
കൽപറ്റ ∙ വയനാട് സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സംശയിക്കുന്ന സാഹചര്യത്തിൽ അതീവ ആരോഗ്യ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ.ടി.മോഹൻ ദാസ്. അമീബിക് മസ്തിഷ്ക ജ്വരം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെങ്കിലും അണുബാധയേറ്റാൽ മരണസാധ്യത വളരെ കൂടിയ രോഗമായതിനാൽ പനിയടക്കമുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ഡിഎംഒ അറിയിച്ചു.ശക്തമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള പ്രയാസം, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്.
കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങളുണ്ടാകുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവ് എന്നിവ രോഗം മൂർച്ഛിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും ഉണ്ടായേക്കാവുന്ന വളരെ അപൂർവമായ രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം.
അതുകൊണ്ടുതന്നെ മലിനമായ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കരുത്. പായൽ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെയും മറ്റും വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
കുറെ കാലമായി വൃത്തിയാക്കാത്ത ടാങ്കുകളിലെ വെള്ളവും ഉപയോഗിക്കരുത്.മൂക്കിലോ തലയിലോ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, തലയിൽ പരിക്കുകളേറ്റവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.ചെവിയിൽ പഴുപ്പുള്ളവർ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും എല്ലാവരും പരമാവധി ഒഴിവാക്കണം.
വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമായതാണെന്ന് ഉറപ്പുവരുത്തണം.
മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചുകയറ്റുകയോ ചെയ്യരുത്. മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കാം.നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട
രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങളിലൂടെയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു.വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു.
അണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. നേരത്തേ ചികിൽസിച്ചാൽ രോഗം ഭേദമാകാനുള്ള സാധ്യതയും കൂടുമെന്നും ഡിഎംഒ വിശദീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]