
ദില്ലി: നേതാക്കൾ ജയിലിലായാൽ പദവി നഷ്ടമാകുന്ന ബില്ലിലെ സംയുക്ത പാർലമെന്റ് സമിതിയുടെ നടപടികളോട് സഹകരിക്കുന്നതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത. ജെപിസിയോട് സഹകരിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും പ്രഖ്യാപിച്ചു.
പ്രതിപക്ഷം ഒറ്റക്കെട്ടായി സഹകരിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ. പ്രധാനമന്ത്രി മുതൽ സംസ്ഥാന മന്ത്രിമാർ വരെ 30 ദിവസം ജയിലിലായാൽ പദവി നഷ്ടമാകുന്ന ബില്ലിനെതിരെ സഭയിലടക്കം സമാനതകളില്ലാത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്.
ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ട കേന്ദ്രസർക്കാർ നടപടിക്കെതിരെയും പ്രതിഷേധം തുടരുമ്പോഴും ജെപിസിയിൽ ശക്തമായ എതിർപ്പ് അറിയിക്കാനാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചത്.
എന്നാൽ പ്രതിപക്ഷ ഐക്യത്തിൽ കല്ലുകടിയാവുകയാണ് ടിഎംസിയുടെയും സമാജ്വാദി പാർട്ടിയുടെയും നിലപാട്. ജെപിസിയുടെ മുൻകാല നടപടികൾ ചൂണ്ടിക്കാട്ടി ബില്ലിലെ നടപടികളോട് ഒരു തരത്തിലും സഹകരിക്കില്ലെന്നാണ് ടിഎംസി അധ്യക്ഷ മമതാ ബാനർജിയും, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും അറിയിച്ചത്.
അതേസമയം കോൺഗ്രസും, സിപിഎമ്മും, ആർഎസ്പിയും അടക്കമുള്ള പാർട്ടികൾ ജെപിസിയിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിൽ തന്നെയാണ്. സഹകരിച്ചില്ലെങ്കിൽ എതിർപ്പ് രേഖപ്പെടുത്താൻ വേദിയില്ലാതാകുമെന്നാണ് ഈ പാർട്ടികളുടെ നിലപാട്.
ഏതൊക്കെ പ്രതിപക്ഷ അംഗങ്ങളെ ജെപിസിയിൽ ഉൾപ്പെടുത്തുമെന്നതും പ്രതിപക്ഷം ഉറ്റു നോക്കുകയാണ്. അതേസമയം ബില്ലിലെ ജെപിസി അംഗങ്ങളെ കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും.
31 അംഗ സമിതിയെയാകും പ്രഖ്യാപിക്കുക. നവംബറില്‍ നടക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് വയ്ക്കാനാണ് നീക്കം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]