
അമ്പലപ്പുഴ ∙ തനിച്ചു താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൈനുലാബ്ദീനും ഭാര്യ അനീഷയും പൊലീസിന്റെ വലയിലായതു മോഷ്ടിച്ച മൊബൈൽ ഫോണിലെ സിം കാർഡ് മാറ്റി മറ്റൊന്ന് ഇടുന്നതിനിടയിൽ. കാണാതായ ഫോൺ നേരത്തെ അറസ്റ്റിലായ അബൂബക്കർ തട്ടിയെടുത്തു നശിപ്പിച്ചെന്നായിരുന്നു അതുവരെ പൊലീസിന്റെ നിഗമനം.
അബൂബക്കർ അങ്ങനെ പൊലീസിനോടു സമ്മതിക്കുകയും ചെയ്തു. എന്നാൽ, മോഷ്ടിച്ച സ്വർണക്കമ്മലും ഫോണുമായി യഥാർഥ പ്രതികളായ സൈനുലാബ്ദീനും അനീഷയും സംഭവം നടന്ന 17നു പുലർച്ചെ തന്നെ കടന്നുകളഞ്ഞിരുന്നു.
ഫോൺ ഓഫ് ചെയ്തിരുന്നു. ഇതേപ്പറ്റി അപ്പോൾ പൊലീസിന് ഒരു സൂചനയും ഉണ്ടായിരുന്നില്ല.
എങ്കിലും കാണാതായ ഫോൺ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഈ ഫോൺ മറ്റൊരു സിം കാർഡ് ഇട്ടു പ്രവർത്തിപ്പിച്ചപ്പോൾ തന്നെ പൊലീസിനു വിവരം കിട്ടി.
ഫോൺ മൈനാഗപ്പള്ളിയിലാണെന്നും കണ്ടെത്തി. കൊല്ലം പൊലീസിന്റെ സഹായത്തോടെ പ്രതികളെ രാത്രിതന്നെ പിടികൂടുകയും ചെയ്തു. ഡിവൈഎസ്പി: കെ.എൻ.രാജേഷിന്റെയും സ്റ്റേഷൻ ഓഫിസർ എം.പ്രതീഷ്കുമാറിന്റെയും നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്:
മരിച്ച സ്ത്രീയുമായി അടുപ്പത്തിലായിരുന്ന അബൂബക്കർ കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവരുടെ വീട്ടിലെത്തിയിരുന്നു.
11 മണിയോടെ അബൂബക്കർ മടങ്ങി. അബൂബക്കർ അകത്തുള്ളപ്പോൾ സൈനുലാബ്ദീനും അനീഷയും വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്നു. അബൂബക്കർ പോയശേഷം അവർ വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അകത്തു കടന്നു വൈദ്യുതി വിഛേദിച്ചു.
മോഷണശ്രമത്തെ സ്ത്രീ ചെറുത്തപ്പോൾ സൈനുലാബ്ദീൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തുടർന്നു സ്ത്രീയുടെ ശരീരത്തിലും മുറിയിലും മുളകുപൊടി വിതറി.
അലമാരയിലുണ്ടായിരുന്ന കമ്മലും കട്ടിലിൽനിന്നു മൊബൈൽ ഫോണും മോഷ്ടിച്ചു കടന്നുകളഞ്ഞു.
സംശയം തോന്നിയവരെ ചോദ്യം ചെയ്ത കൂട്ടത്തിൽ കൊലപാതകം നടത്തിയെന്നും മുളകുപൊടി വിതറിയെന്നും ഫോൺ എടുത്തെന്നും അബൂബക്കർ സമ്മതിച്ചതോടെയാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു. കാണാതായ ഫോണിൽ മറ്റൊരു സിം കാർഡിട്ടു പ്രവർത്തിപ്പിച്ചതോടെയും ഫോൺ കൊല്ലം മൈനാഗപ്പള്ളിയിലാണെന്ന് പൊലീസ് കണ്ടെത്തിയതോടെയുമാണു യഥാർഥ പ്രതി അബൂബക്കറല്ലെന്നു വ്യക്തമായത്. മൈനാഗപ്പള്ളിയിലെത്തി സൈനുലാബ്ദീനെയും അനീഷയെയും പൊലീസ് പിടികൂടി.
കമ്മൽ വിറ്റതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഫോണും കണ്ടെത്തി.
മൈനാഗപ്പള്ളിയിലെ സൈനുലാബ്ദീന്റെ സുഹൃത്തിന്റെ വീട്ടിൽനിന്നു മുളകുപൊടിയുടെ ബാക്കി കണ്ടെടുക്കുകയും ചെയ്തു. കൊല്ലപ്പെട്ടയാളുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനയുടെ വിവരങ്ങളും ലഭിച്ചിട്ടില്ല.
മദ്യക്കുപ്പിയിൽനിന്നും തെളിവുണ്ടായേക്കും
ആലപ്പുഴ ∙ കൊല്ലപ്പെട്ട
സ്ത്രീയുടെ വീടിനു സമീപത്തുനിന്നു ലഭിച്ച കാലിയായ മദ്യക്കുപ്പിയിൽനിന്നും തെളിവുണ്ടായേക്കും. സൈനുലാബ്ദീൻ ഉപയോഗിച്ച മദ്യത്തിന്റേതാണു കുപ്പിയെന്നു പൊലീസ് പറയുന്നു.
മദ്യം വാങ്ങിയത് എവിടെനിന്നെന്നു കുപ്പിയിലെ ക്യുആർ കോഡ് വഴി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മദ്യവിൽപനശാലയിൽനിന്നു വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണു മദ്യം വാങ്ങിയതെന്നാണു പൊലീസ് കണ്ടെത്തിയത്.
വൈകിട്ട് 5നും രാത്രി 9നും ഇടയിൽ ഈ മദ്യവിൽപനശാലയിൽ 72 ബില്ലുകൾ അടിച്ചിട്ടുണ്ട്. ആ സമയത്തു മദ്യം വാങ്ങിയവരുടെ ദൃശ്യങ്ങളാണു പരിശോധിച്ചത്.
ജയിലിലായത് യഥാർഥ പ്രതിയല്ല
അമ്പലപ്പുഴ ∙ തനിച്ചു താമസിച്ചിരുന്ന തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശിനിയായ അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ട
സംഭവത്തിൽ വഴിത്തിരിവ്; റിമാൻഡിലായ അബൂബക്കറല്ല, മോഷണത്തിനെത്തിയ ദമ്പതികളാണു കൊലപാതകം നടത്തിയതെന്നു പൊലീസ്. തൃക്കുന്നപ്പുഴ പതിയാങ്കര മുട്ടേക്കാട്ടിൽ സൈനുലാബ്ദീനെയും (43) ഭാര്യ അനീഷയെയും പൊലീസ് പിടികൂടി.
വെള്ളിയാഴ്ച രാത്രി യാണ് ഇരുവരെയും പിടികൂടിയത്. സൈനുലാബ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി.
അപസ്മാര ലക്ഷണങ്ങൾ കാട്ടിയ അനീഷ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.
മരിച്ച സ്ത്രീയുടെ വീടിനു സമീപം സൈനുലാബ്ദീൻ മുൻപ് വാടകയ്ക്കു താമസിച്ചിരുന്നു. മരിച്ച സ്ത്രീയുടെ കാണാതായ മൊബൈൽ ഫോൺ മറ്റൊരു സിം കാർഡ് ഉപയോഗിച്ച് പ്രതികൾ പ്രവർത്തിപ്പിച്ചതാണു യഥാർഥ കുറ്റവാളികളെ പിടികൂടാൻ വഴിതെളിച്ചത്. കൊല്ലപ്പെട്ട
സ്ത്രീയുമായി അടുപ്പമുണ്ടായിരുന്ന മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറിനെ പീഡനശ്രമം, കൊലപാതകം എന്നീ കുറ്റങ്ങൾ സമ്മതിച്ചതിനാലാണ് നേരത്തേ റിമാൻഡ് ചെയ്തത്.
കൊലപാതകക്കുറ്റം ഒഴിവാക്കുമെന്നും മറ്റു ചില കുറ്റകൃത്യങ്ങൾ അബൂബക്കർ ചെയ്തതായി സംശയമുള്ളതിനാൽ വിശദമായ അന്വേഷണം നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ പറഞ്ഞു.
അറസ്റ്റിലായ സൈനുലാബ്ദീൻ മുൻപ് മോഷണം, അടിപിടി കേസുകളിൽ പ്രതിയായിരുന്നെന്നും അനീഷ ഇയാളുടെ മൂന്നാമത്തെ ഭാര്യയാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകവും മോഷണവും നടത്തിയതായി സൈനുലാബ്ദീൻ സമ്മതിച്ചിട്ടുണ്ട്.
മരിച്ച സ്ത്രീയുടെ സ്വർണക്കമ്മലും മൊബൈൽ ഫോണും പ്രതികൾ മോഷ്ടിച്ചെന്നാണു പൊലീസ് പറയുന്നത്. അതേസമയം, നിരപരാധിയെ കേസിൽ കുടുക്കിയെന്ന് അബൂബക്കറിന്റെ ബന്ധുക്കൾ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യവുമായി അബൂബക്കറിന്റെ മകൻ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]