
മാക്കൂട്ടം പെരുമ്പാടി ചുരം ഉൾപ്പെടുന്ന സംസ്ഥാനാന്തര റോഡിനെ ദേശീയപാതയാക്കാൻ 2021 ഡിസംബറിൽ തത്വത്തിൽ അനുമതി ലഭിച്ചതാണ്. വടക്കേ മലബാറിനും കർണാടകയിലെ കുടക്, ഹാസൻ ജില്ലകൾക്കും പ്രതീക്ഷ പകർന്ന പ്രഖ്യാപനത്തിനു പക്ഷേ ഇനിയും ഫയലിൽ നിന്നു പുരോഗതി ഉണ്ടായില്ല.
കുടകിലെ കയറ്റുമതി മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കുമെല്ലാം പ്രയോജനപ്പെടുമെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുൻ മൈസൂരു– കുടക് എംപി പ്രതാപ് സിംഹയും കണ്ണൂർ,
കാസർകോട് ജില്ലകൾക്കും കണ്ണൂർ വിമാനത്താവളത്തിനും വികസനക്കുതിപ്പേകുന്ന കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും വ്യത്യസ്ത സമയങ്ങളിൽ നടത്തിയ ചർച്ചയെ തുടർന്നായിരുന്നു പ്രഖ്യാപനം.
ഇരുസംസ്ഥാനങ്ങളിൽ നിന്നും 2016 മുതൽ ശ്രമം തുടങ്ങിയതാണ്. മേലേചൊവ്വ മുതൽ കൂട്ടുപുഴ വരെയും കർണാടകയുടെ ഹാസൻ ജില്ലയിലെ ഹൊലെനരസീപ്പുരയിൽ തുടങ്ങി അർക്കൽഗുഡ് – ഷാനിവരസന്തെ – സോമവാർപേട്ട – മഡാപുര – മടിക്കേരി – മൂർനാട്– വിരാജ്പേട്ട
– മാക്കൂട്ടം കൂട്ടുപുഴ പാലം വരെയും ഉള്ള റോഡാണ് ദേശീയപാതയായി ഉയർത്താൻ തീരുമാനമായത്. പാതയുടെ നീളം 183 കിലോമീറ്ററാണ്.
1600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന്റെ നീക്കം സംസ്ഥാന വിഹിതത്തിൽ തട്ടിനിന്നു
കണ്ണൂർ മേലേ ചൊവ്വ മുതൽ കൂട്ടുപുഴ വരെയുള്ള ദൂരം ദേശീയ പാതയായി നവീകരിക്കുന്നതിൽ കേരള സർക്കാർ താൽപര്യം എടുത്തതിനാൽ തുടക്കത്തിൽ ഫയൽനീക്കം വേഗത്തിൽ നടന്നു. മട്ടന്നൂർ – കൂട്ടുപുഴ (വളവുപാറ) ദൂരം നിലവിൽ ലോകബാങ്ക് സഹായത്തോടെയുള്ള കെഎസ്ടിപി പദ്ധതിയിൽ 10 മീറ്റർ ടാറിങ്ങോടെ നവീകരിച്ചതിനാൽ നിർദിഷ്ട
കാലാവധി കഴിഞ്ഞേ ഈ ഭാഗം പുനർനിർമിക്കാൻ സാധിക്കുള്ളൂവെന്നതിനാൽ ആദ്യഘട്ടത്തിൽ മേലേചൊവ്വ മുതൽ മട്ടന്നൂർ (കണ്ണൂർ വിമാനത്താവളം) വരെ എന്നു നിശ്ചയിച്ചു.
എൽ ആൻഡ് ടിയെ കൊണ്ട് ഇൻവെസ്റ്റിഗേഷൻ നടത്തി. അവർ 3 ശുപാർശകൾ നൽകി.
1) നിലവിലെ റോഡ് ഇരുവശത്തേക്കും വീതികൂട്ടി 2 ലൈൻ പാതയാക്കുക. 2) ഇരുവശത്തേക്കും സ്ഥലം എടുത്തു 4 ലൈൻ പാതയാക്കുക.
3) മേലേ ചൊവ്വ മുതൽ മട്ടന്നൂർ വായാംതോട് വരെ ഫ്ലൈഓവർ ബ്രിജ് ആക്കുക. ഇതിൽ 4 ലൈൻ പാത (24 മീറ്റർ) യോടായിരുന്നു സംസ്ഥാന സർക്കാർ താൽപര്യം കേന്ദ്രത്തിൽ അറിയിച്ചത്. ഈ പദ്ധതിയിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവിൽ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിബന്ധന വച്ചതിനോട് സംസ്ഥാന സർക്കാർ യോജിച്ചില്ല.
തുടർന്നു ഫയൽനീക്കം നിലച്ചു.
അതേസമയം കർണാടകയുടെ ഭാഗത്തുനിന്നു ദേശീയപാത അതോറിറ്റി കേന്ദ്രത്തിൽ ശുപാർശ സമർപ്പിച്ചതിന് അപ്പുറം പുരോഗതി ഉണ്ടായില്ല. നേരത്തേ താൽപര്യം എടുത്തിരുന്ന പ്രതാപ് സിംഹ എംപി മാറി.
സംസ്ഥാന സർക്കാരും മാറി. പുതിയ എംപിയും കുടകിൽ നിന്നുള്ള എംഎൽഎമാരും താൽപര്യം എടൂത്താൽ മാത്രമേ ആശാവഹമായ പുരോഗതി ഉണ്ടാകൂ.
ചുരം റോഡ് വനത്തിനുള്ളിൽ കൂടി ആയതിനാൽ കർണാടകയിൽ വനംവകുപ്പും അനുകൂലമല്ല.
കാർ യാത്രയ്ക്ക് 6 മണിക്കൂർ മതിയാകും
കണ്ണൂർ നിന്നു കൂട്ടുപുഴ വരെയുള്ള 55 കിലോമീറ്റർ ഓടിയെത്താൻ ഒന്നരമണിക്കൂറോളമാണ് നിലവിൽ വേണ്ടിവരുന്നത്. ദേശീയപാതയാകുന്നതോടെ ഇത് ഒരു മണിക്കൂറായി ചുരുങ്ങും. കൂട്ടുപുഴ മുതൽ മടിക്കേരി വരെയുള്ള 57 കിലോമീറ്റർ ദൂരം ഓടിയെത്താൻ ഏതാണ്ട് 2 മണിക്കൂറും വേണ്ടിവരുന്നു.
ഇതും ഒന്നരമണിക്കൂറായി ചുരുങ്ങും. മടിക്കേരി ബെംഗളൂരു ദൂരം മൂന്നര മണിക്കൂറിലും ഓടിയെത്താൻ കഴിയുന്നതോടെ കണ്ണൂർ – ബെംഗളൂരു കാർ യാത്രയ്ക്ക് 6 മണിക്കൂർ മതിയാകും.
കർണാടകയ്ക്കും കേരളത്തിനും നേട്ടം
കുടക്, ഹാസൻ മേഖലകളിൽ നിന്നു പച്ചക്കറികൾ ഉൾപ്പെടെ ഒട്ടേറെ ചരക്കു വാഹനങ്ങൾ കേരളത്തിലേക്ക് എത്തുന്നുണ്ട്.
ജോലി ആവശ്യത്തിനും വിദ്യാഭ്യാസ ആവശ്യത്തിനുമായി കുടക്, മൈസൂരു, ബെംഗളൂരു ഭാഗങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവർക്കും റോഡ് വികസനം വലിയ അനുഗ്രഹമാകും. ദേശീയപാതയായി ഉയരുന്നതോടെ കണ്ണൂർ വിമാനത്താവളം, അഴീക്കൽ തുറമുഖം എന്നിവയുടെ പ്രയോജനം കുടക്, ഹാസൻ മേഖലകൾക്കും പൂർണമായും ലഭിക്കും.
കുടക് മേഖലയിലെ വിനോദസഞ്ചാരത്തിനും കാപ്പി, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ളവയുടെ കയറ്റുമതിക്കും വഴിയൊരുങ്ങും.
നിലവിൽ റോഡ് മാർഗം മംഗളൂരുവിലോ കൊച്ചിയിലോ എത്തിച്ചാണ് കാപ്പി ഉൾപ്പെടെയുള്ളവ കയറ്റുമതി ചെയ്യുന്നത്. കൂട്ടുപുഴയിൽ പുതിയ പാലം കൂടി യാഥാർഥ്യമായതിനാൽ കണ്ടെയ്നർ ലോറികൾക്ക് അഴീക്കൽ തുറമുഖത്തേക്കു സുഗമമായി എത്താൻ സാധിക്കും.
വിരാജ്പേട്ട
എന്ന പേരിനുപിന്നിൽ
രാജഭരണ കാലത്ത് കുടക് ജില്ലയിലെ വിരാജ്പേട്ടയും നാട്ടുരാജ്യം ആയിരുന്നു. അവസാന കാലഘട്ടത്തിൽ രാജ്യം ഭരിച്ചിരുന്ന വീര രാജേന്ദ്ര രാജാവിന്റെ പേരിൽ നിന്നാണു വിരാജ്പേട്ട എന്നു സ്ഥലപ്പേര് വന്നതെന്നാണ് ഐതിഹ്യം.
മരാമത്ത് സബ് ഡിവിഷൻ ഓഫിസ് ഇന്നും പ്രവർത്തിക്കുന്ന കെട്ടിടം, ഐബി എന്നിവ രാജാവിന്റെ കോട്ടയുടെ ഭാഗം ആയിരുന്നു.
യാഥാർഥ്യമായാൽ കണ്ണൂരിൽ നിന്ന് ബെംഗളൂരു വരെ ദേശീയപാതയാകും
∙മേലേചൊവ്വ – ഹാസൻ എൻഎച്ച് പ്രഖ്യാപനം യാഥാർഥ്യമായാൽ കണ്ണൂരിൽ നിന്നു ബെംഗളൂരു വരെ ദേശീയപാതയാകും. 2 വർഷം മുൻപ് ബെംഗളൂരു – മൈസൂരു ദേശീയപാതയെ 10 വരിയുള്ള സാമ്പത്തിക ഇടനാഴിയായി ഉയർത്തിയതോടെ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാസമയം ഒന്നര മണിക്കൂറായി ചുരുങ്ങിയിരുന്നു.
മൈസൂരു – പെരിയപട്ടണ – കുശാൽനഗർ – മടിക്കേരി – സുള്ള്യ – പുത്തൂർ – ബണ്ട്വാൾ ദേശീയപാതയുടെ വികസന പ്രവൃത്തി ഊർജിതമായി നടക്കുന്നുണ്ട്.
2 ലൈൻ നിർമാണം കഴിഞ്ഞു. 4 ലൈൻ പ്രവൃത്തിയും കുശാൽനഗർ വരെ എത്തി. മൊത്തം 200 കിലോമീറ്റർ ദൂരം വരുന്ന മൂന്ന് ബൈപാസുകൾ ഉൾപ്പെട്ട ഈ പാതയ്ക്കു 3883 കോടി രൂപയാണ് അനുവദിച്ചത്.
മടിക്കേരിക്കും മേലേചൊവ്വയ്ക്കും ഇടയിലുള്ള പാതയ്ക്കു കൂടി ദേശീയപാത പദവി യാഥാർഥ്യമായാൽ ബെംഗളൂരുവിനും കണ്ണൂരിനും ഇടയിലെ റോഡ് പൂർണമായും ദേശീയപാതയായി മാറും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]