്കറ്റിൽ എസി കംപാർട്മെന്റിൽ കയറിയ സലീമിനെ ടിക്കറ്റ് പരിശോധകൻ പിടികൂടി.
അഡോണിയിൽ ഇറക്കി വിട്ടു. സലീം ചെന്നു പെട്ടത് സ്റ്റേഷനിൽ കാത്തിരിക്കുകയായിരുന്ന പൊലീസ് സംഘത്തിന്റെ മുൻപിലേക്കായിരുന്നു.
”ഒരു സാക്ഷി പോലും കൂറുമാറിയില്ല. വിധിയിൽ സംതൃപ്തി ഉണ്ടെങ്കിലും വധ ശിക്ഷ കിട്ടാൻ ഹൈക്കോടതിയെ സമീപിക്കും.”
എ.ഗംഗാധരൻ (പബ്ലിക് പ്രോസിക്യൂട്ടർ)
”പ്രതി ആരാണ് എന്ന് തിരിച്ചറിയാതെ 5 ദിവസത്തോളം പ്രതിസന്ധിയായിരുന്നു.
ഈ ഘട്ടത്തിൽ അന്വേഷണ ടീമിനെ അനാവശ്യമായി സമ്മർദത്തിലാക്കാതെ കുട്ടിയുടെ കുടുംബവും നാട്ടുകാരും മാധ്യമ പ്രവർത്തകരും കൂടെ നിന്നു.”
എം.പി.ആസാദ് (അന്വേഷണ ഉദ്യോഗസ്ഥൻ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]