
എലത്തൂർ (കോഴിക്കോട്) ∙ 6 വർഷം മുൻപു കാണാതായ യുവാവ് അമിതമായ അളവിൽ ലഹരി കുത്തിവച്ചതിനെ തുടർന്നു മരിച്ചതാണെന്നും മൃതദേഹം കോഴിക്കോട് നഗരത്തിലെ സരോവരം പാർക്കിനു സമീപത്തെ ചതുപ്പിൽ കെട്ടിത്താഴ്ത്തിയെന്നും സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ. 2019 മാർച്ച് 24നു വീട്ടിൽ നിന്നു ബൈക്കിൽ പോയ ശേഷം കാണാതായ വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ വീട്ടിൽ കെ.ടി.വിജിൽ മരിച്ചതായും (29) തെളിവു നശിപ്പിക്കാൻ ചതുപ്പിൽ താഴ്ത്തിയതായുമാണ് എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ (35), വേങ്ങേരി തടമ്പാട്ട്താഴം ചെന്നിയാംപൊയിൽ ദീപേഷ് (37) എന്നിവർ പൊലീസിനു മൊഴി നൽകിയത്.
കേസിൽ ഉൾപ്പെട്ട
മൂന്നു പ്രതികളിൽ രണ്ടു പേരെ എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത് ഒളിവിലാണ്.
നരഹത്യ, സംഘം ചേർന്നുള്ള കുറ്റകൃത്യം, തെളിവു നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവു കാണിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ചാണു കേസെടുത്തിരിക്കുന്നത്. വിജിലിന്റെ തിരോധാനം സംബന്ധിച്ച കേസിന്റെ അന്വേഷണത്തിനിടെയാണു പ്രതികളുടെ മൊഴി ലഭിച്ചത്.
ഇലക്ട്രീഷ്യൻ ആയിരുന്നു വിജിൽ.
പിതാവ് വേലത്തിപ്പടിക്കൽ വീട്ടിൽ വിജയൻ. അമ്മ വി.കെ.വസന്ത.
പ്രതികളുടെ മൊഴി അടിസ്ഥാനമാക്കി പൊലീസ് പറയുന്നത്: ‘അമിത അളവിൽ ബ്രൗൺ ഷുഗർ കുത്തിവച്ചതിനെ തുടർന്നു മരണം സംഭവിച്ചതായാണു സംശയം. 4 പേരും നേരത്തെ തന്നെ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണ്.
സരോവരം പാർക്കിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ വച്ച്, സംഭവദിവസവും 4 പേരും ഒരുമിച്ചു ലഹരിമരുന്ന് ഉപയോഗിച്ചു. നിഖിൽ ആണ് വിജിലിനു ലഹരിമരുന്ന് കുത്തിവച്ചത്.
തുടർന്നു 4 പേരും ഏറെ നേരം മയങ്ങിക്കിടന്നു.
രാത്രിയിൽ, വിജിലിനെ വിളിച്ചുവെങ്കിലും എഴുന്നേറ്റില്ല. വിജിൽ മരിച്ചുവെന്നു മനസിലാക്കി, മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് ബാക്കി 3 പേരും വീടുകളിലേക്കു മടങ്ങി.
പിറ്റേന്ന് ഇതേ സ്ഥലത്തു തിരിച്ചെത്തി, 3 പ്രതികളും ചേർന്ന് മൃതദേഹം സമീപത്തെ ചതുപ്പിൽ താഴ്ത്തുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ പ്രതികൾ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.’
ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരുന്ന നിഖിലിനെ അവിടെവച്ച് ഞായറാഴ്ച കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ദീപേഷിനെ എലത്തൂർ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
ദീപേഷും കുറ്റം സമ്മതിച്ചു. കൊയിലാണ്ടി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ, സരോവരം ബയോ പാർക്കിനു സമീപത്തെ ചതുപ്പിൽ എത്തിച്ച് തെളിവെടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]