
ആലപ്പുഴ ∙ ആഞ്ഞുകുത്തി, വലിച്ചെടുത്ത്…കുത്തിയെറിഞ്ഞ്.. ഇതൊക്കെ കേട്ടാൽ കേരളത്തിനു പുറത്തുള്ളവർക്ക് എന്തു ഫീൽ കിട്ടാൻ.
അവർ ക്യാഹുവാ എന്നു ചോദിക്കും. അപ്പോൾ നെഹ്റു ട്രോഫി വള്ളംകളിയിൽ തുഴയാനെത്തുന്ന ഇതര സംസ്ഥാനങ്ങളിലെ തുഴക്കാരെ ഏങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും? അതിനാണു ഹിന്ദിയിൽ ‘സ്പെഷൽ ക്ലാസ്’.പരിശീലന ക്യാംപിൽ മറ്റു സംസ്ഥാനങ്ങളിലെ തുഴക്കാർക്കായി ‘സ്പെഷൽ ക്ലാസ്’ എടുക്കുകയാണു മിക്ക ക്ലബ്ബുകളും.
കേരളത്തിനു പുറത്തു നിന്നുള്ള ഇരുനൂറിലേറെ പ്രഫഷനൽ താരങ്ങളാണു വിവിധ ക്ലബ്ബുകൾക്കായി തുഴയുന്നത്. ഇവരിൽ ചിലർ നെഹ്റു ട്രോഫി വള്ളംകളിക്കായി സ്ഥിരം എത്താറുണ്ട്.
കശ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കയാക്കിങ്, കനോയിങ്, റോവിങ് താരങ്ങളെയാണു വിവിധ ക്ലബ്ബുകൾ എത്തിച്ചിട്ടുള്ളത്.
വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ചെലവുകൾ വഹിച്ചാണ് ഇവരെ ടീമിലെത്തിക്കുന്നത്. പ്രഫഷനൽ താരങ്ങൾക്കു മറ്റു തുഴക്കാരെക്കാൾ വേതനവും നൽകും.എന്നാൽ പ്രഫഷനൽ താരങ്ങളാണെങ്കിലും ഇവരെ വള്ളംകളിക്ക് അനുയോജ്യമായ തുഴച്ചിൽ രീതി പഠിപ്പിക്കേണ്ടതുണ്ട്.
പരിശീലനത്തിനിടയിലും മത്സരത്തിനിടയിലും ലീഡിങ് ക്യാപ്റ്റൻ നൽകുന്ന നിർദേശങ്ങൾ മനസ്സിലാക്കുകയും വേണം. ഇതിനായാണു സ്പെഷൽ ക്ലാസ് നൽകുന്നത്.
അതിഥി താരങ്ങൾക്ക് അത്യാവശ്യ വാക്കുകളും ടിപ്സും പറഞ്ഞു നൽകാനായി അവരെ മാത്രം ഉൾപ്പെടുത്തിയാണു ‘സ്പെഷൽ ക്ലാസ്’ ചെറുവള്ളത്തിലോ വീപ്പ കെട്ടിയുണ്ടാക്കിയ പടങ്ങിലോ പ്രത്യേക പരിശീലനവും നടത്തും.
ഓരോ ടീമിലും പരമാവധി 25% പ്രഫഷനൽ തുഴക്കാരെയാണു കയറ്റാനാകുന്നത്. പ്രഫഷനൽ താരങ്ങളെ എത്തിക്കുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ക്ലബ്ബുകൾ പുറത്തുവിടാറില്ല.
കാരണം പല ക്ലബ്ബുകളും എതിരാളികൾ 25 ശതമാനത്തിലേറെ പ്രഫഷനൽ താരങ്ങളെ വള്ളത്തിൽ കയറ്റിയെന്ന് ആരോപിക്കാറുണ്ട് എന്നതു തന്നെ. എന്തായാലും ആലപ്പുഴയുടെ നെഹ്റു ട്രോഫി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തുഴക്കാരുടേതു കൂടിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]