
ആലപ്പുഴ ∙ അത്ലറ്റിക്കോ ഡി ആലപ്പി ആലപ്പുഴ കടപ്പുറത്തു സംഘടിപ്പിച്ച ബീച്ച് മാരത്തണിൽ ആയിരക്കണക്കിന് ഓട്ടക്കാരിൽ പ്രായത്തിന്റെ പ്രത്യേകതകൊണ്ട് ഏല്ലാവരുടെയും ശ്രദ്ധയാകർഷിച്ച രണ്ട് ഓട്ടക്കാരുണ്ടായിരുന്നു. രണ്ടരവയസ്സുകാരി വാമികയും തൊണ്ണൂറ്റരണ്ടുകാരൻ ശങ്കുണ്ണിയും.
വാമിക: വയസ്സ് 2.5: ഓടിയത് 3 കിലോമീറ്റർ
ബീച്ചിലെ മണൽതരികളിൽ കുഞ്ഞുപാദങ്ങൾ ഉറപ്പിച്ച് കുറച്ചു ദൂരം ഓടിയും ബാക്കി നടന്നും രണ്ടരവയസ്സുകാരി വാമിക ബീച്ച് റണ്ണിലെ പ്രായം കുറഞ്ഞ മത്സരാർഥിയായി.
കോട്ടയം പാമ്പാടി റാക്കാട്ടൂർ താന്നിക്കൽ വിഷ്ണുവിന്റെയും ആതിരയുടെയും മകളായ വാമികയ്ക്കൊപ്പം മാതാപിതാക്കളും ആതിരയുടെ പിതാവിന്റെ സഹോദരി മേഘ ദാസും മത്സരിക്കാനെത്തിയിരുന്നു.
ഒന്നരവയസ്സുള്ളപ്പോൾ കഴിഞ്ഞ വർഷത്തെ ബീച്ച് മാരത്തണിനും വാമിക എത്തിയിരുന്നു. അന്ന് മാതാവ് ആതിര കുഞ്ഞിനെ എടുത്തു കൊണ്ട് ഓടിയാണ് മാരത്തൺ പൂർത്തിയാക്കിയത്.
ഇത്തവണ കുറച്ചു ദൂരം ഓടിച്ച ശേഷം എടുക്കേണ്ടി വരുമെന്നാണ് കരുതിയിരുന്നെങ്കിലും അവൾ ഓട്ടവും കുറച്ചു നടത്തവുമായി മൂന്നു കിലോമീറ്റർ ദൂരം കൃത്യമായി പൂർത്തിയാക്കിയെന്ന് ആതിര പറഞ്ഞു. ആതിരയും മേഘദാസും വാമികയും 3 കിലോമീറ്റർ വിഭാഗത്തിൽ മത്സരിച്ചപ്പോൾ വിഷ്ണു 10 കിലോമീറ്റർ വിഭാഗത്തിൽ മത്സരിച്ച് ഓട്ടം പൂർത്തിയാക്കി.
ശങ്കുണ്ണി: വയസ്സ് 92: ഓടിയത് 10 കിലോമീറ്റർ
പ്രായം 92 ആയെങ്കിലും മനസ്സിൽ നിശ്ചയദാർഢ്യത്തിന്റെ കുതിപ്പുമായാണ് റിട്ടയേഡ് അധ്യാപകനായ കഞ്ഞിക്കുഴി പഞ്ചായത്ത് 13ാം വാർഡ് കണ്ണറങ്കാട്ട് ശങ്കുണ്ണി 10 കിലോമീറ്റർ മാരത്തണിൽ മത്സരിക്കാനെത്തിയത്. ബീച്ചിലെ തിളങ്ങുന്ന ചൂടിലും തളരാതെ കാലുകളിൽ ചിറകുകൾ വിരിയിച്ചു കൊള്ളിയാനെപ്പോലെ കുതിച്ചുപാഞ്ഞപ്പോൾ ഒപ്പം ഓടിയ യുവാക്കൾക്കും പ്രചോദനമായി മാറുകയായിരുന്നു.
വാർധക്യത്തിന്റെ അവശതകൾ തുടങ്ങിയതോടെ മൂന്നുവർഷം മുൻപാണ് ശങ്കുണ്ണി ജിംനേഷ്യത്തിൽ പരിശീലനം തുടങ്ങിയത്.
കഴിഞ്ഞ വർഷത്തെ ബീച്ച് റണ്ണിൽ പങ്കെടുത്തു 5 കിലോമീറ്റർ പൂർത്തിയാക്കിയതോടെ ആവേശം ഇരട്ടിച്ചു. ഇതോടെയാണ് ഇത്തവണ 10 കിലോമീറ്റർ വിഭാഗത്തിൽ ഒരു കൈ നോക്കാൻ കൊച്ചുമകൾ ഡോ.ടി.എസ്.അഥീനയ്ക്കൊപ്പം ബീച്ചിലെത്തിയത്.പൂന്തോപ്പ് ശ്രീപാദം യുപി സ്കൂളിൽ നിന്നും 1990ലാണ് ചിത്ര കലാധ്യാപകനായിരുന്ന ശങ്കുണ്ണി വിരമിക്കുന്നത്.
ചിട്ടയായ ഭക്ഷണരീതിയും വ്യായാമവുമാണു മാരത്തണിൽ പങ്കെടുക്കാൻ സഹായകരമായതെന്നാണു ശങ്കുണ്ണിയുടെ അഭിപ്രായം.
ആവേശത്തിരയായി ബീച്ച് മാരത്തൺ
ആലപ്പുഴ∙ തീരത്ത് ആവേശം തിരയടിച്ചു; ഒരേ ലക്ഷ്യവുമായി ആയിരങ്ങൾ ഒരുമിച്ചോടി. അത്ലറ്റിക്കോ ഡി ആലപ്പി ആലപ്പുഴ കടപ്പുറത്തു സംഘടിപ്പിച്ച ബീച്ച് മാരത്തൺ പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ചരിത്രമെഴുതി.
മൂന്നു വിഭാഗങ്ങളിലായി സംഘടിപ്പിച്ച മാരത്തണിൽ രണ്ടരവയസ്സുകാരി വാമിക മുതൽ തൊണ്ണൂറ്റിരണ്ടുകാരൻ ശങ്കുണ്ണി വരെ നാലായിരത്തോളം പേരാണു പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അത്ലീറ്റുകൾ മാരത്തണിന്റെ ഭാഗമായി.സമ്മാനമല്ല; മാരത്തണിന്റെ സന്ദേശമാണു മുഖ്യമെന്നു പങ്കെടുത്തവരെല്ലാം ഒരുമിച്ചു പറഞ്ഞു.
സ്പോർട്സാണു ലഹരി എന്ന ആ സന്ദേശം രാജ്യം മുഴുവൻ പടരണമെന്നു മാരത്തൺ ഉദ്ഘാടനം ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഓർമിപ്പിച്ചു. ആലപ്പുഴ ബീച്ച് റൺ മാതൃകയിൽ എല്ലാ സംസ്ഥാനത്തും മാരത്തൺ സംഘടിപ്പിക്കാൻ അത്ലറ്റിക്കോ ഡി ആലപ്പി മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട
അസ്ഹറുദ്ദീൻ തന്റെ പൂർണപിന്തുണയും വാഗ്ദാനം ചെയ്തു.
കനത്ത വെയിൽ അവഗണിച്ച് ഉച്ച മുതൽ തന്നെ കടപ്പുറത്തേക്ക് അത്ലീറ്റുകൾ എത്തിത്തുടങ്ങി. നാലോടെ മാരത്തണിനു കേളികൊട്ടുയർന്നു.
സൂംബ പരിശീലകർക്കൊപ്പം ചുവടുവച്ച് ഓരോരുത്തരും മാരത്തൺ ആവേശത്തിലേക്ക് ഓടിക്കയറി. 10, 5 കിലോമീറ്റർ മത്സര റണ്ണുകളായിരുന്നു ആദ്യം.
10 കിലോമീറ്റർ മാരത്തൺ മുഹമ്മദ് അസ്ഹറുദ്ദീനും 5 കിലോമീറ്റർ മാരത്തൺ എച്ച്.സലാം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടന്ന 3 കിലോമീറ്റർ ഫൺ റൺ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.അത്ലറ്റികോ ഡി ആലപ്പി പ്രസിഡന്റ് കുര്യൻ ജയിംസ് അധ്യക്ഷത വഹിച്ചു.
വിജയികൾക്ക് ഒരു ലക്ഷം രൂപയും ട്രോഫികളും പങ്കെടുത്ത എല്ലാവർക്കും മെഡലുകളും സമ്മാനിച്ചു.മാരത്തൺ കടന്നു പോകുന്ന പോയിന്റുകളിലെല്ലാം ലഘുഭക്ഷണവും വെള്ളവും ഒരുക്കിയിരുന്നു.
വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും ഉണ്ടായിരുന്നു.ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, നഗരസഭാ കോൺഗ്രസ് കക്ഷിനേതാവ് റീഗോ രാജു, ദീപക് ദിനേഷ്, യൂജിൻ ജോർജ്, ഡോ. എസ്.രൂപേഷ്, ഹാഷിം ബഷീർ, സജി തോമസ്, പ്രജീഷ് ദേവസ്യ, ഡോ.
തോമസ് മാത്യു. ഫിലിപ്പ് തോമസ്, കെ.നാസർ, എ.വി.ജെ.ബാലൻ, റോജസ് ജോസ് എന്നിവർ പ്രസംഗിച്ചു.
വിജയികൾക്കു ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ സമ്മാനങ്ങൾ നൽകി. ബീച്ച് റണ്ണിനോട് അനുബന്ധിച്ച് മലയാള മനോരമയും അത്ലറ്റിക്കോ ഡി ആലപ്പിയും ചേർന്നു കോളജ് വിദ്യാർഥികൾക്കായി നടത്തിയ മെഗാ ക്വിസിലെ വിജയികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നിർവഹിച്ചു.
കേരളം പ്രിയപ്പെട്ട
ഇടം, ആലപ്പുഴയോടും ഇഷ്ടം: അസ്ഹറുദ്ദീൻ
പതിനാലാമത്തെ വയസ്സിൽ തന്റെ ക്രിക്കറ്റ് കരിയറിനു തുടക്കമിട്ട മണ്ണാണു കേരളമെന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ.
‘‘വിദ്യാർഥിയായാരിക്കുമ്പോഴാണു തിരുവനന്തപുരത്തു നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നാടിനു പുറത്തേക്കുള്ള ആദ്യത്തെ യാത്രയായിരുന്നു അത്.തിരുവനന്തപുരത്തുവച്ചാണ് എന്റെ ക്രിക്കറ്റ് കരിയർ ആരംഭിക്കുന്നത്.
ആലപ്പുഴയും ഏറെ പ്രിയപ്പെട്ട സ്ഥലമാണ്.
കഴിഞ്ഞവർഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയിരുന്നു.
അന്ന് ഇവിടെ ക്രിക്കറ്റ് കളിക്കാനും അവസരം ലഭിച്ചു. ബീച്ച് റണ്ണിന് എത്താൻ ആവശ്യപ്പെട്ടതും കെ.സി.വേണുഗോപാലാണ്.
ലഹരിക്കെതിരെയുള്ള സന്ദേശവുമായി ബീച്ച് മാരത്തൺ സംഘടിപ്പിക്കുന്നതു സന്തോഷമുള്ള കാര്യമാണ്. പുതുതലമുറ ലഹരിയിൽ നിന്ന് അകന്നുനിൽക്കണം.
സ്പോർട്സിനെ ലഹരിയാക്കണം’’ അസ്ഹറുദ്ദീൻ പറഞ്ഞു. 27 വർഷം മുൻപ് തമിഴ്നാട്ടിലെ മഹാബലിപുരം ബീച്ചിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്കൊപ്പം ഒന്നരമണിക്കൂർ ഓടിയതും അസ്ഹർ ഓർത്തെടുത്തു.
വിജയികൾ
10 കിലോമീറ്റർ: സുലത കമ്മത്ത്, ദീപ സുകുമാർ, പാർവതി, ഡിക്സൺ സ്കറിയ, ജസ്റ്റിൻ.
5 കിലോമീറ്റർ: വനജ കുമാരി, ബിസ്മി, സാബു പോൾ, കൈലാസ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]