
കടയ്ക്കൽ∙ സിപിഎം കോൺഗ്രസ് സംഘർഷം ഉണ്ടായ കടയ്ക്കലിൽ സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് നാട്. ടൗണും പരിസരവും ഭീതിയിലാണ് ഇപ്പോഴും. വ്യാപാര മേഖലയുടെ പ്രവർത്തനവും ഭാഗികമാണ്.
സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ തകർന്ന കോൺഗ്രസ് നിയോജക മണ്ഡലം ഓഫിസും കാറ്റാടിമൂട് ബ്രാഞ്ച് കമ്മിറ്റി ഓഫിസും എംപിമാരായ കൊടിക്കുന്നിൽ സുരേഷും എൻ.കെ.പ്രേമചന്ദ്രനും സന്ദർശിച്ചു.
കോൺഗ്രസ് പ്രവർത്തകൻ അൻസർ അഹമ്മദിന്റെ ബേക്കറിക്കു നേരെയും സിപിഎം ആക്രമണം നടത്തിയിരുന്നു. അൻസർ അഹമ്മദിന്റെ കുടുംബാംഗങ്ങളെയും എംപിമാർ സന്ദർശിച്ചു.
ഇതേ സമയം സിപിഎം പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ രണ്ടു കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. അക്രമത്തിന് ഇരയായ കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയും അക്രമം കാട്ടിയ സിപിഎം പ്രവർത്തകരുടെ പേരിൽ നിസാര വകുപ്പുകൾ ചേർത്തുമാണ് പൊലീസ് കേസെടുത്തതെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ചിതറ എസ്എൻഎച്ച്എസ്എസിലും കടയ്ക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലും തിരഞ്ഞെടുപ്പിൽ കെഎസ്യു വിദ്യാർഥികൾ വിജയിച്ചതിനെ തുടർന്ന് ഉണ്ടായ സംഘർഷാവസ്ഥയാണ് കടയ്ക്കലിൽ വലിയ സംഘട്ടനത്തിൽ എത്തിയത്. കടയ്്ക്കലിൽ കോൺഗ്രസ് സംഘട്ടനവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്നവരെ എൻ.കെ.പ്രേമചന്ദ്രൻ എം.പി സന്ദർശിച്ചു.
കടയ്ക്കൽ അക്രമം സിപിഎമ്മിന്റെ ഗൂഢാലോചന: കൊടിക്കുന്നിൽ
കടയ്ക്കൽ∙ സിപിഎം കോൺഗ്രസ് സംഘട്ടനവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം നടത്തിയ ഗൂഢാലോചനയാണെന്നു കൊടിക്കുന്നിൽ സുരേഷ് എം.പി. ചിതറ പരുത്തി സ്കൂളിൽ ഉൾപ്പെടെ കെഎസ്യു വിജയം നേടിയതിനെ തുടർന്ന് വിരളി പൂണ്ട
ഡിവൈഎഫ്ഐ–എസ്എഫ്ഐ സംഘം അക്രമം നടത്തുകയായിരുന്നു. അക്രമത്തിൽ പരുക്കേറ്റ് പൊലീസ് ആശുപത്രിയിൽ എത്തിച്ചവരുടെ പേരിൽ കള്ളക്കേസിൽപ്പെടുത്തി ജയിലിൽ അടയ്ക്കുകയാണ് പൊലീസ് ചെയ്തതെന്നു അദ്ദേഹം പറഞ്ഞു.
‘സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണം’
കടയ്ക്കൽ∙ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ രാഷ്ട്രീയപാർട്ടികൾ തയാറാകണമെന്ന് എസ്ഡിപിഐ ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റി.
സ്കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ പ്രശ്നങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്ത് സംഘർഷത്തിലേക്ക് എത്തിച്ചത്. എതിരാളികളെ ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് ശൈലിയാണ്. ഈ സംഭവങ്ങളുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന എസ്ഡിപിഐയെ വിഷയത്തിലേക്കു വലിച്ചിഴയ്ക്കുന്നത് തെറ്റായ നിലപാടാണ് ആണെന്ന് ഷഫീർ ചല്ലിമുക്ക്, അൻഷാദ് കടക്കൽ, നജീം മുക്കുന്നം എന്നിവർ അറിയിച്ചു.
കള്ളക്കേസിൽ കുടുക്കുന്നു: പ്രേമചന്ദ്രൻ
കടയ്ക്കൽ∙ സിപിഎം നടത്തിയത് ഏകപക്ഷീയമായ ആക്രമണം ആയിരുന്നെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി.
പൊലീസിനെ കാഴ്ചക്കാരാക്കി സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തോടെ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ചിതറ പരുത്തി എസ്എൻ എച്ച്എസ്എസിൽ തിരഞ്ഞെടുപ്പിൽ കെഎസ്യു എല്ലാ സീറ്റിലും വിജയിച്ചതിനെ തുടർന്ന് കടയ്ക്കൽ ആറ്റുപുറത്ത് സിനിമാ കാണാൻ എത്തിയ കെഎസ്യു വിദ്യാർഥികളെ സിപിഎം ആക്രമിച്ചു.
കെഎസ്യു വിദ്യാർഥികളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ യോഗത്തിന് നേരെ ഏകപക്ഷീയമായി സിപിഎം ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. യോഗം തുടങ്ങിയത് മുതൽ അക്രമം തുടർന്ന സിപിഎം പ്രവർത്തകർക്ക് അനൂകൂലമായി നിൽക്കുകയായിരുന്നു പൊലീസ്. അക്രമത്തിന് ഇരയായവരെ കള്ളക്കേസിൽ കുടുക്കുകയാണ്. എന്നാൽ അക്രമം കാട്ടിയ സിപിഎംകാർ സ്വൈരമായി നടക്കുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തനം സജീവമാക്കിയപ്പോഴാണ് സിപിഎം അക്രമവുമായി എത്തുന്നത്.
കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ ഗാനമേളയിൽ വിപ്ലവ ഗാനം ആലപിച്ചതിനെ എതിരെയും നവകേരള സദസ്സിന് ക്ഷേത്ര മൈതാനം വിട്ടു നൽകാൻ തീരുമാനിച്ച നടപടിക്കെതിരെയും ഹൈക്കോടതിയിൽ ഉൾപ്പെടെ കേസ് നൽകിയ കുമ്മിൾ ഷമീറിനെ കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണ് സിപിഎം. –എംപി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]