
കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് സംഭവത്തിന് ഏതാനും ദിവസം മുൻപ് കൊല്ലത്തെ മറ്റൊരു ആശുപത്രിയിൽ നിന്നു മൂർച്ചയേറിയ സർജിക്കൽ ഉപകരണങ്ങൾ കൈവശപ്പെടുത്താൻ ശ്രമിച്ചതായി കേസിലെ സാക്ഷി.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ സുധീഷാണ് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുൻപാകെ മൊഴി നൽകിയത്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സംഭവം നടക്കുന്നതിന് 4 ദിവസം മുൻപ് പ്രതിയുടെ അമ്മ രോഗബാധിതയായി കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്നപ്പോൾ പ്രതി ഹോസ്പിറ്റലിലെ നഴ്സിങ് ജീവനക്കാരനായ തന്നോട് ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നു. തുടർന്ന് അവിടെ ഉണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈവശപ്പെടുത്താൻ ശ്രമിച്ചു.
എന്നാൽ താൻ കണ്ടതിനാൽ പ്രതി ഉപകരണങ്ങൾ തിരികെ വച്ചതായും സാക്ഷി കോടതിയിൽ മൊഴി നൽകി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സർജിക്കൽ കത്രിക കൈവശപ്പെടുത്തുകയും അതുപയോഗിച്ച് വന്ദനയെ കൊലപ്പെടുത്തുകയും ചെയ്ത പ്രതിയുടെ പ്രവർത്തന രീതി തെളിയിക്കാനാണ് പ്രോസിക്യൂഷൻ ഈ സാക്ഷിയെ വിസ്തരിച്ചത്.
പ്രതി ജോലി ചെയ്തു വന്നിരുന്ന നെടുമ്പന യുപി സ്കൂളിലെ പ്രധാനാധ്യാപിക സൂസൻ ജോർജിനെയും വിസ്തരിച്ചു.
പ്രതിക്ക് യാതൊരു സ്വഭാവ തകരാറുകളും സ്കൂളിൽ ജോലി ചെയ്ത സമയത്ത് ഉണ്ടായിരുന്നില്ലെന്നും സ്കൂളിൽ കൃത്യമായി വരാറുണ്ടായിരുന്നെന്നും സ്കൂളിൽ പ്രതി നടത്തിയ കവിതാലാപാനം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നതായും ഇവർ മൊഴി നൽകി. വന്ദന കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പ്രതിയെ പിരിച്ചുവിട്ടിരുന്നു.മാനസിക വിഭ്രാന്തി കാരണം പ്രതി അക്രമാസക്തനായി എന്നുള്ള പ്രതിഭാഗത്തിന്റെ ആരോപണങ്ങളെ തള്ളുന്ന മൊഴികളാണ് സാക്ഷി കോടതിയിൽ നൽകിയത്.സംഭവ കാലഘട്ടത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ നഴ്സിങ് സൂപ്പർവൈസർ ആയിരുന്ന ലിസിയാമ്മ ചാക്കോയെയും കോടതി വിസ്തരിച്ചു.
അത്യാഹിത വിഭാഗത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് റജിസ്റ്ററുകൾ സൂക്ഷിക്കുന്ന പതിവ് ഉണ്ടെന്നും സംഭവദിവസം ഹോസ്പിറ്റലിലെ കത്രികകളിൽ ഒരെണ്ണം കുറവാണെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും സാക്ഷി മൊഴി നൽകി. കേസിലെ തുടർ സാക്ഷി വിസ്താരം 30ന് നടക്കും.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]