
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിന് മൂന്നാമതൊരു അനക്സ് മന്ദിരം കൂടി വരുന്നു. പ്രധാന കെട്ടിട സമുച്ചയത്തിനു സമീപത്ത്, നിലവിലെ 2 അനക്സുകൾക്കിടയിലെ 40 സെന്റിലാണ് 6 നിലകളുള്ള പുതിയ മന്ദിരം നിർമിക്കുക.
മന്ദിരത്തിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. സ്വകാര്യ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം കഴിഞ്ഞകൊല്ലം സർക്കാർ ഏറ്റെടുത്തിരുന്നു.
മുഖ്യമന്ത്രിയുടേതടക്കം 6 മന്ത്രിമാരുടെ ഓഫിസുകളും വിവിധ സെക്ഷനുകളുമാണ് ഈ മന്ദിരത്തിൽ ഉണ്ടാവുകയെന്നാണ് പ്രാഥമിക സൂചന.
രണ്ടാഴ്ചയ്ക്കുള്ളിൽ ത്രിമാന രൂപരേഖ സമർപ്പിക്കണമെന്ന് പൊതുഭരണ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. ഭൂമിക്കടിയിൽ രണ്ടു നിലകളുള്ള പാർക്കിങ് ഒരുക്കുന്നതും ആലോചനയിലുണ്ട്. പ്രധാന മന്ദിരത്തിലെ അഞ്ചു ബ്ലോക്കുകളും രണ്ട് അനക്സുകളും ഉൾപ്പെടുന്ന സെക്രട്ടേറിയറ്റിൽ 47 വകുപ്പുകളിലായി 5500ലേറെപ്പേരാണ് ജോലി ചെയ്യുന്നത്.
സെക്രട്ടേറിയറ്റിന്റെ പ്രധാന മന്ദിരവും അനക്സ് മന്ദിരങ്ങളും ബന്ധിപ്പിച്ച് ഭൂഗർഭ ഇടനാഴി, അല്ലെങ്കിൽ മേൽപാലം എന്നിവയിലൊന്ന് നിർമിക്കുന്നതിനു ശുപാർശ സമർപ്പിക്കാനും യോഗം നിർദേശിച്ചു. സെക്രട്ടേറിയറ്റിനു തൊട്ടുള്ള സെൻട്രൽ സ്റ്റേഡിയത്തിന് അടിയിലായി അറ നിർമിച്ച് ജീവനക്കാരുടെ വാഹനങ്ങൾക്ക് പാർക്കിങ് ക്രമീകരിക്കുന്നതും ആലോചനയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]