
ആലപ്പുഴ ∙ പഴങ്കഞ്ഞിയും കപ്പയും കഞ്ഞിവെള്ളവും കഴിച്ചു വള്ളം തുഴഞ്ഞിരുന്നതൊക്കെ പഴങ്കഥ, ഇപ്പോൾ രാജ്യാന്തര കായിക വിനോദങ്ങൾക്കു സമാനമായി കൃത്യമായ ഭക്ഷണച്ചിട്ടയാണു വള്ളംകളി ക്യാംപുകളിലുള്ളത്. ഭക്ഷണം മുതൽ ഉറക്കം വരെ നീളുന്ന ഐക്യമാണ് വള്ളംകളിയിലെ പ്രകടനത്തിലും പ്രതിഫലിക്കുന്നത്.
ഈ ഐക്യമില്ലെങ്കിൽ ഏതു വമ്പൻ ടീമും പിന്നിലാകും.ചുണ്ടൻ വള്ളങ്ങളിലെ തുഴക്കാർക്കായി ഒരു മാസത്തിലേറെ നീളുന്ന പരിശീലന ക്യാംപാണു പ്രധാന ക്ലബ്ബുകൾ നടത്തുന്നത്. ഓരോ ദിവസവും ഒരു ലക്ഷത്തിലേറെ രൂപയുടെ ചെലവുണ്ടെന്നിരിക്കെ പ്രകടനം മെച്ചപ്പെടുത്താനാണു പരിശീലന ദിനങ്ങൾ കൂട്ടുന്നത്.
അതിരാവിലെ മുതൽ രാത്രി ഉറങ്ങുന്നതു വരെയുള്ള ചിട്ട പാലിച്ചേ തീരൂ.
അതിൽ തന്നെ പ്രധാനമാണു ഭക്ഷണവും വ്യായാമവും. ശാരീരികമായി മാത്രമല്ല,
മാനസികമായും തുഴക്കാരെ വാർത്തെടുക്കലാണ് ഓരോ ക്യാംപിലും നടക്കുന്നത്.
പണ്ടത്തെ ഭക്ഷണശീലങ്ങൾക്കു പകരം ഡയറ്റീഷ്യൻ നിർദേശിച്ച പ്രകാരമുള്ള ഭക്ഷണമാണു ക്യാംപുകളിൽ പിന്തുടരുന്നത്.
ഡയറ്റീഷ്യനെ നിയോഗിക്കാത്ത ക്ലബ്ബുകൾ മറ്റുള്ളവരുടെ ഭക്ഷണക്രമം പിന്തുടരുന്നതിനാൽ ഇപ്പോൾ എല്ലാവരും ഭക്ഷണച്ചിട്ട പാലിക്കുന്നുണ്ട്; പലരും അതിലെ ശാസ്ത്രീയത മനസ്സിലാക്കുന്നില്ലെന്നു മാത്രം.
കേറ്ററിങ് ജോലി ചെയ്യുന്ന പാചകക്കാരെ പല ക്ലബ്ബുകളും സ്ഥിരമായി വാടകയ്ക്ക് എടുക്കുകയാണു ചെയ്യുന്നത്. ക്ലബ്ബിന്റെ ആവശ്യം അറിഞ്ഞുള്ള ഭക്ഷണം അവർ തയാറാക്കും.
സ്റ്റാർട്ടിങ് വിത്ത് സാലഡ്
രാവിലെ ആറരയോടെ തയാറായി എത്തുന്ന താരങ്ങൾക്കു സ്റ്റാർട്ടറായി കടല, വൻപയർ, ചെറുപയർ, കപ്പലണ്ടി എന്നിവ പുഴുങ്ങി സവാളയും തക്കാളിയും നാരങ്ങനീരും ചേർത്തുള്ള സാലഡ് നൽകും, കൂടെ ഒരു ഗ്ലാസ് പാലും.
ക്യാംപിലെ ആദ്യ ദിവസങ്ങളിൽ ശരീരം മെച്ചപ്പെടാനാണിത്. പിന്നീടു നിർത്തും.
പലയിടത്തും രാവിലെ ആറിനു തന്നെ വ്യായാമം ആരംഭിക്കും. ശരീരത്തിലെ എല്ലാ പേശികൾക്കും വ്യായാമം കിട്ടുന്ന വിധമാകുകും ഇത്.
തുടർന്നു വള്ളത്തിലേക്ക്. 10 മിനിറ്റ് വീതമുള്ള നാലു സെഷനുകളോ 20 മിനിറ്റ് വീതമുള്ള രണ്ടോ മൂന്നോ സെഷനുകളോ ആകും വള്ളത്തിലുണ്ടാവുക.
ഇതിനിടയിൽ 2,3 മുട്ടയും റോബസ്റ്റ പഴവും നൽകും.തുഴച്ചിലിനു ശേഷം പ്രഭാത ഭക്ഷണം.
അപ്പം, ഇടിയപ്പം എന്നിവയോടൊപ്പം കിഴങ്ങോ കടലയോ ആകും കറി. ചില ക്യാംപുകളിൽ ഗോതമ്പ് ദോശ, ചപ്പാത്തി എന്നിവയായിരിക്കും.
നട്സും ഈന്തപ്പഴവും ഉൾപ്പെടുത്താറുണ്ട്.
മീൻ കൂട്ടിയുള്ള ഊണ്
ഉച്ചയ്ക്കു കേര പോലെയുള്ള മീൻകറി കൂട്ടിയുള്ള ഊണിനാണു പ്രാധാന്യം. അവിയൽ, പുളിശ്ശേരി, അച്ചാർ, തോരൻ തുടങ്ങിയവയുമുണ്ടാകും.
ചിലയിടത്ത് ഒരുകപ്പ് വൈറ്റ് റൈസും 2 ചപ്പാത്തിയുമാകും നൽകുക. വൈകിട്ടു നാലരയോടെ വീണ്ടും പരിശീലനത്തിനിറങ്ങും.
ഈ സമയം വിവിധ പഴങ്ങൾ ചെറുകഷണങ്ങളാക്കി മുറിച്ചതോ ജ്യൂസോ നൽകും. കൂടാതെ ക്ലബ്ബിന്റെ പൊടിക്കൈകൾ ചേർത്തുള്ള ‘സ്പെഷൽ ഡ്രിങ്കുകളും’ (കൂട്ട് വെളിപ്പെടുത്താറില്ല) നൽകും.
പരിശീലനത്തിനിടെ റോബസ്റ്റ പഴവും മുട്ടയും വൈകിട്ടും നൽകും. സൂര്യാസ്തമയം വരെ നീളുന്ന പരിശീലനം.
ശേഷം ക്യാംപിലെത്തിയാൽ രാത്രി എട്ടരയോടെ ചിക്കൻ അല്ലെങ്കിൽ ബീഫ് ചേർത്തു ചപ്പാത്തി, ചോറ് എന്നിവയിലൊന്നാകും അത്താഴം. രാത്രി പത്തിന് എല്ലാവരും ഉറങ്ങണമെന്നാണു ക്യാംപിലെ ‘പട്ടാളച്ചിട്ട’.
എരിവും പുളിയും കുറവ്
വള്ളംകളി ക്യാംപുകളിലെ ഭക്ഷണത്തിൽ എരിവും പുളിയും കുറവാണ്.
മീൻകറിയിലാണു പ്രധാനമായും ഇതു പ്രകടമാകുക. ഇറച്ചിക്കറിയിൽ മസാലയും കുറച്ചേ ചേർക്കൂ.
കൂടാതെ എണ്ണയുടെയും ഉപ്പിന്റെയും ഉപയോഗവും നന്നേ കുറയ്ക്കും. തുഴയുന്നതിനിടെ താരങ്ങൾക്കു നെഞ്ചെരിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്.
ഓരോ ക്യാംപിലും സ്ഥിരം പാചകക്കാരുമുണ്ടാകും. പാലൊഴിച്ച ചായ ഇല്ല.
പകരം കട്ടൻചായയോ ചുക്കുകാപ്പിയോ മാത്രമാണു നൽകുക. താളക്കാർക്കു മാത്രം ചുക്കുകാപ്പി നൽകുന്ന ക്യാംപുകളും ഉണ്ട്.
60–75 കിലോഗ്രാം തൂക്കം
തുഴക്കാരുടെ ഏകദേശം ഭാരം 60 മുതൽ 75 കിലോഗ്രാം വരെയാണ്.
ഭാരം കൂടിയാൽ വള്ളത്തിന്റെ പ്രകടനത്തെ ബാധിക്കും. ക്യാംപിലെത്തുന്നവരുടെ നാലു കിലോഗ്രാം വരെ ഭാരം കുറയ്ക്കും.
തീരെ ഭാരം കുറഞ്ഞവരുടേത് കൂട്ടുകയും ചെയ്യും.
50 കിലോ ഇറച്ചി
ഏകദേശം 100 പേരുള്ള ഒരു ക്യാംപിൽ ദിവസവും ഭക്ഷണത്തിനായി മാത്രം വേണ്ടിവരുന്നത് 40,000 രൂപ. ഒരു ദിവസം 45–50 കിലോഗ്രാം ഇറച്ചി മാത്രം വേണം.പാചകം ചെയ്യാനുള്ള വെള്ളം വാങ്ങുന്നതുൾപ്പെടെ വലിയ ചെലവാണു ക്ലബ്ബുകൾക്കുള്ളത്.
ഇതിനു പുറമേ ക്യാംപ് നടക്കുന്ന ഹാളുകൾക്കു വാടകയും പാചകക്കാർക്കു കൂലിയും നൽകണം. ക്യാംപിലെ ശുചീകരണം, പാചകക്കാരെ സഹായിക്കൽ തുടങ്ങിയ ജോലികൾ അതതു കരക്കാർ വീതിച്ചെടുക്കുകയാണു ചെയ്യുന്നത്.
25 ദിവസത്തെ ഡയറ്റ് പ്ലാൻ മൂന്നായി തിരിച്ചാണു തയാറാക്കിയത്.
ആദ്യത്തെ പത്തു ദിവസത്തിനു ശേഷമാണു ഭക്ഷണത്തിൽ ബീഫും പാലും ഉൾപ്പെടുത്തുക. 10 ദിവസത്തിനു ശേഷം നൽകുന്ന പാലിൽ ഇളം മധുരം ചേർക്കും.
അവസാനത്തെ 5 ദിവസം ‘ഡയറ്റ് പൊട്ടിക്കും’. ഭക്ഷണത്തിൽ പൊരിച്ച മീൻ, മധുരം, തൈര് എന്നിവ ഉൾപ്പെടുത്തുന്നതിനെയാണു ഡയറ്റ് പൊട്ടിക്കുക എന്നു പറയുക.
തുഴക്കാരുടെ ശരീരവും മനസ്സും ‘സെറ്റ്’ ആകാനാണിത്.
പ്രജീഷ് കൈനകരി (മെയിൻ ഷെഫ്) കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്
40 ദിവസത്തെ ക്യാംപാണു ഞങ്ങൾക്ക്. പ്രഭാതഭക്ഷണമെല്ലാം മാറി മാറി നൽകും.
ഭക്ഷണത്തിനു കൃത്യമായ അളവുകളില്ല, അവർക്കു വിശപ്പുമാറുന്നതുവരെ കഴിക്കാം. ബീറ്റ്റൂട്ട് ജ്യൂസ് പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തും.
രാജേഷ് (മെയിൻ ഷെഫ്) പള്ളാത്തുരുത്തി ബോട്ട് ക്ലബ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]