പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ നടപ്പുവർഷം (2025-26) ഏപ്രിൽ-ജൂൺപാദത്തില് സ്വന്തമാക്കിയത് വൻ ലാഭം. ഏറെ മാസങ്ങളായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ നിന്നത് പ്രവർത്തനനഷ്ടം നികത്താനും കമ്പനികൾക്ക് സഹായകമായി.
മൂന്ന് കമ്പനികളും സംയോജിതമായി 16,184 കോടി രൂപയുടെ ലാഭമാണ് കഴിഞ്ഞപാദത്തിൽ കുറിച്ചത്.
മുൻവർഷത്തെ സമാനപാദത്തേക്കാൾ രണ്ട് മടങ്ങിലേറെ കൂടുതൽ. 6,124 കോടി രൂപ ലാഭം നേടി ബിപിസിഎൽ ഒന്നാമതെത്തി.
5,689 കോടി രൂപയുമായി ഇന്ത്യൻ ഓയിൽ രണ്ടാമതാണ്. എച്ച്പിസിഎലിന്റെ ലാഭം 4,371 കോടി രൂപ.
റിഫൈനിങ് മാർജിനിലും ബിസിസിഎല്ലാണ് മുന്നിൽ.
ഓരോ ബാരൽ ക്രൂഡ് ഓയിലും സംസ്കരിച്ച് പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളാക്കി വിപണിയിലിറക്കുമ്പോൾ ലഭിക്കുന്ന ലാഭമാണ് റിഫൈനിങ് മാർജിൻ. ബാരലിന് 4.88 ഡോളർ നേട്ടം ഇതുവഴി ബിപിസിഎൽ നേടുമ്പോൾ ഇന്ത്യൻ ഓയിലിന് കിട്ടുന്നത് 2.15 ഡോളർ; എച്ച്പിസിഎലിന് 3.08 ഡോളറും.
നിലവിൽ റിഫൈനറി ശേഷിയുടെ 118% ഉൽപാദനം ബിപിസിഎൽ നടത്തുന്നുണ്ട്.
ഇന്ത്യൻ ഓയിലിന് 107 ശതമാനവും എച്ച്പിസിഎലിന് 109 ശതമാനവുമാണ്. ശരാശരി 153 കിലോലീറ്റർ ഇന്ധനമാണ് ബിസിസിഎൽ ഓരോ പമ്പിലും പ്രതിമാസം എത്തിച്ചത്.
ഇന്ത്യൻ ഓയിൽ 130 കിലോ ലീറ്റർ.
പെട്രോൾ വിൽപന ലാഭം 10.3 രൂപ
ഓരോ ലീറ്റർ പെട്രോൾ വിറ്റഴിക്കുമ്പോഴും കഴിഞ്ഞപാദ പ്രകാരം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ 10.3 രൂപ വീതം ലാഭം നേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞവർഷത്തെ സമാനകാലത്ത് 4.4 രൂപയായിരുന്നു.
ഡീസലിന്മേലുള്ള ലാഭം ലീറ്ററിന് 2.5 രൂപയിൽനിന്ന് 8.2 രൂപയായും വർധിച്ചുവെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എൽപിജി വിൽപനയിൽ മൂന്ന് കമ്പനികളും നഷ്ടമാണ് രേഖപ്പെടുത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ ഓയിലിന് 3,719 കോടി രൂപ, ബിപിസിഎലിന് 2,076 കോടി രൂപ, എച്ച്പിസിഎലിന് 2,148 കോടി രൂപ എന്നിങ്ങനെയാണ് നഷ്ടം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]