
അമ്പലവയൽ ∙ റോഡുമില്ല, മാലിന്യങ്ങളും നിറയുന്നു, നെല്ലാറച്ചാൽ വ്യൂ പോയിന്റിലേക്ക് ദുരിതയാത്ര. ഒട്ടേറെ സന്ദർശകരെത്തുന്ന നെല്ലാറചാൽ വ്യൂപോയിന്റിലേക്കുള്ള റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്.
കവലയിൽ നിന്ന് വ്യൂപോയിന്റിലേക്ക് തിരിയുന്ന റോഡിൽ കുഴികൾ മാത്രമാണുള്ളത്. വർഷങ്ങൾക്ക് മുൻപ് നടത്തിയ ടാറിങ് ഇവിടെ പൂർണമായും പൊളിഞ്ഞ് പോയി. മഴ പെയ്താൽ വലിയ കുഴികളിൽ വെള്ളവും ചെളിയും നിറയും.
സന്ദർശകരായി എത്തുന്നവരെയെല്ലാം ഈ റോഡിന്റെ ശോച്യവസ്ഥയാണ് വരവേൽക്കുന്നത്.
മുൻപോട്ട് പോയാൽ കുറച്ച് ദൂരം ടാറിങ്ങുണ്ടെങ്കിലും ബാക്കിയുള്ള ഭാഗങ്ങളെല്ലാം തകർന്ന് കിടക്കുകയാണ്. വ്യൂ പോയിന്റിൽ സന്ദർശകരുടെ വാഹനങ്ങൾ നിറുത്തുന്ന ഭാഗത്തും മഴ പെയ്താൽ ചെളിക്കുളമാണ്.
വാഹനങ്ങൾ ഇവിടെ ചെളിയിൽ തെന്നി മാറുന്നതും പതിവാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലം ഇല്ലികൾ കൊണ്ടുള്ള വേലി കെട്ടി തിരിച്ചതൊഴിച്ചാൽ മറ്റൊരു പ്രവൃത്തിയും ജലസേചന വകുപ്പ് നടത്തിയിട്ടില്ല. പാർക്കിങ് ഏരിയയിൽ അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടികൾ ഇല്ല.
വ്യൂ പോയിന്റിലേക്കുള്ള റോഡിന് ഇരുവശവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും നിറയുകയാണ്. വ്യൂ പോയിന്റിന് സമീപത്ത് പ്ലാസ്റ്റിക് കുപ്പിയടക്കം ഇടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും പലരും തോന്നുന്ന പോലെ വലിച്ചെറിയുന്ന അവസ്ഥയാണ്.
ഇത് തടയുന്നതിനും നടപടികളില്ല. നിലവിൽ ജലസേചന വകുപ്പിന്റെ കീഴിലുള്ള പ്രദേശത്ത് ജീവനക്കാരെയോ മറ്റോ ജലസേചന വകുപ്പ് നിയോഗിച്ചിട്ടില്ല.
അതിനാൽ സന്ദർശകരെല്ലാം തോന്നുന്ന രീതിയിലാണ് സ്ഥലം സന്ദർശിക്കുന്നത്.
പ്രദേശത്ത് ഒാഫ് റോഡ് നടത്തിയ ജീപ്പ് അടക്കം ഡാമിൽ വീണ സംഭവത്തിന് പിന്നാലെയാണ് ഇവിടെ വാഹനങ്ങൾക്ക് നിയന്ത്രണമൊരുക്കി വേലി കെട്ടി തിരിച്ചത്. എന്നാൽ അതിന് ശേഷം പ്രദേശത്തേക്ക് വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം. പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കി കൂടുതൽ സഞ്ചാരികളെത്തിക്കുന്ന വിധത്തിൽ വ്യൂപോയിന്റിനെ പ്രധാന വിനോദ കേന്ദ്രമാക്കി മാറ്റിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]