
ഇരിട്ടി ∙ ബ്രിട്ടിഷ് ഭരണകാലത്തു വെട്ടിത്തുറന്ന ചുരം പാത മലയാളികൾക്കും കുടകർക്കുമിടയിൽ വളഞ്ഞുപുളഞ്ഞു പോകുന്ന ഒരു റോഡ് മാത്രമല്ല. 2 സംസ്കാരങ്ങളെയും 2 സംസ്ഥാനങ്ങളെയും 2 ഭാഷകളെയും ബന്ധിപ്പിക്കുന്ന സംസ്ഥാനാന്തര ഇടനാഴി കൂടിയാണ്.
തലശ്ശേരിയിൽ തുടങ്ങി വിരാജ്പേട്ടയിൽ അവസാനിക്കുന്ന ഈ സംസ്ഥാനാന്തരപാത നേരത്തേ മുതൽ അറിയപ്പെടുന്നതു ടിസി റോഡ് (തലശ്ശേരി – കൂർഗ് റോഡ്) എന്നാണ്. കുടകിന്റെ വൈവിധ്യമാർന്ന ടൂറിസം കേന്ദ്രങ്ങളിലേക്കും മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ വിദ്യാഭ്യാസ ഹബ്ബുകളിലേക്കുമായി ആയിരക്കണക്കിനു മലയാളികൾ ദിവസേന ഈ പാതയെ ആശ്രയിക്കുന്നു.
അതേസമയം തന്നെ കടലിന്റെ മനോഹര കാഴ്ചയൊരുക്കുന്ന പയ്യാമ്പലം ബീച്ച്, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, കണ്ണൂർ കോട്ട എന്നിവ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ, വയത്തൂർ കാലിയാർ, കുന്നത്തൂർപ്പാടി, പറശ്ശിനിക്കടവ്, കൊട്ടിയൂർ, മുഴക്കുന്ന് ക്ഷേത്രങ്ങളിലേക്കുള്ള തീർഥാടനം എന്നീ ലക്ഷ്യങ്ങളുമായി ആയിരക്കണക്കിനു കർണാടക സ്വദേശികൾ തിരിച്ചും ഈ പാതയെ ആശ്രയിക്കുന്നുണ്ട്. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ മൈസൂരിനിപ്പുറമുള്ള യാത്രക്കാർ മട്ടന്നൂരിനെ ആശ്രയിച്ചുത്തുടങ്ങി.
ഉത്തര കേരളത്തിലേക്കുള്ള പഴം, പച്ചക്കറി, പൂക്കൾ, മാംസം, കാപ്പി, കുരുമുളക്, തേയില, വൈക്കോൽ, മറ്റു പലവ്യഞ്ജനങ്ങൾ എന്നിവയെത്തുന്നതും ചുരം റോഡ് വഴിയാണ്.
കേരളത്തിൽനിന്നു വെളിച്ചെണ്ണ, തേങ്ങ, മത്സ്യം, ചെങ്കല്ല് തുടങ്ങിയവ കുടകിലേക്കും എത്തുന്നു. ഇരുസംസ്ഥാനങ്ങൾക്കും ചെക്ക്പോസ്റ്റുകൾ വഴി നേരിട്ടും പരോക്ഷമായും കോടിക്കണക്കിനു രൂപയുടെ നേട്ടമുണ്ടാകുന്നതിനൊപ്പം ഗതാഗതരംഗത്ത് ഇരുസംസ്ഥാനങ്ങൾക്കും ജീവനാഡിയായും പ്രവർത്തിക്കുന്നതാണ് ഈ പാത.
ചുരം റോഡിലെ ചെറിയ ഗതാഗതതടസ്സം പോലും വലിയ പ്രത്യാഘാതമാണു സൃഷ്ടിക്കുന്നത്. അതു കൂടുതൽ ബാധിക്കുന്നതു മലയാളികളെയാണെന്നതു കേരളത്തിന്റെ ഭരണാധികാരികൾ തിരിച്ചറിയേണ്ടതുണ്ട്.
കുടക് ജില്ലയിലെ 5.5 ലക്ഷം ജനങ്ങളിൽ 40 ശതമാനവും മലയാളികളാണ്.
120 കിലോമീറ്റർ അധികം ചുറ്റണം
ചുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടാൽ കേരളത്തിലേക്കുള്ള ദൂരം വല്ലാതെ നീളും. മംഗളൂരു – മഞ്ചേശ്വരം വഴിയോ മൈസൂരിൽനിന്ന് ഊട്ടി റോഡ് – ഗുണ്ടൽപേട്ട
– കോഴിക്കോട് വഴിയോ വാവലി – മുത്തങ്ങ വഴിയോ വരണം. 120 കിലോമീറ്ററിൽ അധികം ദൂരമാണു സഞ്ചരിക്കേണ്ടത്.
ദക്ഷിണേന്ത്യയുടെ കശ്മീർ
വേനലിലെ നട്ടുച്ചയിലും കുളിരു പെയ്തിറങ്ങുന്ന സ്വപ്നഭൂമി.
പച്ചപ്പിന്റെ പുതപ്പണിഞ്ഞ മലഞ്ചെരിവുകളിൽ വെള്ളിക്കൊലുസിട്ട നിലയിൽ പെയ്തിറങ്ങുന്ന കോടമഞ്ഞ്.
ഉത്തരകേരളത്തോടു ചേർന്നു കിടക്കുന്ന കുടക് ജില്ല വിനോദസഞ്ചാരികളുടെ പറുദീസയാണ്. കൊടുംവേനലിലും മഞ്ഞ് വർഷിക്കുന്ന നാട്ടിൽ പ്രകൃതിയൊരുക്കിയ മനോഹരക്കാഴ്ചകളുമായി ഒട്ടേറെ ടൂറിസം സ്പോട്ടുകളുണ്ട്.
ജില്ലയുടെ ഏത് അതിർത്തിയിൽ പ്രവേശിച്ചാലും വനവും തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഓറഞ്ചുത്തോട്ടങ്ങളും നിറഞ്ഞ ഈ സുന്ദരഭൂമിയിലെ ഡ്രൈവിങ് തന്നെ മനസ്സ് നിറയ്ക്കും.
കണ്ണൂർ ജില്ലയിൽ നിന്നുള്ള യാത്രയിൽ മാക്കൂട്ടം അതിർത്തി കഴിഞ്ഞ് 19 കിലോമീറ്ററോളം വനപാതയിലൂടെ സഞ്ചരിച്ചാൽ ചുരം പാത അവസാനിക്കുന്ന പെരുമ്പാടിയിൽ മനോഹരമായ തടാകമുണ്ട്. ചില സമയങ്ങളിൽ കാട്ടാനകൾ വെള്ളം കുടിക്കാനായി ഇറങ്ങും.
ഈ തടാകക്കരയിൽ നിന്നാൽ കുടകിന്റെ സൗന്ദര്യമായ കോടമഞ്ഞിന്റെ ഭംഗിയും ആസ്വദിക്കാനാകും. പെരുമ്പാടി ചെക്പോസ്റ്റ് കഴിഞ്ഞാൽ വയലുകൾക്കും കാപ്പി – തേയിലത്തോട്ടങ്ങൾക്കും നടുവിലൂടെയായി യാത്ര.
ചുരം പാത; മേമൻ കാണിച്ച വഴി
ബ്രിട്ടിഷുകാരുടെ വ്യാപാര ആവശ്യങ്ങളിൽനിന്നാണു ചുരം പാതയുടെ നിർമാണമെന്നാണു ചരിത്രം.
കുടകിൽനിന്നു യഥേഷ്ടം ലഭിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളും തടികളും തലശ്ശേരിയിലെത്തിച്ചു കടൽ മാർഗം ഇംഗ്ലണ്ടിലേക്കു കടത്തണം. ഇതിനു തലശ്ശേരി വരെയുള്ള പാതയായി കണ്ടെത്തിയതാണ് ഇന്നത്തെ ടിസി റോഡ്. മേമൻ എന്ന ആദിവാസിയാണു ചുരം റോഡിന്റെ സാധ്യത ബ്രിട്ടിഷുകാർക്കു കാണിച്ചു കൊടുത്ത വഴികാട്ടി.
സമർഥനായ ഇയാൾ ഭാവിയിൽ തങ്ങൾക്കു ഭീഷണിയാകുമോ എന്നു ഭയന്നു ബ്രിട്ടിഷുകാർ ഒടുവിൽ മേമനെ കൊന്നുകളയുകയായിരുന്നെന്നു പറയുന്നു.
മേമനെ അടക്കം ചെയ്ത സ്ഥലമാണു ചുരത്തിൽ ‘മേമനക്കൊല്ലി’ എന്ന് അറിയപ്പെടുന്നതെന്നാണ് ഐതിഹ്യം. കുടകിൽനിന്നു ചരക്കുനീക്കത്തിനു റെയിൽപാത നിർമിക്കാനും ബ്രിട്ടിഷുകാർ ശ്രമിച്ചിരുന്നു.
വിരാജ്പേട്ടയിൽനിന്നു വള്ളിത്തോടു വരെ സ്ഥാപിച്ച ട്രാം പാതയുടെ അവശിഷ്ടങ്ങൾ ബാരാപ്പുഴയുടെ നിലംകയം ഭാഗത്ത് ഉൾപ്പെടെ ഇന്നും കാണാം.
കുടക് ജില്ലയിലെ പ്രധാന ടൂറിസം സ്പോട്ടുകൾ
മടിക്കേരി ∙ കുടക് ജില്ലയുടെ തലസ്ഥാനം. സമുദ്രനിരപ്പിൽനിന്ന് 1500 മീറ്റർ ഉയരം. മടിക്കേരിയുടെ സൗന്ദര്യം കാണാനുള്ള വഴിയാണു കുടകിലെ കോട്ട.
രാജാസീറ്റ് ∙ മടിക്കേരി ടൗണിൽ തന്നെ കുടകിന്റെ ചരിത്രമുറങ്ങുന്ന മനോഹര പാർക്ക്.
അത്യപൂർവ സൂര്യാസ്തമയ ദൃശ്യമാണ് ഇവിടത്തെ പ്രധാനക്കാഴ്ച. ഓംകാരേശ്വര ക്ഷേത്രം ∙ ലിംഗരാജേന്ദ്ര രാജാവ് 1820ൽ നിർമിച്ച മനോഹരക്ഷേത്രം. പൗരാണിക വാസ്തു ശിൽപകലയുടെ വേറിട്ട
കാഴ്ച. അബ്ബി വെള്ളച്ചാട്ടം ∙ മടിക്കേരിയിൽ 9 കിലോമീറ്റർ ദൂരം. 70 അടി ഉയരത്തിൽ വെള്ളം പതിക്കുന്ന കാഴ്ച. മാന്തൽപട്ടി ∙ മടിക്കേരി ടൗണിൽനിന്നു മുക്കാൽ മണിക്കൂർ യാത്രാദൂരത്തിൽ പ്രകൃതി കാത്തുസൂക്ഷിച്ച അദ്ഭുതം. ഉയരം സമുദ്രനിരപ്പിൽനിന്ന് 3265 അടി.
ഗ്ലാസ് ബ്രിജുകൾ ∙ മടിക്കേരിയിൽ അബ്ബി വെള്ളച്ചാട്ടം റൂട്ടിൽ 6 കിലോമീറ്റർ ദൂരത്തും ബാഗമണ്ഡല റൂട്ടിൽ 7 കിലോമീറ്റർ കഴിഞ്ഞ് ഉടോത്തംമെട്ടയിലും 2 ഗ്ലാസ് ബ്രിജുകളുമുണ്ട്.
തലക്കാവേരി ∙പുണ്യനദിയായി അറിയപ്പെടുന്ന കേന്ദ്രം. മടിക്കേരിയിൽനിന്ന് 48 കിലോമീറ്റർ ദൂരം.
ബാഗമണ്ഡല ∙ കാവേരി, കനിക, സുചോദി നദികളുടെ സംഗമസ്ഥാനം. ഭഗന്ദേശ്വര ക്ഷേത്രവും ഇവിടെയാണ്.
ദുബാരെ ∙ പ്രകൃതിദത്ത ദ്വീപും തടാകവുമായി 11 ഏക്കർ സ്ഥലത്തുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം.
ആനവളർത്തുകേന്ദ്ര ദൃശ്യവും ബോട്ട് യാത്രയും ആകർഷകം. നിസർഗധാമ ∙ കാവേരി നദിയാൽ ചുറ്റപ്പെട്ട ചെറുദ്വീപ്.
തൂക്കുപാലം, ബോട്ട് യാത്ര, ആനസവാരി, ഏറുമാടം, മാൻ പാർക്ക്, പക്ഷികളുടെ പാർക്ക് എന്നിവയാണ് ആകർഷണം. കുശാൽ നഗർ ∙ ബൈരകുപ്പ ടിബറ്റൻ പുനരധിവാസകേന്ദ്രത്തിന്റെ ടൂറിസം സാധ്യതയാൽ ശ്രദ്ധേയമായ നഗരം. ഇന്നിവിടം ചെറിയൊരു ടിബറ്റ് രാജ്യത്തിന് സമാനം.
60 അടി ഉയരമുള്ള ബുദ്ധപ്രതിമയുമായി സുവർണ ക്ഷേത്രവും മഴവിൽ ക്ഷേത്രവും ആകർഷക കാഴ്ച ഒരുക്കുന്നു. നാഗർഹോളെ ∙ രാജ്യത്തെ പ്രധാന വന്യജീവി സങ്കേതം.
കടുവ സങ്കേതം എന്ന പ്രത്യേകതയുമുണ്ട്. കാനനസവാരിയും പ്രത്യേക വാഹനത്തിൽ വനംവകുപ്പ് ലഭ്യമാക്കുന്നുണ്ട്.
അടിയന്തരമായി ചെയ്യേണ്ടത്
∙ കൂട്ടുപുഴ പാലം മുതൽ മാക്കൂട്ടം വരെ 1.3 കിലോമീറ്റർ ദൂരം 2.8 കോടി രൂപയ്ക്കും പെരുമ്പാടി മുതൽ കേരള റൂട്ട് 2.3 കിലോമീറ്റർ ദൂരം 5.5 കോടി രൂപയ്ക്കും മഴയ്ക്കുമുൻപ് തുടങ്ങിയ നവീകരണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണം.
∙ പെരുമ്പാടിയിൽനിന്ന് 2.3 കിലോമീറ്റർ കഴിഞ്ഞുള്ള 3 കിലോമീറ്റർ ദൂരം നവീകരിക്കുന്നതിന് 3 കോടി രൂപയ്ക്കു വിളിച്ച ടെൻഡർ നടപടികൾ പൂർത്തീകരിച്ചു പ്രവൃത്തി നടത്തണം. ∙ മാക്കൂട്ടം ചുരം പാതയിൽ നിലവിലെ നവീകരണ പദ്ധതികളിൽ പെടാത്ത 8.400 ദൂരവും പെരുമ്പാടി – ബിട്ടംകാല റൂട്ടിൽ 4.100 കിലോമീറ്റർ ദൂരവും ഉൾപ്പെടുത്തി 12.5 കിലോമീറ്റർ ദൂരം നവീകരിക്കാൻ മരാമത്ത് വകുപ്പ് വിരാജ്പേട്ട
സബ് ഡിവിഷൻ ഓഫിസിൽ നിന്നു സർക്കാരിൽ സമർപ്പിച്ച 31 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകണം.
∙ ചുരം റോഡിൽ ഉയർന്ന തിട്ടയിൽ റോഡിലേക്കു മറിയുമെന്ന നിലയിലുള്ള മരങ്ങൾ മുറിക്കണം. ∙ മണ്ണിടിച്ചിൽ ഭീഷണി പ്രതിരോധിക്കാൻ തിട്ടകൾ വരുന്ന ഭാഗം സംരക്ഷണഭിത്തി നിർമിച്ചോ സോയിൽ നെയ്ലിങ് നടത്തിയോ കോൺക്രീറ്റ് നടത്തിയോ സുരക്ഷിതമാക്കണം.
∙ കൂട്ടുപുഴ പാലം മുതൽ പെരുമ്പാടി വരെ റോഡിന്റെ ഇരുവശവും ഓവുചാൽ നിർമിക്കണം. ∙ അഗാധമായ കൊല്ലികൾ വരുന്ന ഭാഗങ്ങളിൽ സുരക്ഷാവേലിയില്ലാത്ത സ്ഥലങ്ങളിൽ കൂടി ഇവ നിർമിക്കണം.
∙ മേലേചൊവ്വ – ഹാസൻ ഹൊലേനരസീപ്പുര എൻഎച്ച് പ്രഖ്യാപനം യാഥാർഥ്യമാക്കാൻ ഇരുസംസ്ഥാന സർക്കാരുകളും സർവകക്ഷി നേതൃത്വവും ഇടപെടണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]