
തൃശൂർ ∙ ആദിവാസി കർഷകർ മാത്രം ഓഹരിയുടമകളായ ഒരു കമ്പനി. സ്വന്തം നാടിന്റെ പേരിൽ അവർ ആരംഭിച്ച കമ്പനിയിലൂടെ ‘അതിരപ്പിള്ളി’ എന്ന ബ്രാൻഡ് നെയിമിൽ കാപ്പിയും കുരുമുളകും ഏലവും തേനും മുതൽ മഞ്ഞൾ വരെ വിറ്റു കണ്ടെത്തിയതു 41 ലക്ഷം രൂപയുടെ വിപണി!
ഓൺ ലൈൻ വാണിജ്യഭീമന്മാരായ ആമസോണിലും ഫ്ലിപ്കാർട്ടിലുമടക്കം ഇടംപിടിച്ച അതിരപ്പിള്ളി ഉൽപന്നങ്ങൾ യൂറോപ്യൻ വിപണി പിടിക്കാനൊരുങ്ങുകയാണ്. കിലോയ്ക്കു 105 രൂപ വിലയുള്ള ഓർഗാനിക് അരി മുതൽ 300 ഗ്രാമിനു 2800 രൂപ വിലയുള്ള ചെറുതേൻ വരെ ഇവർ വിറ്റഴിക്കുന്നു.
പരിസ്ഥിതി സൗഹൃദ ഉൽപാദന രീതിയിലൂടെ റെയിൻഫോറസ്റ്റ് അലയൻസ് സർട്ടിഫിക്കേഷൻ നേടുന്ന കേരളത്തിലെ ആദ്യത്തെ ഗോത്രക്കൂട്ടായ്മയും ഇവർ തന്നെ.
അതിരപ്പിള്ളിയിലെ 14 ആദിവാസി ഉന്നതികളിലെ കർഷകരുടെ ഉന്നമനത്തിനായി 2020ൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിലാരംഭിച്ച പദ്ധതിയാണു അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എന്ന സ്ഥാപനമായി വളർന്നത്. ആദിവാസി കുടുംബങ്ങൾ കാട്ടിൽ നിന്നു ശേഖരിക്കുന്ന വനവിഭവങ്ങൾ ചുളുവിലയ്ക്ക് ഇടനിലക്കാർ കൈവശപ്പെടുത്തുന്ന രീതി ഇതോടെ നിലച്ചു.
സ്വന്തം ഭൂമിയിൽ ശാസ്ത്രീയമായി കൃഷി ചെയ്യേണ്ട രീതി ആദിവാസി കർഷകരെ പഠിപ്പിച്ചുകൊണ്ടായിരുന്നു കമ്പനിയുടെ തുടക്കം.
പാറയുള്ള, കൃഷിയോഗ്യമല്ലാത്ത ഭൂമിയിൽ കശുമാവ് കൃഷി പോലും മികവോടെ നടപ്പാക്കി. 14 ഉന്നതികളിലായി 330 ഹെക്ടറിലേക്കു കൃഷി വ്യാപിച്ചു.
242 കർഷക ഓഹരിയുടമകളിൽ 111 പേരും സ്ത്രീകളാണെന്നതു കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തി. 4 വനിതാ കാർഷിക നഴ്സറികളും ആരംഭിച്ചു.
കാപ്പി, കുരുമുളക്, കൊക്കോ, അടയ്ക്ക, ജാതി, കശുവണ്ടി, തേൻ, കുടംപുളി, ഏലം, ഇഞ്ചി, വനവിഭവങ്ങളായ മഞ്ഞക്കൂവ, തെല്ലി, ചീവയ്ക്ക, മഞ്ഞൾ തുടങ്ങിയവയാണു പ്രധാന ഉൽപന്നങ്ങൾ.
പണം അപ്പപ്പോൾ നൽകിയാണ് ഉത്പന്നങ്ങൾ കർഷകരിൽ നിന്നെടുക്കുക. വെറ്റിലപ്പാറ ചിക്കളായിയിലെ പ്രൊസസിങ് യൂണിറ്റിലെത്തിച്ചാണു മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്നത്.
സ്വന്തം വെബ്സൈറ്റ് വഴിയും വിൽപന സജീവം. കണ്ണാടിപ്പായ, കുട്ട, മുറം തുടങ്ങിയ സാമഗ്രികളും വിൽക്കുന്നുണ്ട്.
വിൽക്കുന്ന ഉൽപന്നങ്ങളുടെ ലാഭവിഹിതം ബോണസ് ആയി ഇവർക്കു തന്നെ കൊടുക്കുന്നുണ്ടെന്നു സിഇഒ എം.എ. റാണി, നോഡൽ ഓഫിസർ ജെലീറ്റ എൽസ ജേക്കബ് എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]