
കോഴിക്കോട്∙ കോർപറേഷന്റെ സ്വപ്ന പദ്ധതികൾ പലതും പാതിവഴിയിൽ. മിഠായ് തെരുവിനു സമിപത്തെ ബഹുനില പാർക്കിങ് പ്ലാസ, സ്റ്റേഡിയത്തിനു സമീപത്തെ ബഹുനില പാർക്കിങ് പ്ലാസ, ബീച്ചിലെ ലയൺസ് പാർക്ക്, ടഗോർ ഹാളിന്റെ പുനർ നിർമാണം എന്നിവയെല്ലാം ഉദ്ദേശിച്ച വേഗത്തിൽ നടക്കാതെ ഇഴയുകയാണ്.
ഈ പദ്ധതികൾക്കായി പൊളിച്ചുനീക്കൽ മാത്രം തകൃതിയായി നടക്കുന്നുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്കുകൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് അശാസ്ത്രീയമായ പാർക്കിങ് ആണ്. റോഡരികിലും റോഡിൽ തന്നെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വലിയ ഗതാഗതക്കുരുക്കിനു കാരണമാകുന്നു.
ഇതിനു പരിഹാരമായാണ് കഴിഞ്ഞ കോർപറേഷൻ കൗൺസിലിന്റെ അവസാന കാലത്ത് നഗരത്തിൽ 2 ബഹുനില പാർക്കിങ് പ്ലാസകൾ ബിഒടി അടിസ്ഥാനത്തിൽ നിർമിക്കാൻ ഭരണസമിതി തീരുമാനം എടുത്തത്.
ഇതിനായി മലയാളികളുടെ ഉടമസ്ഥതയിൽ ഗൾഫിലുള്ള ഒരു കമ്പനിയുമായി കരാർ ഉണ്ടാക്കി. ഈ ഭരണസമിതി അധികാരത്തിലേറി 5 വർഷമാകാറായിട്ടും പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി പോലും നേടിയെടുക്കാനായിട്ടില്ല. സർക്കാർ അനുമതി ലഭിക്കുമെന്ന് കരുതി മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്കു സമീപം ഉണ്ടായിരുന്ന പഴയ കോർപറേഷൻ സത്രം ബിൽഡിങും അതിനോട് അനുബന്ധിച്ചുണ്ടായിരുന്ന കട
മുറികളുമെല്ലാം പൊളിച്ചിരുന്നു. 2 വർഷമായി നഗര മധ്യത്തിലുള്ള ഈ സ്ഥലം വെറുതെ കിടക്കുന്നു.
കഴിഞ്ഞ ഓണക്കാലത്ത് ഇവിടെ പാർക്കിങ് പ്ലാസയ്ക്ക് തറക്കല്ലിടുമെന്ന് കോർപറേഷൻ ഭരണാധികാരികൾ പറഞ്ഞിരുന്നെങ്കിലും സർക്കാർ അനുമതി ലഭിക്കാത്തതിനാൽ നീണ്ടുപോയി. 6 വർഷത്തിലേറെ വൈകിയ ഈ പദ്ധതി, ഇനി സർക്കാർ അനുമതി ലഭിച്ചാൽത്തന്നെ നടപ്പാകുന്ന കാര്യം സംശയമാണ്.
ബീച്ചിലെ ലയൺസ് പാർക്ക് നവീകരണത്തിന്റെ പേരിൽ പൊളിച്ചിട്ടിട്ട് 2 വർഷം പിന്നിട്ടു.
അമൃത് 02 പദ്ധതിയിൽ ഉൾപ്പെടുത്തി 7 കോടി രൂപ ചെലവഴിച്ചുള്ള നവീകരണമാണ് കുട്ടികളുടെ പാർക്കായിരുന്ന ലയൺസ് പാർക്കിൽ കോർപറേഷൻ ഉദ്ദേശിച്ചിരിക്കുന്നത്. എന്നാൽ സിആർസെഡിനു കീഴിൽ വരുന്ന ഈ സ്ഥലത്ത് നിർമാണനുമതി ലഭിക്കുന്നതിന് സംസ്ഥാനതല കമ്മിറ്റിയുടെ അനുവാദം ആവശ്യമാണ്.
ഇതു ലഭിക്കാത്തതിനാൽ പദ്ധതി പ്രവർത്തനം ഇഴയുകയാണ്. എന്നാൽ നേരത്തേ ഇവിടെയുണ്ടായിരുന്ന കുട്ടികളുടെ പാർക്ക് നവീകരണത്തിന്റെ പേരിൽ പൊളിച്ചു നീക്കുകയും ഇവിടെ കുട്ടികൾക്ക് കളിക്കാനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്തു. കഴിഞ്ഞ 2 വർഷമായി സന്ധ്യയായാൽ ഇവിടം സാമൂഹികവിരുദ്ധരുടെ താവളമാണ്.
പരസ്യ മദ്യപാനവും ലഹരി കച്ചവടവും എല്ലാമായി, രാത്രി ഈ പരിസരത്ത് കൂടെ വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.അതേസമയം, ലയൺസ് പാർക്ക് നവീകരണം സംബന്ധിച്ച് സാങ്കേതിക അനുമതിക്കായി തിരുവനന്തപുരത്തെ ചീഫ് എൻജിനീയർക്ക് അപേക്ഷ നൽകിയിരിക്കയാണെന്നും അനുമതി കിട്ടിയാൽ ഉടൻ ടെൻഡർ നടപടികൾ തുടങ്ങുമെന്നുമാണ് കോർപറേഷൻ അധികൃതർ പറയുന്നത്. ടഗോർ ഹാളിന്റെ പുനർ നിർമാണത്തിന്റെ കാര്യവും ഇതേ അവസ്ഥയിലാണ്.
ചോർന്നൊലിച്ച് ഉപയോഗ ശൂന്യമായതിനെ തുടർന്നാണ് ടഗോർഹാൾ 68 കോടി രൂപ ചെലവഴിച്ച് പുനർ നിർമിക്കാൻ കോർപറേഷൻ തീരുമാനിച്ചത്. പൊതുമേഖലാ സ്ഥാപനമായ കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ (കെയുആർഡിസി) നിന്ന് ആവശ്യമായ തുക വായ്പ വാങ്ങാമെന്ന തീരുമാനത്തിലാണ് പഴയ ടഗോർ ഹാൾ പൊളിച്ചു നീക്കിയത്.
2000 പേർക്കിരിക്കാവുന്ന കൺവൻഷൻ സെന്ററും 150 പേർക്ക് ഇരിക്കാവുന്ന മിനി ഹാളും 3 തിയറ്ററുകളും പുസ്തകശാലകളും കോഫി ഷോപ്പുകളും അടങ്ങിയതാണ് പുതിയ ടഗോർ ഷോപ്പിങ് കോംപ്ലക്സ്.
ഓപ്പൺ ആംഫി തിയറ്റർ, കവിത തെരുവ്, സായാഹ്ന നടത്തത്തിന് ആവശ്യമായ സൗകര്യങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് പുതിയ ടഗോർഹാൾ സമുച്ചയം. ഇതിന്റെ പുനർ നിർമാണവും സാങ്കേതിക അനുമതി കാത്ത് തിരുവനന്തപുരത്തെ ചീഫ് എൻജിനീയറുടെ ഓഫിസിലാണ്.
സാങ്കേതിക അനുമതി ലഭിച്ചാൽ മാത്രമേ കെയുആർഡിസി വായ്പ അനുവദിക്കു. ഇവ കിട്ടുന്ന മുറയ്ക്ക് ടെൻഡർ നടപടികളിലേക്കു കടക്കാനാണ് കോർപറേഷൻ ഉദ്ദേശിക്കുന്നത്. നവംബറിൽ കാലാവധി അവസാനിക്കുന്നതിനു മുൻപ് ബീച്ച് ലയൺസ് പാർക്കിന്റെയും ടഗോർ ഹാൾ പുനർ നിർമാണത്തിന്റെയും പ്രവൃത്തി തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ ഭരണാധികാരികൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]