
കോട്ടയം ∙ ദേശീയപാത 183ൽ ചെങ്ങന്നൂർ മുതൽ മുണ്ടക്കയം വരെ നവീകരണത്തിനുള്ള പഠനത്തിനായി പുതിയ കൺസൽറ്റൻസി വരും. നിലവിലെ കൺസൽറ്റൻസിയെ ദേശീയപാത അതോറിറ്റി ഒഴിവാക്കി.
ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ഫ്രാൻസിസ് ജോർജ് എംപി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കൺസൽറ്റൻസിയെ കണ്ടെത്താൻ ടെൻഡർ നടപടി ആരംഭിച്ചെന്നും കേന്ദ്രമന്ത്രി അറിയിച്ചു. 2016ൽ നിലവിൽ വന്ന കൺസൽറ്റൻസി സമയബന്ധിതമായി നടപടി പൂർത്തിയാക്കാത്തതിനാലാണു നടപടിയെന്നാണു ദേശീയപാത വിഭാഗത്തിന്റെ അറിയിപ്പ്.
ഇനി ഒറ്റ സ്ട്രെച്ച്
കൊല്ലം– ഡിണ്ടിഗൽ ദേശീയപാത 183ൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ മുണ്ടക്കയം കല്ലേപ്പാലം വരെ 100 കിലോമീറ്റർ ഇനി ഒരു സ്ട്രെച്ചായി പരിഗണിച്ച് നവീകരണത്തിനു പദ്ധതി തയാറാക്കും.
നേരത്തേ ചെങ്ങന്നൂർ– കോട്ടയം (46.7 കിലോമീറ്റർ), കോട്ടയം– വാഴൂർ ചെങ്കൽ (30.3 കിലോമീറ്റർ), ചെങ്കൽ– മുണ്ടക്കയം (23 കിലോമീറ്റർ) എന്നിങ്ങനെ 3 സ്ട്രെച്ചായാണു പഠനം നടത്തിയത്. ഇതിൽ കോട്ടയം ചെങ്കൽ ഭാഗത്തു മാത്രമാണ് പഠനം നടത്തിയത്.
ഒന്നും മൂന്നും സ്ട്രെച്ചിൽ ഒരു പഠനവും നടത്തിയില്ല. ഈ രണ്ട് സ്ട്രെച്ചിലേക്ക് പുതിയ കൺസൽറ്റൻസിയെ കണ്ടെത്താൻ നടപടി ആരംഭിച്ചിരുന്നു.
ഇതെല്ലാം ഒഴിവാക്കി ചെങ്ങന്നൂർ– മുണ്ടക്കയം പാതയ്ക്ക് ഒറ്റ കൺസൽറ്റൻസി വരും.
പ്ലാൻ വീണ്ടും പഠിക്കും
കോട്ടയം– ചെങ്കൽപള്ളി റൂട്ടിൽ 4 ബൈപാസുകൾ അടക്കം നിലവിലെ കൺസൽറ്റൻസി രൂപരേഖ തയാറാക്കിയിരുന്നു. മുളങ്കുഴയിൽനിന്നു വെള്ളൂർ വരെ കോട്ടയം ബൈപാസ്, പാമ്പാടി, കൊടുങ്ങൂർ, പുളിക്കൽകവല എന്നിവിടങ്ങളിലെ ചെറു ബൈപാസുകൾ എന്നിവയുടെ രൂപരേഖ തയാറാക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ദേശീയപാത അതോറിറ്റിക്കു സമർപ്പിച്ച ഈ റിപ്പോർട്ടിൽ തുടർ നടപടി ഉണ്ടായില്ല.
കോട്ടയം– കൊച്ചി ഇടനാഴി: പന്ത് സംസ്ഥാനത്തിന്റെ കോർട്ടിൽ
നിർദിഷ്ട
കോട്ടയം– കൊച്ചി അതിവേഗ ഇടനാഴി പദ്ധതി സംസ്ഥാന സർക്കാരിന്റെ കോർട്ടിലേക്ക്. ദേശീയപാത അല്ലാത്തതിനാൽ ദേശീയപാത പദവി ലഭിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനു ശുപാർശ സമർപ്പിക്കണം.
ദേശീയപാത 183ൽനിന്നു ദേശീയപാത 66ലേക്കുള്ള ഇടനാഴിയായാണു പാത വിഭാവനം ചെയ്തിരിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടി സംസ്ഥാനം നൽകുന്ന നിർദേശം കേന്ദ്രം അംഗീകരിക്കും. ദേശീയപാതാ പദവി ലഭിച്ചാല് ഇപ്പോൾ വിഭാവനം ചെയ്ത പോലെ പാത പൂർത്തിയാക്കാനുള്ള ഫണ്ട് ലഭിക്കൂ.
കോട്ടയം മുളങ്കുഴയിൽ ആരംഭിച്ച് തൃപ്പൂണിത്തുറയിൽ എറണാകുളം ബൈപാസിൽ അവസാനിക്കും വിധമാണു പാതയുടെ കരട് അലൈൻമെന്റ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]