
ആലപ്പുഴ∙60വർഷമായി നഗരത്തിൽ താമസിക്കുന്നയാളിന്റെയും ഭാര്യയുടെയും മക്കളുടെയും പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തതായി പരാതി. പരാതിക്കാരന്റെ വിശദീകരണം കേൾക്കാൻ 20ാം തീയതി നഗരസഭയിൽ ഹാജരാകണമെന്ന നോട്ടിസ് ഇവർക്ക് ലഭിച്ചത് ഇന്നലെയാണ്.
മുനിസിപ്പൽ ഉദ്യോഗസ്ഥർ വീട്ടിലെത്തി ഹിയറിങ്ങിന് നോട്ടിസ് നൽകിയപ്പോഴാണ് സിവിൽസ്റ്റേഷൻ വാർഡിൽ വാലുപറമ്പിൽ മുഹമ്മദ് സലീം,ഭാര്യ ഷൈല, മക്കളായ മുഹമ്മദ് അസീം, മുഹമ്മദ് അഫ്സൽ എന്നിവർ തങ്ങൾക്ക് വോട്ടവകാശം നഷ്ടമായ കാര്യം അറിഞ്ഞത്.കഴിഞ്ഞ പാർലമെന്റ്,നിയമസഭ തിരഞ്ഞെടുപ്പുകളിലെല്ലാം ഇവർ വോട്ട് ചെയ്തിരുന്നു. മൻസൂർഖാൻ എന്നയാളുടെ പരാതിയിലാണ് പേര് നീക്കം ചെയ്തത് എന്നാണു ഹിയറിങ് നോട്ടിസിൽ പറയുന്നത്.
കാഞ്ഞിരപ്പള്ളിയിൽ താമസിക്കുന്നു എന്ന കാരണത്താലാണ് പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തതെന്നാണ് നോട്ടിസിൽ പറയുന്നത്.
എന്നാൽ 60 വർഷത്തിലധികമായി ഇവിടെ സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്നും എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിട്ടുണ്ടെന്നും സലീമിന്റെ കുടുംബം പറയുന്നു. സലീമിന്റെ ഭാര്യയും മക്കളും ഇന്ന് മുനിസിപ്പാലിറ്റിയിൽ നടക്കുന്ന ഹിയറിങ്ങിൽ ഹാജരാകണമെന്നും സലീം 20ാം തീയതിയിലെ സിറ്റിങ്ങിനു ഹാജരാകണമെന്നുമാണ് നോട്ടിസിലുള്ളത്.
പിഡബ്ല്യുഡിയിൽ നിന്നും വിരമിച്ച സലീമിന് 15 വർഷം മുൻപ് പക്ഷാഘാതം വന്ന് ഇടതു വശം തളർന്നതാണ്.
തുടർന്ന് പരസഹായമില്ലാതെ നടക്കാൻ കഴിയില്ല. എങ്കിലും സലീമും ഭാര്യയും വോട്ടവകാശം സംരക്ഷിക്കുന്നതിനായി ഇന്ന് നഗരസഭയിൽ ഹാജരാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]