
കൽപറ്റ ∙ കേരളത്തിൽ വന്യജീവി ശല്യം തീവ്രമായി ബാധിക്കുന്ന 9 തദ്ദേശസ്ഥാപനങ്ങളിൽ 6 ഉം വയനാട്ടിൽ. കഴിഞ്ഞദിവസം വനംവകുപ്പ് പ്രസിദ്ധീകരിച്ച ‘മനുഷ്യ–വന്യജീവി സംഘർഷ ലഘൂകരണവും നിവാരണവും’ എന്ന നയസമീപന കരടുരേഖയിലാണ് ഈ കണക്ക്.
തീവ്ര സംഘർഷബാധിതം, സംഘർഷ ബാധിതം എന്നിങ്ങനെ വന്യജീവി സംഘർഷത്തിന്റെ രൂക്ഷത അടിസ്ഥാനമാക്കി സംസ്ഥാനത്താകെ 30 തദ്ദേശസ്ഥാപനങ്ങളെ ഉൾപ്പെടുത്തിയ ഹോട്സ്പോട്ട് പട്ടികയിൽ വയനാട്ടിൽനിന്നു മാത്രം 11 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. ഇതിൽ തീവ്രസംഘർഷബാധിതമായ 6 തദ്ദേശസ്ഥാപനങ്ങളും വയനാട്ടിലാണ്.
മാനന്തവാടി, ബത്തേരി നഗരസഭകളിലും നൂൽപുഴ, പനമരം, തിരുനെല്ലി, തവിഞ്ഞാൽ പഞ്ചായത്തുകളിലുമാണു സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായ വന്യജീവി ശല്യം.
കൂടാതെ മീനങ്ങാടി, മുള്ളൻകൊല്ലി, പൂതാടി, പുൽപള്ളി, വെള്ളമുണ്ട പഞ്ചായത്തുകളും സംഘർഷബാധിത തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയിലുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ വന്യജീവി ശല്യ ഹോട്സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെട്ട ജില്ലയും വയനാടാണ്.
ഈ മേഖലകളിലെ വന്യജീവി ശല്യ ലഘൂകരണത്തിനു പഞ്ചായത്ത് അടിസ്ഥാനത്തിൽ മാർഗരേഖ തയാറാക്കും.
പൊതുജനപങ്കാളിത്തത്തോടെ പ്രാദേശികാടിസ്ഥാനത്തിൽ വന്യജീവി ശല്യം ലഘൂകരിക്കും. തദ്ദേശീയവും പരമ്പരാഗതവുമായ നാട്ടറിവുകളെയും ആദിവാസി വിഭാഗങ്ങളുടെ തനതു പ്രതിരോധരീതികളെയും ആശ്രയിക്കും.
ആർആർടികൾക്കു കൂടുതൽ സുരക്ഷാ ഉപകരണങ്ങളും ആയുധങ്ങളും ലഭ്യമാക്കും. ഇവയ്ക്കായി പ്രത്യേകം ടൂൾ റൂമുകളും തയാറാക്കും.
ആർആർടികൾക്കു പരിശീലനം നൽകാനുൾപ്പെടെ 3 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
ഡിവിഷൻ തലത്തിൽ പ്രവർത്തിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററുകൾക്കു കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തും. വനത്തിനുള്ളിൽ കൂടുതൽ ചെക്ഡാമുകൾ നിർമിച്ച് ശുദ്ധജലം ഉറപ്പാക്കും.
വാച്ച്ടവറുകൾ കൂടുതലായി നിർമിക്കുകയും ജനവാസമേഖലകളിൽ സൗരോർജവിളക്കുകൾ സ്ഥാപിക്കുകയും ചെയ്യും. തെർമൽ സെൻസർ ഡ്രോണുകൾ, എഐ ക്യാമറകൾ, റേഡിയോ കോളർ എന്നിവ വാങ്ങുന്നതിനായി കിഫ്ബി വഴി 25 കോടി രൂപയുടെ ഭരണാനുമതിയായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]