
വേളംകോട് ∙ സഭാ വ്യവഹാരങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മധ്യസ്ഥ ശ്രമങ്ങളാണു വേണ്ടതെന്നും ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ. ‘മലബാർ മോഡൽ’ സമാധാനമാണു സഭയിൽ ആവശ്യം.
യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസനത്തിന്റെ ആസ്ഥാനമായ വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ ദേവാലയത്തിൽ നൽകിയ സ്വീകരണത്തിലും ഭദ്രാസന ദിന ആഘോഷ സമ്മേളനത്തിലും അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവാ. ഈ കാലഘട്ടത്തിൽ സമൂഹത്തെ അലട്ടുന്ന പ്രശ്നമാണ് വിദേശ കുടിയേറ്റം. മാതൃരാജ്യത്തിലേക്കു തിരിച്ചുവരാത്തതിനാൽ കുടുംബങ്ങളിൽ പ്രായമായവർ തനിച്ചാകുന്നു.
വാർധക്യത്തിലുള്ളവരെ സംരക്ഷിക്കേണ്ട കടമ സഭയ്ക്കുണ്ട്.
പാലിയേറ്റീവ് കെയർ സെന്റർ പോലുള്ള സ്ഥാപനങ്ങൾ സഭയിൽ ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2008ൽ മലബാർ ഭദ്രാസനം വിഭജിച്ച് കോഴിക്കോട് ഭദ്രാസനം രൂപം കൊണ്ടപ്പോൾ ആദ്യ മെത്രാപ്പൊലീത്തയായ ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയസിന്റെ പതിനേഴാം മെത്രാഭിഷേക വാർഷികവും ആഘോഷിച്ചു. ഭദ്രാസന ശുശ്രൂഷകളിൽനിന്നു വിരമിച്ച വൈദികരെയും വിവിധ റാങ്ക് ജേതാക്കളെയും ശ്രേഷ്ഠ ബാവാ ആദരിച്ചു.
ഭദ്രാസനദിന ആഘോഷവും അനുമോദന സമ്മേളനവും മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയസ് അധ്യക്ഷനായിരുന്നു.
മലബാർ ഭദ്രസനാധിപൻ ഗീവർഗീസ് മാർ സ്തേഫാനോസ് അനുഗ്രഹ പ്രഭാഷണം നടത്തി.
ലിന്റോ ജോസഫ് എംഎൽഎ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈദിക സെക്രട്ടറി ഫാ. ബിജോയ് അറാക്കുടിയിൽ, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കോടഞ്ചേരി മേഖലാ ഡയറക്ടർ ഫാ.
ഡോ. ജോസ് പെണ്ണാപറമ്പിൽ, ഫാ.
റിനോ ജോൺ, സഭാ വർക്കിങ് കമ്മിറ്റി അംഗം ബേബി ജേക്കബ് പീടിയേക്കൽ, ഭദ്രാസന സെക്രട്ടറി ഫാ. അനീഷ് കവുങ്ങുംപള്ളി, ജോയിന്റ് സെക്രട്ടറി ബിജു കരിക്കാഞ്ചിറയിൽ എന്നിവർ പ്രസംഗിച്ചു. കോടഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ സിബി ചിരണ്ടായത്, ജോർജുകുട്ടി വിളക്കുന്നേൽ, ബിന്ദു ജോർജ്, ചിന്നമ്മ മാത്യു തുടങ്ങിയവരും ഭദ്രാസനത്തിലെ വൈദികരും സ്വീകരണത്തിനു നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]