
നാദാപുരം∙ പഞ്ചായത്തിൽ പുതുതായി നിലവിൽ വരാനിരിക്കുന്ന 24ാം വാർഡിലെ യുഡിഎഫ് അനുകൂല വോട്ടറായ തട്ടാങ്കുന്നുമ്മൽ പാത്തു (85), താൻ മരിച്ചതായി പഞ്ചായത്തിൽ വിവരം നൽകി വോട്ടു നിഷേധിക്കാൻ ശ്രമിച്ചയാളെ നേരിൽ കാണാൻ ഇന്നലെ പഞ്ചായത്ത് ഓഫിസിൽ എത്തി. ഇവരുടെ ബന്ധുക്കളും രോഷത്തോടെ എത്തി.
എന്നാൽ, ഇവർ മരിച്ചെന്നു പരാതി സമർപ്പിച്ച പുതുശ്ശേരി മീത്തൽ നിഷ എത്തിയില്ല.
ഓഫിസിന്റെ മൂന്നാം നിലയിലായിരുന്നു വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിചാരണ തീരുമാനിച്ചതെങ്കിലും പ്രായാധിക്യമുള്ള പാത്തുവിനെ പഞ്ചായത്ത് ഓഫിസിന്റെ മുറ്റത്തു വച്ചാണ് സെക്രട്ടറി എം.പി.റെജുലാൽ കണ്ടത്.
നിഷയുടെ പരാതി തെറ്റെന്ന് ബോധ്യമായതായി സെക്രട്ടറി വ്യക്തമാക്കിയതോടെ വ്യാജ പരാതിക്കാരിക്ക് എതിരെ നടപടി വേണമെന്നായി പാത്തുവും ബന്ധുക്കളും.
ഇതേ വാർഡിലെ മറ്റൊരു ‘പരേതയായ’ ചെറുവത്ത് മീത്തൽ പാത്തു(80) വിചാരണയ്ക്ക് എത്താൻ സന്നദ്ധത അറിയിച്ചെങ്കിലും എത്തേണ്ടതില്ലെന്ന് സെക്രട്ടറി അറിയിച്ചു. പരാതിക്കാരി ഹാജരാകാത്തതിനാൽ ഇരുവർക്കും വോട്ടറായി തുടരാമെന്നു സെക്രട്ടറി വ്യക്തമാക്കി.ഉപരിപഠനത്തിനു പോയ വലിയ കരുവാരിയിൽ ഫർഹത്ത് വിവാഹിതയെന്നു പരാതി നൽകിയത് നാട്ടുകാരിയായ കണ്ണച്ചാങ്കണ്ടി ശോഭയാണ്.
ഫർഹത്തിനു വേണ്ടി പിതാവ് ത്വൽഹത്ത് ഹാജരായി വിവാഹിതയല്ലെന്ന് ബോധ്യപ്പെടുത്തി.
വരിക്കോളിയിൽ ചെമ്മനംപുറത്ത് സി.ആര്യ എന്ന യുവതിയുടെ വോട്ട് തള്ളാൻ മുസ്ലിം ലീഗുകാരനായ സി.ആർ.ഗഫൂർ പരാതിപ്പെട്ടതും ഇവർ വിവാഹം കഴിഞ്ഞു പോയെന്നായിരുന്നു. ഇവർ വിവാഹിതയല്ലെന്ന് ബോധ്യപ്പെട്ടതോടെ വോട്ടറായി തുടരാൻ അനുവദിച്ചു. വരിക്കോളി വണ്ണത്താങ്കണ്ടി ചീരു മരിച്ചെന്നു കാണിച്ചു കോൺഗ്രസ് ഭാരവാഹി സി.എം.രാജൻ വോട്ട് തള്ളാൻ അപേക്ഷ നൽകിയെങ്കിലും ചീരു ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യമായതോടെ അവർക്കും വോട്ടവകാശം ഉറപ്പായിട്ടുണ്ട്.
പരേതരെന്നു മുദ്ര കുത്തി വോട്ട് നിഷേധിക്കപ്പെട്ടവർ പഞ്ചായത്ത് ഓഫിസിൽ നേരിട്ടെത്തുന്നതു കാണാൻ ഒട്ടേറെ രാഷ്ട്രീയ പ്രവർത്തകരും ജനപ്രതിനിധികളും പഞ്ചായത്ത് ഓഫിസിനു മുൻപിൽ എത്തിയിരുന്നു. തർക്കവും വാക്കേറ്റവും ഇല്ലാതെ കാര്യങ്ങൾ നിയന്ത്രിക്കാൻ നേതാക്കൾ ഏറെ പാടുപെട്ടു.
ആ നിഷയല്ല ഈ നിഷ
നാദാപുരം∙ തട്ടാങ്കുന്നുമ്മൽ പാത്തു ജീവിച്ചിരിപ്പില്ലെന്നും വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തിൽ അപേക്ഷ നൽകിയ നിഷ എത്തിയില്ലെങ്കിലും സിപിഎമ്മുകാരിയായ കല്ലാച്ചി ടൗൺ വാർഡ് മെംബർ വി.സി.നിഷാ മനോജ് പാത്തുവിന്റെ മുൻപിൽ എത്തിയത് രോഷ പ്രകടനത്തിന്റെ മഞ്ഞുരുകാൻ പര്യാപ്തമായി.
മരിച്ചതായി തന്റെ പാർട്ടിക്കാർ പരാതി പറഞ്ഞ പാത്തുവാണ് മുൻപിലുള്ളതെന്ന് അറിയാതെയാണ് നിഷാ മനോജ് എത്തിയതും കസേരയിൽ ഊന്നു വടിയുമായി ഇരിക്കുന്ന പാത്തുവിനെ കണ്ടതും കൈ പിടിച്ചു സുഖ വിവരങ്ങൾ ആരാഞ്ഞതും.
ഈ നിഷ അല്ല തന്നെ മരിച്ചവരുടെ കൂട്ടത്തിൽപ്പെടുത്തിയത് എന്നറിഞ്ഞു പാത്തു ഒന്നയഞ്ഞു. ഇങ്ങനെയൊന്നും പാടില്ലെന്ന് പരാതിക്കാരി നിഷയോട് പറഞ്ഞേക്ക് എന്നു പറഞ്ഞാണ് പാത്തു മടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]