
വിതുര∙ പൊന്മുടി സംസ്ഥാന ഹൈവേ പുനർ നിർമാണവുമായി ബന്ധപ്പെട്ട് ആനപ്പാറ ചിറ്റാർ പാലം പുതുക്കി പണിയുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്ന റോഡുകളും തകർച്ചയിൽ. പൊന്മുടിയിൽ നിന്നും വിതുരയിലേക്കു വരുന്ന വാഹനങ്ങൾ കൊച്ചു മുല്ലച്ചിറ ജംക്ഷനിൽ നിന്നും തിരിഞ്ഞ് മുല്ലച്ചിറ, പേരയം വഴിയാണ് പോകുന്നത്.
ഇരുചക്ര വാഹനങ്ങൾ മാത്രമായി ആശ്രയിക്കാവുന്ന ഒരു വഴിയും ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മറ്റൊരു വഴിയുമാണ്. ഈ രണ്ട് റോഡുകളും തകർച്ചയിലാണ്.
അവധി ദിവസങ്ങളിൽ ഒട്ടേറെ വിനോദ സഞ്ചാരികൾ പൊന്മുടിയിലേക്ക് പോകാൻ ഈ റോഡുകളാണ് ഉപയോഗിക്കുന്നത്.
എതിരെ വാഹനം വന്നാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പോരാത്തതിന് റോഡ് മുഴുവൻ കുഴികൾ.
മഴ പെയ്താൽ ചെളിവെള്ളക്കെട്ട് വില്ലനാകും. കുഴികളുടെ ആഴം പോലും തിരിച്ചറിയാൻ കഴിയാതെ കുടുങ്ങി പോകുന്ന അവസ്ഥ.
പാലം പണി പൂർത്തിയായാൽ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും.
1905 ൽ ബ്രിട്ടീഷുകാർ നിർമിച്ച 8.5 മീറ്റർ നീളവും 3.7 മീറ്റർ വീതിയും ഉള്ള ചിറ്റാറിലെ ആർച്ച് പാലം ആണ് പുതുക്കി പണിയുന്നത്. വീതി കുറഞ്ഞ പാലം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചതിനെ തുടർന്നാണ് പുതുക്കി പണിയുന്നത്.
നടപ്പാതയോട് കൂടിയതും ഇരുവരി ഗതാഗതം സാധ്യമാക്കുന്ന തരത്തിലുള്ള പുതിയ പാലമാണ് നിർമിക്കുന്നത്. പുതിയ പാലത്തിന് ഇരുവശത്തും ഫുട്പാത്ത് ഉള്ള രീതിയിൽ 75.9 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും മൂന്ന് സ്പാനോട് കൂടിയാണ് നിർമാണം.
പാലത്തിന്റെ ഇരുവശങ്ങളിലും നിലവിലുള്ള റോഡുമായി ബന്ധിപ്പിക്കുന്നതിന് 100 മീറ്റർ വീതം നീളമുള്ള അനുബന്ധ റോഡുകൾ എസ്റ്റിമേറ്റിലുണ്ട്. 8.70 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]