കോഴിക്കോട് ∙ സാഹിത്യനഗരിയുടെ ഹൃദയത്തില്‍ ലാസ്യമോഹന ഭാവങ്ങള്‍ വിടര്‍ത്തി വര്‍ണപ്പകിട്ടിന്റെ അരങ്ങുണര്‍ന്നു. ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തില്‍ വിവിധ കലാമത്സരങ്ങളിലായി മിഴിവാര്‍ന്ന പ്രകടനങ്ങളോടെ മത്സരാര്‍ഥികള്‍ വിവിധ വേദികളില്‍ മാറ്റുരച്ചു.
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം തുടങ്ങി ഇനങ്ങളിലെല്ലാം മത്സരാര്‍ത്ഥികള്‍ വേഷവിധാനങ്ങളിലും അവതരണത്തിലും ഒന്നിനൊന്ന് മികച്ചുനിന്നു. മൂന്നു ദിവസത്തെ കലോത്സവത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കോഴിക്കോട് എത്തും.
‘‘ചരിത്രപരമായ ഈ പരിപാടിയില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. മറ്റെവിടെയാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരം ലഭിക്കുക.’’ -കലോത്സവത്തില്‍ മത്സരിക്കാനെത്തിയ കോഴിക്കോട്ടുകാരി കൂടിയായ സിയ സഹദ് പറഞ്ഞു.
സംഘാടനം കൊണ്ടും ആസ്വാദന മികവ് കൊണ്ടും കലോത്സവം വളരെ മികവ് പുലര്‍ത്തുന്നതായും പ്രഫഷനൽ തലത്തിനോടു കിടപിടിക്കുന്ന രീതിയിലുള്ള പ്രകടനമാണ് മത്സരാർഥികള്‍ കാഴ്ചവെക്കുന്നതെന്നും കലോത്സവം കാണാനെത്തിയ ഒളവണ്ണ സ്വദേശി രൂപേഷ് പറഞ്ഞു.
∙ വർണ്ണപ്പകിട്ട് കലോത്സവം: തിരുവനന്തപുരം മുന്നിൽ
വർണ്ണപ്പകിട്ട് ട്രാൻസ്ജെൻഡർ കലോത്സവത്തിൽ രണ്ടു ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 71 പോയിന്റുമായി തിരുവനന്തപുരം ജില്ല മുന്നിൽ. രചന മത്സരങ്ങളും സ്റ്റേജ് മത്സരങ്ങളും ഉൾപ്പെടെ 12 മത്സരങ്ങളുടെ ഫലങ്ങൾ പുറത്ത് വന്നപ്പോൾ 66 പോയിന്റുമായി മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്.
തൊട്ടുപിന്നിലായി 63 പോയിന്റുമായി എറണാകുളം മൂന്നാമതുണ്ട്.
∙ കാത്തിരിപ്പിനൊടുവിൽ വീണ്ടും വേദിയിലെത്തി സിയ
കേരളത്തിലെ ആദ്യ ട്രാൻസ്മദറായ സിയാ പവൽ ഇത്തവണത്തെ വർണ്ണപ്പകിട്ട് ട്രാൻസ്ജെൻഡർ കലോത്സവത്തിൽ മൂന്നിനങ്ങളിലാണ് ചിലങ്കയണിഞ്ഞത്. നൃത്താധ്യാപിക കൂടിയായ സിയക്ക് പങ്കെടുത്ത ഇനങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാനായി.
വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ വർഷങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് ഈ വർഷം മത്സരങ്ങളിൽ മറ്റു പ്രയാസങ്ങളെല്ലാം മാറ്റിവെച്ച് പങ്കെടുക്കുകയായിരുന്നുവെന്ന് സിയ പറയുന്നു.
ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നിവയിലാണ് പങ്കെടുത്തത്.
∙ കലോത്സവ മത്സരവേദിയിൽ ആദ്യമായി ട്രാൻസ്മാൻ
വർണ്ണപ്പകിട്ട് കലോത്സവത്തിൽ നൃത്തച്ചുവടുകളുമായി ആദ്യമായൊരു ട്രാൻസ്മാൻ വേദിയിലെത്തി. തൃശൂർ സ്വദേശി കെ.എസ്.നവിആണ് ഭരതനാട്യം, കുച്ചിപ്പുടി മത്സരങ്ങളിൽ പങ്കെടുത്തത്.
15 വർഷത്തിലധികമായി നൃത്ത പരിശീലനം നടത്തുന്ന നവിയുടെ സ്വത്വം വെളിപ്പെടുത്തിയതിനു ശേഷമുള്ള രണ്ടാമത്തെ വേദിയാണിത്. കേരളത്തിൽ ഒരു മത്സരവേദിയിൽ എത്തുന്ന അദ്യത്തെ ട്രാൻസ്മാൻ ആണ് നവി.
സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പരിപാടികൾ സമൂഹത്തിൽ അരികുവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ കഴിവുകൾ പുറത്തുകൊണ്ടുവരുന്നതിന് സഹായകമാകുമെന്ന് നവി പറഞ്ഞു.
∙ മാതൃകാപരമെന്ന് പഞ്ചാബി എല്‍ജിബിടി ക്വയര്‍ പ്രവര്ത്തകന്
ട്രാന്‍സ്ജെന്‍ഡര്‍ മേഖലയില്‍ കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ മറ്റു സര്‍ക്കാറുകള്‍ക്ക് മാതൃകയാണെന്ന് പഞ്ചാബ് സ്വദേശി ബിപിന്‍ ചന്ദ്രന്. ട്രാന്‍സ് കമ്യൂണിറ്റിയുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം സിവൈഡിഎ ഇന്ത്യ എന്ന എന്‍ജിഒയുടെ വൊളന്റിയറാണ്.
സാമൂഹികനീതി വകുപ്പ് മന്ത്രി ആര്.ബിന്ദു ട്രാന്‍സ് കമ്യൂണിറ്റിക്ക് പിന്തുണ നല്‍കുന്നതും അവര്‍ക്കൊപ്പം സമയം ചെലവിടുന്നതും കാണുമ്പോള്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേവിയില്‍ ജീവനക്കാരനായിരുന്ന ബിപിന്‍ ജോലി രാജിവെച്ച് മുഴുവന്‍സമയ എല്‍ജിബിടി ക്വയര്‍ ഗ്രൂപ്പിന്റെ വളന്റിയര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലുള്‍പ്പടെ ട്രാന്‍സ് വ്യക്തികളുടെ സംരംഭകത്വത്തിന് പ്രോത്സാഹനവുമായി രംഗത്തുണ്ട്.
സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം വീക്ഷിക്കാന്‍ കൂടിയാണ് കോഴിക്കോട്ടെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]