
ദില്ലി: ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാനാണെന്ന ബിജെപി നേതാവ് അനുരാഗ് താക്കൂർ എംപിയുടെ പരാമർശം വിവാദത്തിൽ. അന്താരാഷ്ട്ര ബഹിരാകാശ ദിനത്തിൽ ഹിമാചൽ പ്രദേശിലെ സ്കൂളിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
കുട്ടികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഭരണഘടനാ വിരുദ്ധമാണെന്നാണ് വിമർശനം. ഹിമാചൽ പ്രദേശിലെ ഉനയിലെ സ്കൂളിൽ ശനിയാഴ്ചയാണ് അനുരാഗ് താക്കൂർ അന്താരാഷ്ട്ര ബഹിരാകാശ ദിന പരിപാടിയിൽ പ്രസംഗിച്ചത്.
ആദ്യത്തെ ബഹിരാകാശ സഞ്ചാരിയാരെന്ന് പ്രസംഗത്തിനിടെ ചോദിച്ച മുൻ കേന്ദ്രമന്ത്രി കുട്ടികൾ നീൽ ആംസ്ട്രോങ് എന്ന് മറുപടി നൽകിയപ്പോൾ ഹനുമാനാണെന്ന് തിരുത്തി. ബ്രിട്ടീഷുകാർ നൽകിയ പാഠപുസ്തകങ്ങളിൽനിന്നും മാറി ചിന്തിക്കാനും ആവശ്യപ്പെട്ടു.
ഈ വീഡിയോ അനുരാഗ് താക്കൂർ ഹനുമാൻ ആദ്യ ബഹിരാകാശ സഞ്ചാരിയെന്ന കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ്.
പിന്നാലെയാണ് എംപിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. പുരാണം ശാസ്ത്രമല്ലെന്നും വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയിൽ പറയുന്ന അറിവ്, യുക്തി, ശാസ്ത്രീയ മനോഭാവത്തിനെയും അപമാനിക്കലാണ് മുൻ കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെന്നും ഡിഎംകെ എംപി കനിമൊഴി വിമർശിച്ചു.
ആശയകുഴപ്പമുണ്ടാക്കലല്ല ജിജ്ഞാസ വളർത്തലാണ് ഇന്ത്യയുടെ ഭാവിയെന്നും കനിമൊഴി പറഞ്ഞു. നരേന്ദ്രമോദിയാണ് ആദ്യ ബഹിരാകാശ യാത്രികനെന്ന് പറയാഞ്ഞത് ഭാഗ്യമായെന്ന് പഞ്ചാബ് പിസിസി അധ്യക്ഷനും വിമർശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]