
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ നാളെ (ഓഗസ്റ്റ് 27) പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച കരട് നോട്ടിസ് ട്രംപ് ഭരണകൂടം പുറത്തിറക്കി.
ഇന്ത്യയുമായി സമവായത്തിനില്ലെന്ന് വ്യക്തമാക്കുന്നതാണ് യുഎസിന്റെ ഈ നടപടി. ട്രംപ് മധ്യസ്ഥത വഹിച്ച യുക്രെയ്ൻ-റഷ്യ സമാധാനനീക്കം പൊളിഞ്ഞ സാഹചര്യത്തിൽക്കൂടിയാണ് ഇന്ത്യയ്ക്കെതിരെ കനത്തചുങ്കം ചുമത്തുന്ന നീക്കവുമായി മുന്നോട്ടുപോകാൻ യുഎസിനെ പ്രേരിപ്പിച്ചത്.
റഷ്യൻ പ്രസിഡന്റ് പുട്ടിന് യുക്രേനിയൻ നേതാവ് സെലെൻസ്കിയെ ഇഷ്ടമല്ലെന്നും അതാണ് ഇരുവരും തമ്മിലെ ചർച്ചയ്ക്ക് പുട്ടിൻ തയാറാകാത്തതെന്നും ട്രംപ് ആരോപിച്ചു.
സമാധാന ചർച്ചകൾക്ക് റഷ്യ വഴങ്ങിയില്ലെങ്കിൽ, റഷ്യയുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ ട്രംപ് ചൈനയ്ക്കുനേരെയും കടുത്ത രോഷം പ്രകടിപ്പിച്ചു. ചൈന ‘അപൂർവ ധാതുക്കളുടെ’ (റെയർ എർത്ത്) കയറ്റുമതി നിയന്ത്രിക്കുന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്.
അമേരിക്കയ്ക്ക് ആവശ്യമായ മാഗ്നെറ്റുകൾ നൽകാൻ തയാറാകുന്നില്ലെങ്കിൽ, ചൈനയ്ക്കുമേൽ 200 ശതമാനമോ അതിലേറെയോ തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞു.
വഴങ്ങില്ലെന്ന് മോദി
ലോകം സ്വന്തം സാമ്പത്തിക താൽപര്യത്തിന്റെ പുറത്ത് രാഷ്ട്രീയം കളിക്കുന്ന തിരക്കിലാണെന്നും ഇന്ത്യയ്ക്കുമേലുള്ള സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചെറുകിട
കർഷകർ, സംരംഭകർ, ക്ഷീരകർഷകർ എന്നിവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും മോദി അഹമ്മദാബാദിൽ പറഞ്ഞു.
ഇവിടെ തീരില്ല, താരിഫ് പ്രഹരം
താരിഫ് കൊണ്ട് മറ്റു രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്ന തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയും ട്രംപ് നൽകി. ഡിജിറ്റൽ സേവന നികുതികൾ (ഡിഎസ്ടി) ഈടാക്കുന്ന രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ പ്രഖ്യാപിക്കുമെന്നും ആ രാജ്യങ്ങൾക്ക് യുഎസിന്റെ ചിപ്പുകൾ (സെമികണ്ടക്ടർ) നൽകില്ലെന്നും ട്രംപ് പറഞ്ഞു.
ഏകാധിപതി ആകാനില്ല; പക്ഷേ, ചിലർ അത് ആഗ്രഹിക്കുന്നു!
താൻ ഏകാധിപതി ആകാനില്ലെന്ന് പ്രസിഡന്റ് ട്രംപ്.
‘‘ചിലർ എന്നെ ഏകാധിപതി എന്നു വിളിക്കുകയാണ്. ഞാനൊരു ഏകാധിപതി ആകണമെന്ന് ചിലർ ആഗ്രഹിക്കുന്നുമുണ്ട്.
പക്ഷേ, എനിക്കത് ഇഷ്ടമല്ല. ഞാനൊരു ഏകാധിപതി അല്ല’’, ട്രംപ് പറഞ്ഞു.
അതേസമയം, അമേരിക്കയിലെ ചില സ്ഥാപനങ്ങൾ നടത്തിയ സർവേയിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും പാർട്ടിയോട് അനുഭാവമുള്ള സ്വതന്ത്രരും ട്രംപ് കൂടുതൽ കരുത്തനാകണമെന്ന് ആഗ്രഹിക്കുന്നതായി പറയുന്നു. 74% റിപ്പബ്ലിക്കൻമാരും അതാഗ്രഹിക്കുന്നു.
കോൺഗ്രസിനെയും സെനറ്റിനെയും കോടതികളെയും ഭയക്കാതെ ഭരിക്കാൻ ട്രംപിന് കഴിയണമെന്നും അവർ പറയുന്നു.
ഫെഡ് ഗവർണർ കുത്തിനെ കസേര തെറിച്ചു
വായ്പാച്ചട്ടങ്ങളിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഗവർണർ ലിസ കുക്കിനെ പദവിയിൽ നിന്ന് ട്രംപ് പുറത്താക്കി. ട്രംപും യുഎസ് ഫെഡറൽ റിസർവും തമ്മിലെ പോര് വീണ്ടും കടുക്കുകയാണെന്ന സൂചനയുമായി ഇത്.
യുഎസ് ഓഹരി വിപണികളുടെ വീഴ്ചയ്ക്കും ഇതുവഴിവച്ചു. ഡൗ ജോൺസ് 349 പോയിന്റ് (-0.8%) ഇടിഞ്ഞു.
എസ് ആൻഡ് പി500 സൂചിക 0.4%, നാസ്ഡാക് 0.2% എന്നിങ്ങനെയും നഷ്ടത്തിലായി.
കേന്ദ്രബാങ്കിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ ട്രംപ് ഇടപെടുകയാണെന്ന ആശങ്കയാണ് ഓഹരികളെ വലച്ചത്. സെപ്റ്റംബറിൽ ചേരുന്ന പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന സൂചന യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ നൽകിയിരുന്നു.
ട്രംപ്-ഫെഡ് ഭിന്നത കടുത്താൽ ഈ നീക്കങ്ങൾ തകിടംമറിഞ്ഞേക്കാമെന്ന ഭീതിയും ഓഹരികളിലുണ്ട്.
∙ ലിസ കുക്കിനെ പുറത്താക്കിയ ട്രംപിന്റെ നടപടിക്ക് പിന്നാലെ യുഎസ് ഡോളർ ദുർബലമായി. ഡോളർ ഇൻഡക്സ് 0.17% ഇടിഞ്ഞ് 98.26ൽ എത്തി.
∙ ഡോളറിന്റെ വീഴ്ച സ്വർണത്തിനാകട്ടെ നേട്ടവുമായി.
രാജ്യാന്തര സ്വർണവില 3,352 ഡോളറിൽ നിന്ന് 3,385 ഡോളറിലേക്കുവരെ കുതിച്ചുകയറി. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,378 ഡോളറിൽ.
കേരളത്തിൽ ഇന്നു സ്വർണവില തിരിച്ചുകയറിയേക്കാം.
∙ യുഎസിൽ സ്റ്റോക്ക് ഫ്യൂച്ചേഴ്സ് 0.35% വരെ ഇടിഞ്ഞതും ട്രംപ് വീണ്ടും തീരുവപ്പോര് കടുപ്പിക്കുന്നതും ഏഷ്യൻ, യൂറോപ്യൻ ഓഹരി വിപണികൾക്കും തിരിച്ചടിയായി.
∙ ജാപ്പീനീസ് നിക്കേയ് 1.02%, ചൈനയിൽ ഷാങ്ഹായ് സൂചിക 0.16%, ഹോങ്കോങ് വിപണി 0.24% എന്നിങ്ങനെ ഇടിഞ്ഞു. യൂറോപ്പിൽ ഡാക്സ് വീണത് 0.37%.
∙ ചിപ് കമ്പനിയായ ഇന്റലിന്റെ 10% ഓഹരികൾ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ട്രംപ് ഭരണകൂടം.
ഇതിന് ഇന്റൽ വഴങ്ങിയെങ്കിലും ആശങ്ക പ്രകടിപ്പിച്ചു. ട്രംപിന്റെ നീക്കം ഓഹരി ഉടമകളെ നിരാശരാക്കുമെന്നും വിദേശത്തെ വിൽപനയെ ബാധിക്കുമെന്നും ഇന്റൽ അഭിപ്രായപ്പെട്ടു.
ഗിഫ്റ്റ് നിഫ്റ്റി താഴ്ന്നു; ഇന്ത്യയിലും ആശങ്ക
ട്രംപ് പ്രഖ്യാപിച്ച കനത്ത തീരുവ നാളെ പ്രാബല്യത്തിൽ വരാനിരിക്കുന്നതും വിദേശ ഓഹരി വിപണികളുടെ തളർച്ചയും ഇന്ത്യൻ വിപണിയിലും ഇന്ന് സമ്മർദപ്പേമാരിയാകുമെന്ന സൂചന ഗിഫ്റ്റ് നിഫ്റ്റി രാവിലെ നൽകിക്കഴിഞ്ഞു.
10 പോയിന്റ് താഴ്ന്നായിരുന്നു രാവിലെ വ്യാപാരം. ഒരുഘട്ടത്തിൽ 70 പോയിന്റുവരെ താഴുകയും ചെയ്തു.
സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ വ്യാപാരം തുടങ്ങാനാണ് സാധ്യത. യുഎസിൽ പലിശനിരക്ക് കുറയാനുള്ള സാധ്യത, ശമനമില്ലാത്ത റഷ്യ-യുക്രെയ്ൻ സംഘർഷം എന്നിവമൂലം ക്രൂഡ് ഓയിൽ വില കൂടുന്നതും ഇന്ത്യൻ വിപണിക്ക് ആശങ്കയാണ്.
ഇന്ത്യയുടെയും യുഎസിന്റെയും ജൂൺപാദ ജിഡിപി വളർച്ചാക്കണക്ക് ഈയാഴ്ച അറിയാമെന്നതും ആശങ്ക കൂട്ടുന്നു.
യുഎസിൽ ജൂലൈയിൽ ഭവന വിൽപന 0.6% താഴ്ന്നത്, രാജ്യത്ത് സാമ്പത്തികഞെരുക്കമുണ്ടെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയിൽ, വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വീണ്ടും വിൽക്കലുകാരായി.
ഇന്നലെ അവർ 2,466 കോടി രൂപ പിൻവലിച്ചു. രൂപ ഡോളറിനെതിരെ 4 പൈസ താഴ്ന്ന് 87.56ലും എത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]