
കാഞ്ഞിരപ്പള്ളി ∙ എച്ച്എഫ് ബാംഗ്ലൂർ പ്രീമിയം അമ്മപ്പശു മുതൽ കുസൃതിക്കുട്ടനായ അഞ്ച് മാസം പ്രായമുള്ള മണിക്കുട്ടൻ വരെ മത്സരത്തിനായി നിരന്നതോടെ ജില്ലാ ക്ഷീര സംഗമത്തിന്റെ പ്രദർശന മത്സരം ആവേശത്തിലായി. ക്ഷീര വികസന വകുപ്പ് ജില്ലയിലെ ക്ഷീരസംഘങ്ങൾ, മിൽമ, കേരള ഫീഡ്സ്, പഞ്ചായത്തുകൾ തുടങ്ങിയവയുടെ സഹകരണത്തോടെ തമ്പലക്കാട് നോർത്ത് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ക്ഷീരസംഗമം നടത്തിവരുന്നത്.
ഇന്നലെ നടന്ന ക്ഷീര പ്രദർശന മത്സരത്തിൽ 100 പശുക്കളെ പങ്കെടുപ്പിച്ചു. ഇന്ന് ക്ഷീര ജ്വാല പൊതുസമ്മേളനത്തിൽ ഓണ മധുരം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിക്കും. ക്ഷീര റാണി
പേറ്റുനോവു മാറും മുൻപേ പ്രദർശനത്തിനെത്തിയ ബാംഗ്ലൂർ എച്ച്എഫ് പശു മടങ്ങിയത് ജില്ലയിലെ ക്ഷീര റാണി പട്ടവുമായി.
14–ാം മൈൽ കൺട്രി ഫ്രഷ് ഡയറി ഫാമിലെ ബാംഗ്ലൂർ എച്ച്എഫ് പ്രീമിയം പശുവിന്റെ രണ്ടാമത്തെ പ്രസവം വ്യാഴാഴ്ചയായിരുന്നു. മൂരിക്കിടാവിനു ജന്മം നൽകിയ ക്ഷീണം മാറുംമുൻപേ ആയിരുന്നു ക്ഷീര സംഗമത്തിലെ മത്സരത്തിനുള്ള വരവ്. വലുപ്പം കൊണ്ടും കാഴ്ച കൊണ്ടും മറ്റ് പശുക്കളിൽ നിന്നും വ്യത്യസ്തയാണു ബാംഗ്ലൂർ ഇനത്തിൽ നിന്നും എത്തി തനി നാടനായി മാറിയ ഈ പശു.
പ്രതിദിനം 30 ലീറ്റർ പാലിൽ കുറയാതെ നൽകുകയും ചെയ്യുന്നു.
വിദേശത്തെ ജോലി ഉപേക്ഷിച്ച് ബിബിൻ ആൻഡ്രൂസ് എന്ന യുവാവ് തുടങ്ങിയ സംരംഭമാണ് ഡയറി ഫാം. പ്രത്യേക പരിചരണത്തിൽ 14 പശുക്കളെയാണു ഫാമിൽ വളർത്തുന്നത്.
കഴിഞ്ഞ വർഷം ക്ഷീര സംഗമത്തിൽ കിടാരി വിഭാഗത്തിലും, ഇക്കൊല്ലം ബ്ലോക്ക് തലത്തിലും മികച്ച ക്ഷീര കർഷക അവാർഡുകൾ നേടാനായി എന്ന് ബിബിൻ പറയുന്നു.
നാടിന് ഉത്സവം
അതിരാവിലെ ഉടമസ്ഥൻ ജോഗിഷിനൊപ്പം റവയടയും ഇഡലിയും കഴിച്ച് സ്കോർപ്പിയോ കാറിൽ എത്തിയ അഞ്ച് മാസം പ്രായമുള്ള മണിക്കുട്ടനും, കിലോമീറ്ററുകൾ അകലെ നിന്ന് കിടാങ്ങളെ വീട്ടിൽ ഇരുത്തി ലോറിയിൽ എത്തിയ എച്ച്എഫ് അമ്മപ്പശുക്കളും ഒക്കെ തമ്പലക്കാട് റോഡരികിലെ റബർ തോട്ടത്തിലേക്ക് എത്തിയതോടെ ഗ്രാമം ഉത്സവ ലഹരിയിലായി. തൊഴുത്തിൽ നിന്നും കയറി തന്റെ വീടിനുള്ളിൽ വളരുന്നതും , മനുഷ്യർ കഴിക്കുന്ന ആഹാരം ഇഷ്ടപ്പെടുന്നതുമായ മണിക്കുട്ടന്റെ കഥ പോലെ എല്ലാ കർഷകർക്കും പറയാനുണ്ടായുരുന്നു തങ്ങളുടെ പശുക്കളെപ്പറ്റി ഒരുപാട് കഥകൾ.
കറവപ്പശു, കിടാരി, കന്നുകുട്ടി എന്നീ വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ ജഴ്സി, എച്ച്എഫ്, ഗിർ, സിന്ധി എന്നീ ഇനങ്ങളിലെ പശുക്കളാണ് പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് അജിത രതീഷ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
വിജയിച്ച പശുക്കളെ കഴുത്തിൽ മണി അണിയിച്ച് അനുമോദിച്ചു.പങ്കെടുത്ത കന്നുകാലികൾക്കായി കാലിത്തീറ്റയും വിതരണം ചെയ്തു.
ഇന്ന് സമാപനം
രാവിലെ ഒൻപതിന് സെന്റ് തോമസ് പാരിഷ് ഹാളിൽ ക്ഷീര വികസന സെമിനാർ നടക്കും. 11.30ന് നടക്കുന്ന ക്ഷീര ജ്വാല സമ്മേളനത്തിൽ മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും.
ക്ഷീര കർഷക സംഗമവും ക്ഷേമ നിധി ബോർഡ് ഓണം മധുരം പദ്ധതിയുടെയും സംസ്ഥാന തല ഉദ്ഘാടനം മന്ത്രി ചിഞ്ചു റാണി നിർവഹിക്കും.
വിജയികൾ ∙ കറവ പശു വിഭാഗം
1.14–ാം മൈൽ ആലാംപള്ളി കൺട്രി ഫ്രഷ് ഡയറി ഫാമിലെ ബിബിൻ ആൻഡ്രൂസ്.
2.ചേനപ്പാടി മണിക്കുഴിയിൽ ജോഷി ജോസഫ്
3.മണിമല താന്നിവേലിൽ ജോസ്ന മോൾ ജോസഫ്.
∙ കിടാരി
1.മാനത്തൂർ കൂരാലപ്പുഴ നിധിൻ റോയി.
2. മൂഴിക്കാട് കൈതവലയിൽ ജോർജ് കുട്ടി കെ.മാത്യു.
3.
ചെങ്ങളശേരി ഡി.ബാബു.
∙ കന്നുകുട്ടി
1. കങ്ങഴ പാണ്ടിയാംകുഴിയിൽ നിധിൻ മാത്യു.
2.
എലിക്കുളം തട്ടാംപറമ്പിൽ ശശിധരൻ 3. തമ്പലക്കാട് മറ്റപ്പള്ളിയിൽ ജിജു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]