
കോഴിക്കോട്∙ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ലെന്നും ‘മുങ്ങി’യെന്ന പരാമർശം തെറ്റാണെന്നും
എംപി. രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല.
രാഹുൽ മാങ്കൂട്ടത്തിൽ സംഘടനാ ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിനെ ചിലർ ധാർമികത പഠിപ്പിക്കുകയാണ്. വിവാദങ്ങളിൽ കോൺഗ്രസ് നിർവീര്യമാകില്ലെന്നും ഷാഫി പറഞ്ഞു.
സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷപദം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചതു സംബന്ധിച്ചു വടകരയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധിയോ എഫ്ഐആറോ ഇല്ലാതെ തന്നെ ഇത്തരം ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ ഇത്തരം ഒരു ആരോപണം ഉയർന്നപ്പോൾ തന്നെ രാജിസന്നദ്ധത അറിയിക്കുകയും രാജിവയ്ക്കുകയും ചെയ്തു.
എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എതിർപക്ഷം വിമർശനം തുടരുന്നതാണ് കണ്ടത്. ഈ വിമർശനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ നിർവീര്യമാകില്ല.
സർക്കാരിന്റെ പരാജയങ്ങൾ തുറന്നുകാണിക്കുന്ന പ്രവർത്തനങ്ങൾ തുടരും. കോൺഗ്രസിനെ നിശബ്ദമാക്കാനാണ് ശ്രമം.
കോണ്‍ഗ്രസിനെ ധാർമികത പഠിപ്പിക്കാൻ സിപിഎമ്മിനും ബിജെപിക്കും എന്ത് അവകാശമാണുളളതെന്നും ഷാഫി കുറ്റപ്പെടുത്തി.
ബിഹാറിലേക്ക് മുങ്ങി, ഒളിച്ചോടി എന്നൊക്കെ വ്യാഖ്യാനങ്ങൾ ചമയ്ക്കുമ്പോൾ ബിഹാറിൽ നടക്കുന്ന വോട്ടർ അധികാർ യാത്രയുടെ പ്രാധാന്യം കാണാതെ പോകരുത്. വരും ദിനങ്ങളിൽ മറ്റു പരിപാടികളുള്ളതിനാലാണ് അന്ന് ബിഹാറിലേക്ക് പോയത്.
മാങ്കൂട്ടത്തിൽ വിഷയത്തിൽ മുതിർന്ന നേതാക്കൾ മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകിയിരുന്നു. അല്ലാതെ ഞാൻ ഒളിച്ചോടിയതായി പറയുന്നതു ശരിയാണോ എന്നത് മാധ്യമങ്ങൾ വിലയിരുത്തണം.
വടകരയിൽ രാഹുലിനെതിരെ പ്രതിഷേധം നടത്തുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ അൽപം വടക്കോട്ട് സഞ്ചരിച്ചാൽ മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രതിഷേധം നടത്തേണ്ടിവരും. കോഴിക്കോടുളള മന്ത്രിയെക്കുറിച്ച് ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടില്ലേ?.
കോൺഗ്രസിനെ കാടടച്ച് കുറ്റപ്പെടുന്നത് ശരിയല്ല. വിവാദത്തിന്റെ മറവിൽ സർക്കാരിന്റെ ചെയ്തികൾ മറച്ചുപിടിക്കാനാണ് ശ്രമം.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിലെ ഉത്തരവാദപ്പെട്ടവരെല്ലാം പ്രതികരിച്ചുകഴിഞ്ഞു. അതിൽ കൂടുതലൊന്നും പറയാനില്ലെന്നും ഷാഫി പറഞ്ഞു.
രാഹുൽ വിഷയത്തിൽ ചോദ്യങ്ങളുമായി എത്തിയ മാധ്യമങ്ങളോട് വടകരയിലെ ദേശീയപാതയിലെ വിഷയങ്ങൾ കൂടി വാർത്തയാക്കണമെന്നും ഷാഫി പറമ്പിൽ അഭ്യർഥിച്ചു.
സർവീസ് റോഡുകളുടെ കുഴിയടയ്ക്കാനുള്ള നടപടിയെടുക്കണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് അഭ്യർഥിച്ചതായും ഇനിയും നടപടികൾ ഉണ്ടായില്ലെങ്കിൽ താൻ നേരിട്ട് സമരത്തിനിറങ്ങുമെന്നും ഷാഫി പറഞ്ഞു.
വിവാദ വിഷയങ്ങളില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ ഷാഫി പറമ്പിൽ സംരക്ഷിച്ചു എന്ന തരത്തില്‍ കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ആരോപണം ഉയർന്നെങ്കിലും ഇത് സംബന്ധിച്ച് ഷാഫി പ്രതികരിക്കാത്തത് നേരത്തേ വാർത്തകൾക്കിടയാക്കിയിരുന്നു. വിവാദത്തിനു പിന്നാലെ ഡൽഹിയിൽ ഷാഫിയെ കാണാൻ മാധ്യമപ്രവർത്തകർ എത്തിയെങ്കിലും പ്രതികരിക്കാതെ ഷാഫി ബിഹാറിലേക്ക് പോകുകയായിരുന്നു.
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാനാണു ഷാഫി ബിഹാറിലേക്ക് പോയത്. ശനിയാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ ഷാഫി വടകരയിൽ രാഹുൽ മാങ്കൂട്ടത്തിൽ സംബന്ധിച്ച വിഷയത്തിൽ പ്രതികരിക്കാമെന്നു രാവിലെ അറിയിക്കുകയായിരുന്നു.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് രാജിവെച്ച് വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷാഫിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് സ്ഥാനാഥിയാക്കാൻ നിര്‍ദേശിച്ചത്.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് വടകരയിൽ ഷാഫി പറമ്പിൽ എംപി പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു തടഞ്ഞതോടെ നേരിയ സംഘർഷാവസ്ഥയുണ്ടായി.
തുടർന്ന് പ്രവർത്തകർ നിലത്തു കുത്തിയിരുന്നു പ്രതിഷേധിച്ചു. രാഹുലിന്റെ സ്ത്രീ പീഡനത്തിനു സംരക്ഷണമൊരുക്കുന്നത് ഷാഫി പറമ്പിൽ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമാണെന്ന ഫ്ലക്സും വടകര ഡിവൈഎഫ്ഐ എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനത്തിൽ പ്രവർത്തകർ ഉയർത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]