
കൊല്ലം∙ ഇടതുപക്ഷ അനുഭാവികൾ അല്ലെന്ന പേരിൽ വോട്ടർ പട്ടികയിൽ നിന്നു പേരുകൾ കൂട്ടത്തോടെ നീക്കം ചെയ്യാൻ സിപിഎം ശ്രമമെന്ന് ആരോപണം. ഇത്തരത്തിൽ പേരു നീക്കം ചെയ്യുന്നതിന് അപേക്ഷ നൽകി സിപിഎം വോട്ടുകൊള്ളയ്ക്കു ശ്രമം നടത്തുന്നതായി ആരോപിച്ചു ആർഎസ്പി രംഗത്തെത്തി.
അഞ്ചാലുംമൂട് ഈസ്റ്റ്, വെസ്റ്റ് ഡിവിഷനുകളിൽ സ്ഥിരതാമസക്കാരായ ഏകദേശം 500 പേരെ വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്യുന്നതിനാണ് സിപിഎം അപേക്ഷ നൽകിയിട്ടുള്ളതെന്ന് ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗവും കോർപറേഷൻ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനുമായ എം.എസ്.ഗോപകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ വീടുകളിൽ എത്തി ഹിയറിങ് നോട്ടിസ് നൽകിയപ്പോഴാണ് തങ്ങളുടെ വോട്ട് നീക്കം ചെയ്യാൻ ശ്രമം നടക്കുന്നതായി പലരും അറിഞ്ഞത്. ഇന്നും നാളെയുമായാണു ഹിയറിങ് നിശ്ചയിച്ചിരിക്കുന്നത്.
ഇവരിൽ പലരും ജോലി, പഠന സംബന്ധമായി മറ്റു സ്ഥലങ്ങളിലായതിനാൽ കുറഞ്ഞ സമയപരിധിക്കുള്ളിൽ സ്ഥലത്തെത്തി ഹിയറിങ്ങിന് ഹാജരാകാൻ കഴിയുന്ന സാഹചര്യമല്ല. കഴിഞ്ഞ നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തിയവരാണ് ഇവരിൽ ഭൂരിഭാഗവും.
വോട്ടു നീക്കം ചെയ്യണമെന്നു കാണിച്ചു പരാതി നൽകിയവരെ ബന്ധപ്പെട്ടപ്പോൾ തനിക്ക് അബദ്ധം പറ്റിയതാണെന്നും തന്നെക്കൊണ്ടു മറ്റു ചിലർ ചെയ്യിപ്പിച്ചു എന്നുമാണു പറയുന്നത്. വ്യാജ പരാതികളിലൂടെ ഒരു വ്യക്തിയുടെ പരമമായ വോട്ടവകാശം നിഷേധിക്കുന്നതിന് സംഘടിത ശ്രമം നടക്കുന്നതിന് തെളിവാണ് ഇത്.
ബിജെപി കേന്ദ്രങ്ങളിൽ നടപ്പിലാക്കുന്ന വോട്ട് കൊള്ളയുടെ മറ്റൊരു പതിപ്പാണ് കൊല്ലത്ത് സിപിഎം ചെയ്യുന്നതെന്നും പറഞ്ഞു. രാഷ്ട്രീയ ദുഷ്ടലാക്കോടെ നൽകിയ അപേക്ഷ നിരസിക്കണമെന്നു കാണിച്ച് എം.എസ്.ഗോപകുമാറും കരട് വോട്ടർ പട്ടികയിൽ പേരു ഉൾപ്പെട്ടവരും കോർപറേഷൻ തിരഞ്ഞെടുപ്പു റജിസ്ട്രേഷൻ ഓഫിസർക്ക് പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]