
തൃശൂർ ∙ ദേശീയപാത 544ൽ അടുത്തയാഴ്ച മുതൽ പകൽ സമയത്തും തിരക്കേറിയ സമയങ്ങളിലും ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും. ഗതാഗതക്കുരുക്കു പരിഹരിക്കാനുള്ള ഹൈക്കോടതി നിർദേശത്തിന്റെ ഭാഗമായാണ് നടപടി.
ഇതിനു മുന്നോടിയായി ട്രയൽ റൺ നടത്തും. കോടതി നിർദേശത്തിന്റെ ഭാഗമായി കലക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷനായി രൂപീകരിച്ച ഗതാഗത മാനേജ്മെന്റ് കമ്മിറ്റി ആമ്പല്ലൂരും മുരിങ്ങൂരും സന്ദർശിച്ചു.
ആമ്പല്ലൂരിൽ വെളിച്ചക്കുറവ് കാരണമുണ്ടായ സുരക്ഷാ വീഴ്ച പരിഹരിക്കാൻ കലക്ടർ നിർദേശിച്ചു.
ജനപ്രതിനിധികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിക്കില്ല എന്ന എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ നിലപാടിനെ കെ.കെ.രാമചന്ദ്രൻ എംഎൽഎ വിമർശിച്ചു. സർവീസ് റോഡിലെ പ്രശ്നങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചൂണ്ടിക്കാട്ടി.
മരാമത്ത്, പഞ്ചായത്ത് അധീനതയിലുള്ള സമാന്തര റോഡുകളെല്ലാം തകർന്ന നിലയിലായത് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.രാജേശ്വരിയും ടി.എസ്.ബൈജുവും കലക്ടറെ ധരിപ്പിച്ചു. ആമ്പല്ലൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, റൂറൽ എസ്പി ബി.കൃഷ്ണകുമാർ, സബ് കലക്ടർ അഖിൽ വി.മേനോൻ, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ജി.കെ.പ്രദീപ്, ആർടിഒ ജി.അനന്തകൃഷ്ണൻ, മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർ കെ.അശോക് കുമാർ എന്നിവരും പങ്കെടുത്തു.
ഡ്രെയ്നേജ് നിർമാണത്തെച്ചൊല്ലി തർക്കം
ചാലക്കുടി∙ മുരിങ്ങൂരിൽ ദേശീയപാതയിലെ ഡ്രെയ്നേജ് ദേശീയപാതയ്ക്കു കുറുകെ പോകുന്ന ഇറിഗേഷൻ കനാലിനു സമീപം ഡ്രെയ്നേജ് അടച്ചിരിക്കുകയാണ്.
കനാലിലേക്കു വെള്ളം ഒഴുക്കാൻ ഇറിഗേഷന്റെ അനുമതി ലഭ്യമല്ല. പൈപ്പ് സ്ഥാപിച്ചു വെള്ളം സുഗമമായി ഒഴുകിപ്പോകാൻ നടപടിയുണ്ടാകണമെന്നും മാസങ്ങൾക്കു മുൻപേ ഇക്കാര്യത്തിൽ ആവശ്യമുന്നയിച്ചെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോളി പുളിക്കൻ, പഞ്ചായത്ത് അംഗങ്ങളായ പി.പി.പരമേശ്വരൻ റിൻസി രാജേഷ്, മുൻ പഞ്ചായത്ത് അംഗങ്ങളായ എ.ഡി.സജി,
രാജേഷ് മേനോത്ത്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.വിനോദ് എന്നിവർ കലക്ടറെ അറിയിച്ചു. ഇതിനിടെ, എ.ഡി.സജി ഡ്രെയ്നേജിന്റെ അപാകത പരിഹരിച്ചില്ലെങ്കിൽ നിർമാണം തടയുമെന്നു മുന്നറിയിപ്പു നൽകിയത് ഒച്ചപ്പാടിനു കാരണമായി.
ബഹളത്തിനെതിരെ റൂറൽ ജില്ലാ പൊലീസ് മേധാവി കയർത്തതോടെ രംഗം കൂടുതൽ വഷളായി. തർക്കം മുറുകിയതോടെ കലക്ടർ സന്ദർശനം മതിയാക്കി മടങ്ങാനൊരുങ്ങി. പലവട്ടം റോഡിലെ വെള്ളം ഒഴുകിയെത്തി വീട്ടിലും കടയിലും കയറിയ പുഷ്പാകരൻ ഉൾപ്പെടെയുള്ളവരും കലക്ടറോടു തങ്ങളുടെ ദുരിതം വിവരിച്ചു.
കലക്ടർ അടക്കമുള്ളവർ എത്തിയ സമയത്തു ബഹളമുണ്ടാക്കുന്നതു ശരിയല്ലെന്നു പറഞ്ഞ സനീഷ്കുമാർ ജോസഫ് എംഎൽഎയോട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത കയർത്തതോടെ വീണ്ടും തർക്കം മുറുകി.കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു , റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ, അസി.
എസ്പി ടി.എസ്.സിനോജ്, ഡിവൈഎസ്പി പി.സി.ബിജുകുമാർ, സബ് കലക്ടർ അഖിൽ വി. മേനോൻ, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ജി.കെ.
പ്രദീപ്, തഹസിൽദാർ കെ.എ.ജേക്കബ്, ഇൻസ്പെക്ടർ അമൃത്രംഗൻ, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
എറണാകുളം ഭാഗത്തേക്കുള്ള സർവീസ് റോഡ് പൂർത്തിയായി
മുരിങ്ങൂർ ∙ ദേശീയപാതയിൽ എറണാകുളം ഭാഗത്തേയ്ക്കുള്ള സർവീസ് റോഡിന്റെ ടാറിങ് പൂർത്തിയായി. ടാറിങ്ങിനിടെ വാഹനങ്ങൾ പല ഭാഗങ്ങളിലൂടെ തിരിച്ചു വിട്ടെങ്കിലും ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.
കൊടകരയിൽ നിന്നു ആളൂർ വഴിയും ചാലക്കുടിയിൽ നിന്നു മേലൂർ വഴിയുമാണു വാഹനങ്ങൾ തിരിച്ചു വിട്ടത്. മുരിങ്ങൂരിലേക്ക് എത്തിയ വാഹനങ്ങൾ റോക്കി ടയേഴ്സിനു സമീപം എതിർ ട്രാക്കിലൂടെ കടത്തി വിടുകയും ചെയ്തു. ഈ സമയത്ത് എറണാകുളം ഭാഗത്തു നിന്നെത്തിയ വാഹനങ്ങൾ 20 മിനുറ്റോളം പിടിച്ചിടുകയും ചെയ്തു.
അതിനു ശേഷം ആ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ വിടുകയും തൃശൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തടഞ്ഞിടുകയും ചെയ്തു.
ചെറിയ വാഹനങ്ങളെ ഡിവൈൻനഗറിലെ അടിപ്പാതയിലൂടെ കടത്തി വിട്ടു അന്നനാട് വഴി തിരിച്ചു വിട്ടു. ഇരു ദിശകളിലേയ്ക്കുമുള്ള വാഹനങ്ങൾ ഒരേ റോഡിലൂടെ കടത്തി വിട്ടതു ഗതാഗതക്കുരുക്കുണ്ടാക്കി.
എറണാകുളം ഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലെ ടാറിങ് ഇന്നലെ രാത്രി 11ഓടെയാണ് ആരംഭിച്ചത്. ഇതിനായി 13 ലോഡ് ടാർ മിക്സ് കോയമ്പത്തൂരിൽ നിന്ന് എത്തിച്ചു.
കൊരട്ടി ഇൻസ്പെക്ടർ അമൃത്രംഗന്റെ നേതൃത്വത്തിൽ 30ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് രാത്രി വാഹനഗതാഗതം നിയന്ത്രിച്ചത്.
ഇന്നു രാവിലെ മുരിങ്ങൂരിലെ ടാറിങ് പൂർത്തിയാക്കുമെന്നാണു സൂചന. ഇരു ദിശകളിലേക്കുമുള്ള സർവീസ് റോഡുകളുടെ ടാറിങ് പൂർത്തിയാക്കുന്നതോടെ മാസങ്ങളോളം ജനത്തെ വലച്ച ഗതാഗതക്കുരുക്കിന് അയവുണ്ടാകുമെന്നാണു പ്രതീക്ഷ. ഇതിനിടെ രാവിലെയും വൈകിട്ടും ലോറികൾ റോഡിലെ കുഴിയിൽ താഴ്ന്നതു ഗതാഗതക്കുരുക്കിനു വഴിയൊരുക്കിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]