സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതില്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരില്‍ തട്ടിപ്പിന് ശ്രമം. ഇത് സംബന്ധിച്ചുള്ള നിരവധി പരാതികള്‍ ലഭിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. യഥാര്‍ത്ഥ വെബ്സൈറ്റിന് സമാനമായ തരത്തില്‍ വ്യാജ വെബ്സൈറ്റുകള്‍ തയ്യാറാക്കിയാണ് തട്ടിപ്പിനുള്ള ശ്രമം.
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിന് പുറമെ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള മറ്റ് പണമിടപാടുകള്‍ നടത്തുമ്പോഴും ഇത്തരത്തില്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്. എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ നിയമലംഘനങ്ങള്‍ക്ക് വ്യാപകമായി വാഹന ഉടമകള്‍ക്ക് നോട്ടീസ് ലഭിക്കുന്നുണ്ട്. പലര്‍ക്കും തപാലില്‍ നോട്ടീസ് ലഭിക്കുന്നതിന് മുമ്പ് തന്നെ എസ്എംഎസ് ആയാണ് നിയമ ലംഘനം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നത്.
ഇതിന്റെ മറവിലാണ് തട്ടിപ്പുകാരുടെ ഗൂഡനീക്കങ്ങള്‍. നിങ്ങളുടെ വാഹനത്തിന്റെ പേരില്‍ ഇത്ര രൂപയുടെ പിഴയുണ്ടെന്ന് കാട്ടി ഉടമകളുടെ മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. പിഴ അടയ്ക്കാനുള്ളതെന്ന പേരില്‍ ഒരു ലിങ്കും നല്കിയിട്ടുണ്ടാവും. ഒറ്റനോട്ടത്തില്‍ ഔദ്യോഗിക വെബ്സൈറ്റ് പോലെ തന്നെ തോന്നുന്നതിനാല്‍ വെബ്സൈറ്റിന്റെ അഡ്രസ് ഉള്‍പ്പെടെ മറ്റൊന്നും പെട്ടെന്ന് ശ്രദ്ധിക്കില്ല. ഇത്തരം വെബ്സൈറ്റുകളില്‍ കയറി പണമിടപാടുകള്‍ നടത്തിയാല്‍ അത് തട്ടിപ്പുകാര്‍ക്കാണ് ലഭിക്കുക.
echallan.parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പണമിടപാടുകള്‍ നടത്തേണ്ടതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുന്നു. അല്ലെങ്കില്‍ ചെല്ലാന്‍ നോട്ടീസില്‍ നല്‍കിയിട്ടുള്ള ക്യു.ആര് കോഡ് സ്കാന്‍ ചെയ്തും പണമടയ്ക്കാം. സമാനമായ തരത്തിലുള്ള മറ്റ് പേരുകളിലുള്ള വെബ്സൈറ്റുകള്‍ വ്യാജമാണെന്നതിനാല്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം.
മോട്ടോര്‍ വാഹന വകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്കിയ അറിയിപ്പ്
മോട്ടോർ വാഹനവുമായി ബന്ധപ്പെട്ടും ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടും വിവിധ സർവീസുകൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോഴും, ഈ ചെല്ലാൻ (E chellan) പോലെ വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അടയ്ക്കുമ്പോഴും പൊതുജനങ്ങളെ കബളിപ്പിക്കുന്ന രീതിയിൽ സമാനമായ പേരുകളുള്ള വെബ്സൈറ്റുകൾ നിലവിൽ ലഭ്യമാകുന്നതായി വ്യാപകമായ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പരിവാഹൻ സേവ ( PARIVAHAN SEWA) എന്ന പൊതുവായ സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ഈ ചെല്ലാൻ നോട്ടീസിൽ ലഭ്യമായിട്ടുള്ള QR കോഡ് സ്കാൻ ചെയ്തോ മാത്രം ഈ ചെല്ലാനുകളുടെ പിഴ അടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സമാനമായ പേരുകളിലുള്ള മറ്റ് സൈറ്റുകൾ മുഖാന്തിരം കബളിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പാലിക്കുക.
The post ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതിലും തട്ടിപ്പിന് ശ്രമം; തട്ടിപ്പിനുള്ള ശ്രമം നടക്കുന്നത് വ്യാജ വെബ്സൈറ്റുകള്‍ തയ്യാറാക്കി; നിയമ ലംഘനം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നത് എസ്എംഎസ് വഴി; വേഗം പോയി പണമടയ്ക്കരുത്; ആദ്യം ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]