
പുൽപള്ളി ∙ പതിറ്റാണ്ടുകളായി ഭൂമി കൈവശംവച്ചുവരുന്ന ചീയമ്പം വനയോരമേഖലയിലെ താമസക്കാരുടെ പട്ടയത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. ചീയമ്പം എഴുപത്തിമൂന്നു മുതൽ കന്നാരംപുഴക്കര വരെയുള്ള വനാതിർത്തിയിലെ 50ഓളം കുടുംബങ്ങൾക്കാണ് ഇനിയും പട്ടയം ലഭിക്കാത്തത്.
ഇരുളം വില്ലേജിൽ റീസർവേ പ്രകാരം കൈവശംവച്ചും വീടുനിർമിച്ചും നികുതിയടച്ചും വരുന്ന ഭൂമിക്കാണ് പട്ടയമില്ലാത്ത്. ചീയമ്പം തേക്കുതോട്ടത്തിനും കെഎഫ്ഡിസി ഏറ്റെടുത്ത സ്ഥലത്തിനും അതിരിലുള്ള സ്ഥലത്തിനു പട്ടയംനൽകാൻ പലതടസ്സങ്ങളാണ് അധികൃതർ നിരത്തുന്നത്.
വനഭൂമി കൃത്യമായി അളന്നുതിരിച്ച് ജണ്ടകെട്ടി തിരിച്ചിട്ടുണ്ട്.
വനം സർവേയും റവന്യു സർവേയും നടത്തിയാണ് കൈവശക്കാരുടെ ഉടമാവകാശം സ്ഥാപിച്ചു നൽകിയത്. എന്നാൽ വീണ്ടും വനഭൂമിയെന്നു പറയുന്നതിനു യാതൊരു ന്യായീകരണവുമില്ലെന്ന് കൈവശക്കാർ പറയുന്നു.
ജന്മംകൈവശമുള്ളവർക്കും ഭൂമി കൈമാറ്റത്തിന് വനംവകുപ്പിന്റെ നിരാക്ഷേപപത്രം ആവശ്യമാണ്. അതാവട്ടെ സമയത്ത് ലഭിക്കാത്തതിനാൽ മക്കളുടെ പേരിൽ സ്ഥലംഎഴുതി നൽകാനും സാധിക്കുന്നില്ല.
ഭൂ ഉടമകളുടെ കൈവശാവകാശം പരിശോധിച്ച് പട്ടയം നൽകുമെന്ന് സർക്കാർ പലവട്ടം വ്യക്തമാക്കിയിരുന്നു.
വില്ലേജ്, താലൂക്ക് തലങ്ങളിൽ പട്ടയമേളയും മുടക്കമില്ലാതെ നടക്കുന്നുണ്ട്. എന്നാൽ ഇവിടത്തെ അപേക്ഷകർ ഓഫിസ് കയറിയിറങ്ങി മടുക്കുന്നതല്ലാതെ പട്ടയം ലഭിച്ചിട്ടില്ല.
കോഴിക്കൂടിനുള്ള സഹായംപോലും കിട്ടാൻ ഭൂനികുതി രസീത് നിർബന്ധമാണ്. ഉടമ മരിച്ചാൽ അവകാശികളായ മക്കൾക്ക് അത് വീതിച്ചെടുത്ത് രേഖയുണ്ടാക്കാനും നിവൃത്തിയില്ല. വനഭൂമിയെന്ന തടസ്സവും പട്ടയമില്ലെന്ന കാരണവും ഭാഗാധാരത്തിനും തടസ്സമാകുന്നു.
ഇരുളം വില്ലേജിന്റെ വിവിധ ഭാഗങ്ങളിൽ സമാനകാരണങ്ങളാൽ ഒട്ടേറെ കുടുംബങ്ങൾക്ക് കൈവശരേഖ ലഭിച്ചിട്ടില്ല. മിച്ചഭൂമി, വനഭൂമി എന്നിവയുടെ പേരിൽ അർഹതപ്പെട്ടവർക്ക് പട്ടയം നിഷേധിക്കരുതെന്ന് മന്ത്രി നിർദേശം നൽകിയിരുന്നു.
പട്ടയമില്ലാത്ത കൈവശഭൂമിക്ക് ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകില്ല. വനം, റവന്യു സർവേകൾ പൂർത്തിയായ പ്രദേശങ്ങളിൽ മുൻകൈവശവും അർഹതയും പരിഗണിച്ച് കുടികിടപ്പുകാർക്ക് പട്ടയം നൽകാൻ സർക്കാർ തയാറാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]