
കടുത്തുരുത്തി ∙ മുട്ടുചിറ– എഴുമാന്തുരുത്ത് – മുളക്കുളം റോഡ് പൂർത്തിയാക്കാൻ വഴി തെളിയുന്നു. കരാർ ഏറ്റെടുത്ത കമ്പനി പ്രവൃത്തി ഉപേക്ഷിച്ചതു മൂലം നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്ന മുട്ടുചിറ – എഴുമാന്തുരുത്ത് – വടയാർ – വെള്ളൂർ – മുളക്കുളം റോഡിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് 95 കോടി രൂപയുടെ പുതുക്കിയ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി.
പുതുക്കിയ പദ്ധതിയുടെ ടെൻഡർ തുറക്കൽ സെപ്റ്റംബർ 22നു നടക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
കോട്ടയം – എറണാകുളം റോഡിൽ മുട്ടുചിറയിൽ നിന്ന് ആരംഭിച്ച് മുളക്കുളം അമ്പലപ്പടിയിൽ എത്തിച്ചേരുന്ന റോഡ് വികസന പദ്ധതിക്കാണ് ഇപ്പോൾ പുതുക്കി നിശ്ചയിച്ച തുക അനുവദിച്ചിരിക്കുന്നത്.
3 വർഷം മുൻപ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നേരിട്ടെത്തി കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ റോഡ് വികസന പദ്ധതി കരാർ കമ്പനിക്ക് പണം നൽകാത്തതിനാൽ ഉപേക്ഷിച്ചിരുന്നു. കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ മുട്ടുചിറ മുതൽ വാലാച്ചിറ വരെയും ആയാംകുടി മുതൽ എഴുമാന്തുരുത്ത് വരെയും വെള്ളൂർ മുതൽ മുളക്കുളം വരെയും പണികൾ നടക്കാനുണ്ട്. റോഡ് തകർന്നു കിടക്കുന്നതിനാൽ വലിയ ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നത്.
റോഡിൽ ബിഎം ആൻഡ് ബിസി ടാറിങ് ജോലികൾ, ഓടയുടെയും കലുങ്കുകളുടെയും നിർമാണ പൂർത്തീകരണം, അപകടാവസ്ഥയിലുള്ള വൈദ്യുത പോസ്റ്റുകൾ മാറ്റിസ്ഥാപിക്കൽ, വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ പുതുക്കിയ സർക്കാർ നിരക്ക് പ്രകാരം നടപ്പാക്കും. കടുത്തുരുത്തി, വൈക്കം നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട
റോഡ് വികസന പദ്ധതി മുടങ്ങിപ്പോയതിനെ തുടർന്ന് ജനങ്ങളുടെ ദുരിതം എംഎൽഎമാരായ മോൻസ് ജോസഫ്, സി.കെ.ആശ എന്നിവർ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.എ.മുഹമ്മദ് റിയാസ് എന്നിവരുടെ ശ്രദ്ധയിൽപെടുത്തുകയും നിയമസഭയിൽ ഇക്കാര്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിർമാണം പൂർത്തിയാക്കാൻ പുതുക്കിയ അനുമതി നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]