
സീതത്തോട് ∙ ആങ്ങമൂഴി–ഗവി റൂട്ടിൽ നിലയ്ക്കാത്ത കാറ്റും കോടമഞ്ഞും നിറഞ്ഞതോടെ കുളിരണിഞ്ഞ് ഗവി. പലയിടത്തും റോഡ് കാണാൻ കഴിയുന്നില്ല.
വാഹനയാത്ര ദുഷ്കരം. മഞ്ഞിൽ മൂടിയുള്ള ഗവിയുടെ കാലാവസ്ഥ ആസ്വദിക്കാൻ സഞ്ചാരികളുടെ നല്ല തിരക്ക്.
മൂന്നാറിനു തുല്യമായ കാലാവസ്ഥയാണ് മിക്കപ്പോഴുമെന്ന് സഞ്ചാരികൾ.കഴിഞ്ഞ ഒന്നര മാസമായി കാലാവസ്ഥ തീർത്തും മാറി. ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടക്കുന്നതോടെ മൂടൽ മഞ്ഞ് ആരംഭിക്കുകയായി.
പലപ്പോഴും പത്ത് മീറ്റർ പോലും ദൂരക്കാഴ്ച ഇല്ലാത്ത സ്ഥിതിയാണ്.
വാഹനങ്ങൾ തമ്മിൽ അടുത്തെത്തുമ്പോഴാണ് കാണാനാകുന്നത്. ഗവിയിൽ ഏറ്റവും സുന്ദരമായ കാലാവസ്ഥയാണു നേരിയ നൂൽമഴയും മിക്കപ്പോഴുമുള്ളതിനാൽ സഞ്ചാരികൾക്കും ഈ കാലാവസ്ഥയോട് ഏറെ സന്തോഷം. യാത്രാ മധ്യേ കാണാനാകുന്ന കക്കി, ആനത്തോട് അണക്കെട്ടുകൾ പലപ്പോഴും മഞ്ഞിൽ മൂടി കിടക്കുകയാണ്.
കാറ്റ് വീശുമ്പോൾ മൂടൽ മഞ്ഞ് പാറി പറന്നു നീങ്ങുന്നു. മഞ്ഞിൽ വന്യമൃഗങ്ങളുടെ കാഴ്ച മങ്ങുന്നു എന്നതാണ് ഏക സങ്കടം. കക്കിയിലെ എക്കോ പാറയും മഞ്ഞ് മൂടി കിടക്കുകയാണ്.
ഈ റൂട്ടിലെ പ്രധാന ഫോട്ടോഷൂട്ടിന്റെ അരങ്ങാണ് ഇവിടം.
ഗവിയിലേക്ക് പ്രതിദിനം 30 വാഹനങ്ങൾക്കാണ് പ്രവേശനം. പത്തനംതിട്ട ഡിപ്പോയിലെ രണ്ടും കുമളി ഡിപ്പോയിലെ ഒരു കെഎസ്ആർടിസി ബസും സർവീസ് നടത്തുന്നുണ്ട്.
മിക്കപ്പോഴും നല്ല തിരക്കാണ്.ഗവി കെഎഫ്ഡിസി തോട്ടം തൊഴിലാളികളുടെ ജോലിയെയും മൂടൽ മഞ്ഞ് ബാധിച്ചിട്ടുണ്ട്. കെഎഫ്ഡിസി നടത്തുന്ന ടൂർ പാക്കേജിലും നല്ല തിരക്കാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]