
അമ്പലപ്പുഴ∙ തോട്ടപ്പള്ളി ഒറ്റപ്പനയിൽ തനിച്ചു താമസിച്ചിരുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്.
തോട്ടപ്പള്ളി ഒറ്റപ്പനയ്ക്കു സമീപം ചെമ്പകപ്പള്ളി ഹംലത്താണു (62) കൊല്ലപ്പെട്ടത്. കിടപ്പുമുറിയിൽ കട്ടിലിൽ ചാരിക്കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടത്.
ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന പ്രദേശവാസി അബൂബക്കറിനെ കഴിഞ്ഞദിവസം ചെയ്തിരുന്നു. എന്നാൽ യഥാർഥ പ്രതികൾ മുൻ മോഷണക്കേസ് പ്രതിയും ഭാര്യയുമാണെന്ന് ഇന്നു വ്യക്തമാകുകയായിരുന്നു.
ഇരുവരും പിടിയിലായി. ഇവർ മുൻപ് ഹംലത്തിന്റെ അയല്പക്കത്തു വാടകയ്ക്കു താമസിച്ചിരുന്നു.
ഇവരെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. തനിച്ചു താമസിക്കുകയായിരുന്ന ഹംലത്തിനെ 17നാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട
നിലയിൽ കണ്ടെത്തിയത്.
നിലവിൽ റിമാൻഡിലായ അബൂബക്കർ സ്ത്രീയുടെ വീട്ടിൽ വന്നിരുന്നെങ്കിലും ഇയാൾ മടങ്ങിയശേഷമാണു കൊലപാതകം നടന്നത്. ശ്വാസംമുട്ടലുണ്ടെന്നു സ്ത്രീ പറഞ്ഞപ്പോൾ അബൂബക്കർ അവിടെയുണ്ടായിരുന്ന ശീതളപാനീയം നൽകി.
പിന്നാലെ സ്ത്രീ ഉറങ്ങിയപ്പോൾ രാത്രി 11 മണിയോടെ അബൂബക്കർ മടങ്ങി.
അർധരാത്രിക്കുശേഷം മോഷ്ടാവും ഭാര്യയും അവിടെയെത്തി. വൈദ്യുതി വിച്ഛേദിച്ചശേഷം അടുക്കള വാതിൽ മൺവെട്ടികൊണ്ടു തട്ടിത്തുറന്ന് അകത്തു കടന്നു.
ശ്വാസംമുട്ടലുണ്ടായിരുന്ന ഹംലത്ത് തളർന്നുകിടന്ന് ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഹംലത്ത് ബഹളമുണ്ടാക്കിയപ്പോൾ മോഷ്ടാവിന്റെ ഭാര്യ കാലുകളിൽ ബലമായി പിടിച്ചു.
ഭർത്താവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. ഇരുട്ടായതിനാൽ ഹംലത്ത് അണിഞ്ഞിരുന്ന ആഭരണങ്ങൾ പ്രതികൾ കണ്ടില്ല.
അലമാരയിലുണ്ടായിരുന്ന കമ്മലും ഹംലത്തിന്റെ മൊബൈൽ ഫോണും ഇവർ കൈക്കലാക്കി. സ്ഥലത്തു മുളകുപൊടി വിതറിയശേഷം ഇവർ കടന്നുകളയുകയായിരുന്നു.
കേസ് അന്വേഷിച്ച പൊലീസ് ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന അബൂബക്കറിനെ പിടികൂടി. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.
എന്നാൽ ഹംലത്തിന്റെ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തതു പൊലീസിനെ വലച്ചിരുന്നു.
പിന്നീട് ഈ ഫോണിൽ മറ്റൊരു സിം കാർഡ് ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്നതു പൊലീസ് കണ്ടെത്തി. കൊല്ലം മൈനാഗപ്പള്ളിയായിരുന്നു ലൊക്കേഷൻ.
പൊലീസ് അവിടെയെത്തി പ്രതികളെ പിടികൂടി. അവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവിച്ചത് എന്തെന്ന് വ്യക്തമായത്.
ഹംലത്തിന്റെ കമ്മൽ ഇവർ വിറ്റു കാശെടുക്കുകയും ചെയ്തു. പ്രതിയായ സ്ത്രീ അപസ്മാര ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
പുരുഷൻ പൊലീസ് കസ്റ്റഡിയിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]